ബേബി ലാൻഡ് ക്രൂയിസർ എഫ്.ജെ 

ബേബി ലാൻഡ് ക്രൂയിസർ എഫ്.ജെ ഇന്ത്യയിലേക്ക്; ഡീസൽ വാഹനപ്രേമികൾക്ക് നിരാശ!

ജപ്പാൻ മൊബിലിറ്റി എക്സ്പോ 2025ൽ ടൊയോട്ട പ്രദർശിപ്പിച്ച ലാൻഡ് ക്രൂയിസറിന്റെ ബേബി ക്രൂയിസർ എഫ്.ജെ ഇന്ത്യയിലേക്ക്. 2028ന്റെ രണ്ടാം പാദത്തിൽ വാഹനം വിപണിയിൽ എത്തുമെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. രാജ്യത്ത് ടൊയോട്ടയുടെ പുതിയ നിർമാണ കേന്ദ്രമായ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ പ്ലാന്റിൽ നിന്നുമാണ് വാഹനം നിരത്തുകളിൽ എത്തിക്കുക.

നേരത്തെ ടൊയോട്ട ലാൻഡ് ക്രൂയിസർ എഫ്.ജെ തായ്‌ലൻഡിൽ നിന്നും നിർമിക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നിരുന്നാലും, എസ്‌.യു.വി ഇന്ത്യയിൽ നിർമിക്കുമെന്നാണ് 'ഓട്ടോകാർ ഇന്ത്യ'യുടെ അവകാശവാദം. പുതിയ ഛത്രപതി സംഭാജിനഗർ പ്ലാന്റിൽ നിന്നും പുറത്തിറങ്ങുന്ന ആദ്യ വാഹനമാകും ക്രൂയിസർ എഫ്.ജെ. പുതിയ പ്ലാന്റ് ജാപ്പനീസ് നിർമാതാക്കളായ കമ്പനിയുടെ ആഭ്യന്തര വിപണിയിലും കയറ്റുമതിയിലും വിപ്ലവകരമായ മാറ്റം കൊണ്ടുവരും. ഇതിനായി 26,000 കോടി രൂപയുടെ നിക്ഷേപമാണ് ടൊയോട്ട രാജ്യത്ത് നടത്തിയിട്ടുള്ളത്.


2028ൽ നിരത്തുകളിൽ എത്തുന്ന എസ്.യു.വി വാർഷികാടിസ്ഥാനത്തിൽ 89,000 യൂനിറ്റുകൾ നിർമിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതിൽ ഏകദേശം 40,000 യൂനിറ്റുകൾ മിഡിൽ ഈസ്റ്റ് പോലുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ നിർമിക്കുന്ന മറ്റ് വാഹനങ്ങളെപ്പോലെ ബേബി ലാൻഡ് ക്രൂയിസർ എഫ്‌.ജെയ്ക്കും ഉയർന്ന തോതിലുള്ള പ്രാദേശികവൽക്കരണമാണ് കമ്പനിയുടെ ലക്ഷ്യം.

4,575 എം.എം നീളവും 1,855 എം.എം വീതിയും 1,960 എം.എം ഉയരവും 2,580 എം.എം വീൽബേസും വരുന്ന എസ്.യു.വിയുടെ ആകെഭാരം 1,900 കിലോഗ്രാമാണ്. ക്രൂയിസർ എഫ്.ജെ മോഡലിനെ ടൊയോട്ട ഫോർച്യൂണറുമായി താരതമ്യം ചെയ്യുമ്പോൾ ഫോർച്യൂണർ 220 എം.എം വലുതാണ്.

പെട്രോൾ വകഭേദത്തിൽ വിപണിയിൽ എത്താൻ പോകുന്ന മോഡലിൽ 2ടി.ആർ-എഫ്.ഇ 2.7-ലിറ്റർ എഞ്ചിനാണുള്ളത്. 163 ബി.എച്ച്.പി കരുത്തും 246 എൻ.എം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ എൻജിൻ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോഡിയാക്കിയിരിക്കുന്നത്. ഈ എൻജിനെ കൂടാതെ 2.7-ലിറ്റർ പെട്രോൾ സ്ട്രോങ്ങ് ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് വകഭേദവും ടൊയോട്ട ബേബി ലാൻഡ് ക്രൂയിസർ എഫ്.ജെക്ക് ലഭിക്കും. 

Tags:    
News Summary - Baby Land Cruiser FJ arrives in India; Diesel car lovers disappointed!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.