representational image
ന്യൂഡല്‍ഹി: വാഹനങ്ങൾക്ക് പുതിയ രജിസ്ട്രേഷനായ 'ബിഎച്ച് സീരീസ്' (ഭാരത് സീരീസ്) അവതരിപ്പിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. ഇതനുസരിച്ച് വാഹനങ്ങൾക്ക് സംസ്ഥാനങ്ങൾ മാറുേമ്പാൾ വീണ്ടും രജിസ്ട്രേഷൻ വേണ്ട.
നിലവിൽ ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് 12 മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കാനോ കൈവശം വെക്കാനോ സാധിക്കില്ല. സംസ്ഥാനം മാറിയാൽ വീണ്ടും രജിസ്റ്റർ ചെയ്യണം. ആ നടപടിയാണ് അവസാനിക്കുന്നത്. പുതിയ രജിസ്ട്രേഷൻ സംവിധാനത്തിൽ റോഡ് നികുതിയിലും മാറ്റം വരും. പൂർണമായും ഓൺലൈൻ വഴിയാണ് നടപടികൾ. സെപ്റ്റംബർ 15 മുതൽ ബിഎച്ച് സീരീസ് നടപ്പിലാവും.
കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍, സൈനിക-സുരക്ഷ ഉദ്യോഗസ്ഥർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍, നാലിലധികം സംസ്ഥാനങ്ങളിലോ കേന്ദ്ര ഭരണ പ്രദേശങ്ങളിലോ ഓഫിസുകളുള്ള സ്വകാര്യ മേഖല ജീവനക്കാര്‍ എന്നിവര്‍ക്കാണ് നിലവിൽ ബിഎച്ച് സീരീസ് അനുവദിക്കുക. രജിസ്ട്രേഷൻ നടപടിക്രമങ്ങളിൽ സർക്കാർ ജീവനക്കാരാണെങ്കിൽ ഔദ്യോഗിക തിരിച്ചറിയൽ രേഖയും സ്വകാര്യ മേഖലയിലുള്ളവർ വർക്കിങ് സർട്ടിഫിക്കറ്റും നൽകണം.
ബിഎച്ച് സീരീസിൽ റോഡ് നികുതി വാഹനത്തിെൻറ ഇൻവോയ്സ് വിലയുടെ അടിസ്ഥാനത്തിലാണ് അടക്കേണ്ടത്. ഇതിനായി പ്രത്യേക പോർട്ടൽ തയാറാക്കും. വാഹനത്തിെൻറ വില 10 ലക്ഷത്തിന് താഴെയാണെങ്കിൽ എട്ട് ശതമാനമാണ് നികുതി. 10 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിലാണെങ്കിൽ 10 ശതമാനവും 20 ലക്ഷത്തിന് മുകളിൽ 12 ശതമാനവുമായിരിക്കും.
ഡീസല്‍ വാഹനങ്ങളാണെങ്കിൽ രണ്ടു ശതമാനം അധിക നികുതി നൽകണം. ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് നികുതിയിൽ രണ്ടു ശതമാനം കുറവ് മതി. നിലവിൽ 15 വര്‍ഷത്തേക്കാണ് നികുതി ഈടാക്കുന്നത്. എന്നാൽ, ബിഎച്ച് സീരീസിൽ ഇലക്ട്രോണിക് രീതിയില്‍ രണ്ടു വര്‍ഷത്തേക്കോ രണ്ടിെൻറ ഗുണിതങ്ങളായിട്ടുള്ള വര്‍ഷങ്ങളിലേക്കോ ആണ് ഈടാക്കുക. നികുതി അടക്കുന്നത് വൈകിയാൽ ഏഴു ദിവസത്തിന് ശേഷമുള്ള ഓരോ ദിവസത്തിനും 100 രൂപയാണ് പിഴ.
ബിഎച്ച് സീരീസ് വരുന്നതോടെ നമ്പർ പ്ലേറ്റിലെ രീതിയിലും മാറ്റം വരും. വാഹനം രജിസ്റ്റർ ചെയ്ത വര്‍ഷത്തിെൻറ അവസാന രണ്ടക്കം ആദ്യം ഉപയോഗിക്കും. തുടർന്ന് ബിഎച്ച് എന്ന് രേഖപ്പെടുത്തും. ശേഷം നാലക്ക നമ്പറും തുടർന്ന് രജിസ്ട്രേഷൻ ക്രമം അനുസരിച്ചുള്ള ഇംഗ്ലീഷ് അക്ഷരവും വരും (എ/ബി/സി/... മുതൽ എഎ/എബി... എന്നിങ്ങനെ).
ഉദാഹരണത്തിന് 2021ൽ രജിസ്ട്രേഷൻ നടത്തുന്ന വാഹനമാണെങ്കിൽ 21 BH 0000 AA എന്നായിരിക്കും. അതേസമയം അക്കങ്ങളുമായി സാമ്യം വരുന്നതിനാൽ ഐ, ഒ എന്നീ അക്ഷരങ്ങൾ നമ്പർ പ്ലേറ്റിൽ ഉപയോഗിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.