ന്യൂഡൽഹി: ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർസ് പുതിയ ഓഫറുകളുമായി ഇന്ത്യൻ വിപണിയിൽ. നവരാത്രിയോടനുബന്ധിച്ചാണ് കമ്പനിയുടെ ഈ നീക്കം. 'ഇപ്പോൾ വാങ്ങൂ, നവരാത്രിയിൽ പണമടക്കൂ' എന്ന ആകർഷകമായ ടാഗ്‌ലൈനോട് കൂടി വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ചാണ് ഈയൊരു ഓഫർ ടൊയോട്ട പ്രഖ്യാപിച്ചത്. തെരെഞ്ഞെടുത്ത വാഹനങ്ങൾക്കാണ് ഈ ഓഫർ ഉണ്ടാകുകയെന്ന് കമ്പനി അറിയിച്ചു. ഇ.എം.ഐ വ്യവസ്ഥയിൽ വാഹനം സ്വന്തമാക്കുകയാണെങ്കിൽ നവരാത്രിയിൽ ആദ്യ പേയ്മെന്റ് അടച്ചാൽ മതിയാകും. അത് വരെയുള്ള മൂന്ന് മാസം നാമമാത്ര ഇ.എം.ഐ തുകയായ 99 രൂപമാത്രം അടച്ചാൽ മതി.
ടൊയോട്ടയുടെ സബ് കോംപാക്ട് വാഹനമായ ഗ്ലാൻസ, എസ്.യു.വി സെഗ്‌മെന്റിലെ അർബൻ ക്രൂയിസർ, ഹൈറൈഡർ എന്നീ വാഹനങ്ങൾക്കാണ് നിലവിൽ ഈ ഓഫർ ഉള്ളത്. 2025 ജൂൺ 30 വരെയാണ് ഈ ആനുകൂല്യം നിലവിലുണ്ടാവുക. ടൊയോട്ട ഫിനാൻഷ്യൽ സർവീസുമായി (ടി.എഫ്.എസ്) ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. നവരാത്രി ആനുകൂല്യങ്ങൾക്ക് പുറമെ ഒരു ലക്ഷം രൂപവരെയുള്ള കിഴിവുകളും ടൊയോട്ട പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വാഹനം സ്വന്തമാക്കുന്നവർക്ക് ആദ്യത്തെ അഞ്ച് സർവീസുകൾ സൗജന്യമായി നൽകുമെന്ന് ടൊയോട്ട അറിയിച്ചു. ഉപഭോക്താക്കളുമായി മികച്ച സൗഹൃദം നിലനിർത്തി ഫെസ്റ്റിവൽ സമയങ്ങളിൽ വിൽപന വർധിപ്പിക്കുക എന്ന് ലക്ഷ്യം വെച്ചാണ് ടൊയോട്ട കിർലോസ്കർ മോട്ടോഴ്സിന്റെ ഈയൊരു നീക്കം. താൽപര്യമുള്ള ഉപഭോക്താക്കൾ ജൂൺ 30ന് മുമ്പ് അടുത്തുള്ള ഷോറൂമിൽ ചെന്ന് ഓഫറുകൾ പരിശോധിച്ചശേഷം വിജയകരമായി ബുക്കിങ് പൂർത്തീകരിക്കാമെന്ന് ടൊയോട്ട നോർത്ത് റീജിയൻ വൈസ് പ്രസിഡന്റ് ശബരി മനോഹർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.