ബംഗളൂരു: 2022ലാണ് ഇലക്ട്രിക് ത്രീ വീലർ വിപണിയിലേക്ക് മോൺട്ര കടന്നുവരുന്നത്. ചുരുങ്ങിയ സമയംകൊണ്ട് ജനഹൃദയങ്ങൾ കീഴടക്കാൻ ഈ ഇ.വി ഓട്ടോകൾക്ക് സാധിച്ചു. 'കുറഞ്ഞ ചെലവിൽ ഉയർന്ന റേഞ്ച്' എന്ന ടാഗ്‌ലൈനിൽ തിളങ്ങുന്ന ഇ.വി പാസഞ്ചർ ഓട്ടോകൾക്ക് കൂട്ടായി സൂപ്പർ കാർഗോ ഓട്ടോകൾ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മുരുഗപ്പ ഗ്രൂപ്പുമായി സഹകരിച്ചാണ് സൂപ്പർ കാർഗോ ഇ.വി ഓട്ടോകൾ നിരത്തിലെത്തുന്നത്.
1.2 ടൺ ഭാരമുള്ള സൂപ്പർ കാർഗോ ഓട്ടോകളുടെ കരുത്ത് 13.8 kWh ലിഥിയം-അയോൺ ബാറ്ററിയാണ്. ഇത് 70 എൻ.എം പീക്ക് ടോർക്കും 11kW ഉയർന്ന പവറും നൽകും. 580 കിലോഗ്രാം ഭാരം വഹിക്കാൻ സാധിക്കുന്ന ഈ ഓട്ടോക്ക് ഒറ്റ ചാർജിൽ 200+ കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. സ്റ്റീൽ ലോഹത്തിലാണ് വാഹനത്തിന്റെ നിർമ്മാണം. കൂടാതെ സൂപ്പർ കാർഗോ ഇ.വിക്ക് മറ്റ് ത്രീ വീലറുകളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന വീൽ ബേസും കമ്പനി നൽകുന്നുണ്ട്.
സുരക്ഷക്ക് മുൻഗണന നൽകുന്നതിനാൽ മുൻവശത്ത് ഡിസ്ക് ബ്രേക്കാണ് നൽകിയിട്ടുള്ളത്. കൂടാതെ ഹിൽ ഹോൾഡ് ഫങ്ക്ഷൻ, റിവേഴ്‌സ് അസിസ്റ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയവയും സൂപ്പർ കാർഗോ ഇ.വിയിലുണ്ട്. കൂടാതെ സുഖകരമായി വാഹനമോടിക്കാൻ ഒന്നിലധികം ഡ്രൈവ് മോഡുകളും മോൺട്ര ഓട്ടോയിൽ സജ്ജീകരിച്ചിട്ടുണ്ട്.
മോൺട്ര ഇലക്ട്രിക് സൂപ്പർ കാർഗോ ഓട്ടോയുടെ ബുക്കിങ് ആരംഭിച്ചതായി കമ്പനി അറിയിച്ചു. 90 നഗരങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ഷോറൂം വഴിയും ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഈ വാഹനം ബുക്ക് ചെയ്യാം. ഇ.സി.എക്സ് പിക് അപ്പ്, ഇ.സി.എക്സ് ഡി കണ്ടെയ്നർ, ഇ.സി.എക്സ് ഡി+ ലാർജ് കണ്ടെയ്നർ എന്നീ മൂന്ന് വകഭേദങ്ങളിലാണ് മോൺട്ര സൂപ്പർ കാർഗോ ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.