സി 3 എയർക്രോസിന്‍റെ വില പ്രഖ്യാപിച്ച്​ സിട്രൺ; 25000 രൂപ നൽകി ബുക്ക്​ ചെയ്യാം

ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ സി 3 എയർക്രോസ്​ എസ്​.യു.വിയുടെ വില പ്രഖ്യാപിച്ചു. ബേസ്​ വേരിയന്‍റിന്‍റെ ആമുഖ വിലയാണ്​ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്​. എസ്​.യു.വിയുടെ അഞ്ച് സീറ്റർ വേരിയന്റിന് 9.99 ലക്ഷം രൂപയാണ് പ്രാരംഭ വിലയായി നിശ്ചയിച്ചിരിക്കുന്നത്. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ ടോക്കൺ തുക നൽകി സി 3 എയർക്രോസ് ഇപ്പോൾ ബുക്ക് ചെയ്യാം.

ഹ്യുണ്ടായി ക്രെറ്റയും മാരുതി ഗ്രാൻഡ് വിറ്റാരയും കിയ സെൽറ്റോസുമെല്ലാം അരങ്ങുവാഴുന്ന മിഡ്-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹന സെഗ്മെന്റിലേക്കാണ്​ സി 3 എത്തുന്നത്​.എതിരാളികളിൽ നിന്നും വ്യത്യസ്‌തമായി 5 സീറ്റർ, 7 സീറ്റർ ഓപ്ഷനുകളിൽ പുതിയ മോഡൽ ലഭ്യമാകും. എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ മത്സരാധിഷ്ഠിതമായാണ്​ വാഹനത്തിന്​ വില നിശ്​ചയിച്ചിരിക്കുന്നത്​. സിട്രൺ പ്ലസ് ട്രിമ്മിന് 11.30 ലക്ഷം മുതൽ 11.45 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു. റേഞ്ച് ടോപ്പിങ്​ മാക്‌സ് ട്രിമ്മിന് 11.95 മുതൽ 12.10 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. പ്ലസ്, മാക്സ് ട്രിമ്മിനുള്ള 7 സീറ്റ് കോൺഫിഗറേഷൻ വാങ്ങാൻ 35,000 രൂപ അധികമായി മുടക്കണം. പ്ലസ്, മാക്‌സ് ട്രിമ്മുകൾക്കായി റിസർവ് ചെയ്‌തിരിക്കുന്ന ഡ്യുവൽ ടോൺ പെയിന്റും വൈബ് പാക്കും യഥാക്രമം 20,000 രൂപയ്ക്കും 25,000 രൂപയ്ക്കും ലഭിക്കും.

സാധാരണക്കാരെ ലക്ഷ്യംവെച്ച് പുറത്തിറക്കിയ സി3 പ്രീമിയം ഹാച്ചിനെ അടിസ്ഥാനമാക്കിയാണ് സിട്രൺ സി3 എയർക്രോസ് നിർമിച്ചിരിക്കുന്നത്. വാഹനത്തിന്റെ ലൈറ്റിങ് സി3 ഹാച്ച്ബാക്കിന് സമാനമാണ്. എന്നാൽ ഫ്രണ്ട് ഗ്രിൽ, എയർ ഡാം, സ്കിഡ് പ്ലേറ്റ്, ഫോഗ് ലാമ്പുകൾ തുടങ്ങിയ മറ്റ് ഘടകങ്ങൾ തീർത്തും വ്യത്യസ്തമാ​ണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാവും. അലോയ് വീലുകളിലെ പെന്റഗണൽ പാറ്റേണും എസ്.യു.വിക്ക് യോജിച്ചതാണ്.


ഫിയറ്റ് കാറുകളിലും ഉപയോഗിക്കുന്ന സിഎംപി മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് നിർമാണം. 4.3 മീറ്റർ നീളമുള്ള വാഹനത്തിന് 2671 എം.എം വീൽബേസും 200 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. 5 സീറ്റർ വേരിയന്റിന് 511 ലിറ്ററാണ് ബൂട്ട് സ്പേസ്. മൂന്നാംനിര സീറ്റുകൾ ഉള്ളതിനാൽ ഈ വേരിയന്റിൽ ബൂട്ട് സ്​പെയ്സ് തുച്ഛമാണ്. എന്നാൽ സീറ്റുകൾ മടക്കിയിട്ടാൽ 7 സീറ്റർ പതിപ്പിലും 500 ലിറ്ററോളം ബൂട്ട്സ്​പെയ്സ് ലഭിക്കും.

പൂർണമായ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ സിട്രൺ സി3 എയർക്രോസ് വാഗ്ദാനം ചെയ്യുന്നു. വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ഡാഷ്‌ബോർഡ് ഡിസൈനും ഉള്ള 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണുള്ളത്. ഇന്റർനെറ്റ് കണക്റ്റഡ് സ്മാർട്ട് ഫീച്ചറുകളുടെ ഒരു സമഗ്ര ശ്രേണിയും വാഹനത്തിലുണ്ട്. മൈ സിട്രൺ കണക്‌ട് ആപ്പ് വഴി ഇവ സജ്ജീകരിക്കാനാവും.


എസ്‌യുവിയുടെ 7 സീറ്റർ പതിപ്പിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിരയിൽ യാത്രക്കാർക്ക് ബ്ലോവർ കൺട്രോളിനൊപ്പം റൂഫ് മൗണ്ടഡ് എസി വെന്റുകളുണ്ടാകും. മൂന്നാം നിര യാത്രക്കാർക്ക് യുഎസ്ബി ചാർജിങ് പോർട്ടുകളും നൽകുന്നുണ്ട്.

സി3 എയർക്രോസിനുള്ള എഞ്ചിൻ ഓപ്ഷനുകൾ സി3 ഹാച്ച്ബാക്കിൽ നിന്ന് കടമെടുത്തതാണ്. 110 bhp നൽകുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനായിരിക്കും വാഹനത്തിന് തുടിപ്പേകുക. ഗിയർബോക്‌സ് ഓപ്ഷനിൽ മാനുവൽ, ഓട്ടോമാറ്റിക് എന്നവ തെരഞ്ഞെടുക്കാനാവും.

സുരക്ഷക്കായി 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, പാർക്കിങ് സെൻസറുകളുള്ള റിയർ വ്യൂ ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഇലക്‌ട്രോണിക് ബ്രേക്ക്ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനുള്ള ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം എന്നിവയെല്ലാം ലഭിക്കും.

യു, പ്ലസ്, മാക്‌സ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് വാഹനം വിപണിയിൽ എത്തുന്നത്. നാല് സിംഗിൾ-ടോൺ, ആറ് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലും സിട്രൺ C3 എയർക്രോസ് വാങ്ങാനാവും. പോളാർ വൈറ്റ്, സ്റ്റീൽ ഗ്രേ, പ്ലാറ്റിനം ഗ്രേ, കോസ്മോ ബ്ലൂ, പോളാർ വൈറ്റ് വിത്ത് ഗ്രേ റൂഫ്, പോളാർ വൈറ്റ് വിത്ത് ബ്ലൂ റൂഫ്, സ്റ്റീൽ ഗ്രേ വിത്ത് വൈറ്റ് റൂഫ്, സ്റ്റീൽ ഗ്രേ വിത്ത് ബ്ലൂ റൂഫ്, പ്ലാറ്റിനം ഗ്രേ വിത്ത് വൈറ്റ് റൂഫ്, കോസ്മോ ബ്ലൂ വിത്ത് വൈറ്റ് റൂഫ് എന്നിവയാണ് അവ.

Tags:    
News Summary - Citroen C3 Aircross prices start at Rs 9.99 lakh; bookings open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.