മാരുതി സുസുകി സ്വിഫ്റ്റ് ഡിസയർ
രാജ്യത്തെ വാഹന വിൽപ്പനയിൽ മാരുതി സുസുകി സ്വിഫ്റ്റ് ഡിസയറിന്റെ ആധിപത്യം തുടരുന്നു. ഇത് രണ്ടാം തവണയാണ് സ്വിഫ്റ്റ് ഡിസയർ വിൽപ്പനയിൽ ഒന്നാമതെത്തുന്നത്. ഒക്ടോബർ മാസത്തിലെ വിൽപ്പനയിൽ എസ്.യു.വികളെ പിന്നിലാക്കി 20,791 യൂനിറ്റ് സ്വിഫ്റ്റ് ഡിസയർ സെഡാൻ മോഡലുകൾ മാരുതി നിരത്തിലിറക്കി. തൊട്ടുപിന്നിൽ 20,087 യൂനിറ്റ് വിൽപ്പന നടത്തി എം.പി.വി സെഗ്‌മെന്റിൽ എർട്ടിഗ രണ്ടാംസ്ഥാനം കരസ്ഥമാക്കി. ഹാച്ച്ബാക്ക് വിഭാഗത്തിലെ വാഗൺ ആറാണ് മൂന്നാം സ്ഥാനത്തുള്ളത്. 18,381 യൂനിറ്റുകൾ വിൽപ്പന നടത്താൻ വാഗൺ ആറിന് സാധിച്ചു.
മാരുതിയുടെ വാഹനനിരയിൽ തിരിച്ചടി നേരിട്ടത് ഗ്രാൻഡ് വിറ്റാരക്കാണ്. ഏറ്റവും പുതിയ എസ്.യു.വിയായ വിക്ടോറിസ് വിൽപ്പനയിൽ ഗ്രാൻഡ് വിറ്റാരയെ പിന്തള്ളി. 13,496 യൂനിറ്റ് വാഹങ്ങൾ വിക്ടോറിസ് നിരത്തുകളിൽ എത്തിച്ചപ്പോൾ 10,409 യൂനിറ്റുകൾ മാത്രമേ ഗ്രാൻഡ് വിറ്റാരക്ക് വിൽക്കാൻ കഴിഞ്ഞൊള്ളൂ.
പുതിയ മാസം ആരംഭിച്ചതോടെ മൂന്ന് കോടി വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ട മാരുതി സുസുക്കിയെ സംബന്ധിച്ചിടത്തോളം ഒക്ടോബർ ഒരു മികച്ച മാസമായിരുന്നു. ജിംനി കയറ്റുമതി ചെയ്തതിലൂടെയും മാരുതി ഇതേ മുന്നേറ്റം തുടർന്നു. ജപ്പാനിൽ നടന്ന മൊബിലിറ്റി എക്സ്പോയിൽ പുതിയ എട്ട് എസ്.യു.വികൾ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഫ്ളക്സ് ഫ്യൂവൽ എൻജിൻ വകബേദത്തിൽ സൂപ്പർ സെല്ലിങ് കാറായ ഫ്രോങ്‌സും ബയോഗ്യാസ് വേരിയന്റിൽ വിക്ടോറിസും മാരുതി ജപ്പാനിൽ പ്രദർശിപ്പിച്ചു.
ഇലക്ട്രിക് മോഡലിലും പരീക്ഷണം നടത്തുന്ന മാരുതി സുസുകി, ഇലക്ട്രിക് എസ്.യു.വിയായ ഇ-വിറ്റാര അടുത്തമാസം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജനപ്രിയ മോഡലുകൾ വിപണിയിൽ അവതരിപ്പിക്കുന്നതിൽ ഏറ്റവും മുന്നിലാണ് മാരുതി സുസുകി. മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്കായ സ്വിഫ്റ്റിനും ഒക്ടോബർ മാസത്തിൽ 15,547 യൂണിറ്റുകൾ വിൽക്കാൻ സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.