വലിയ വാഹനങ്ങളിലെ അപകടക്കെണി

വലിയ വാഹനങ്ങളായ ബസ്, ലോറി എന്നിവയുടെ തൊട്ടടുത്ത്/നേരെ മുന്നിൽ ചേർന്നുനിൽക്കുന്ന ആളുകളെ ഡ്രൈവർക്ക് കാണാൻ സാധിക്കാതെ വരുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ‘ബസിറങ്ങി ബസിനു തൊട്ടു മുന്നിലൂടെ റോഡ് ക്രോസ് ചെയ്യവേ അതേ ബസ് കയറിയിറങ്ങി യാത്രക്കാരൻ മരിച്ചു’. ഇത്തരത്തിലുള്ള വാർത്തകൾ മിക്കപ്പോഴും നാം വായിക്കാറുണ്ട്. പലപ്പോഴും ബസുകാരെ കാര്യമറിയാതെ നാം കുറ്റപ്പെടുത്താറുമുണ്ട്. ചിലതിലൊക്കെ ബസുകാരും കുറ്റക്കാരാണെന്നത് വേറൊരു കാര്യം.

എന്താണ് ബ്ലൈൻഡ് സ്പോട്ട്?

ഒരു വാഹനത്തിന്റെ ഡ്രൈവർ സീറ്റിലിരിക്കുന്ന വ്യക്തിക്ക് കണ്ണാടികളിലൂടെയോ നേരിട്ടോ കാണാൻ കഴിയാത്ത, വാഹനത്തിന് ചുറ്റുമുള്ള ഭാഗങ്ങളെയാണ് ബ്ലൈൻഡ് സ്പോട്ട് എന്ന് വിളിക്കുന്നത്. വലിയ വാഹനങ്ങളിൽ ഇവ വളരെ കൂടുതലായിരിക്കും. വലിയ ബസുകളുടെയും ട്രക്കുകളുടെയും കാബിൻ ഉയരത്തിലായതിനാൽ, ബോണറ്റിന് തൊട്ടുതാഴെ ആരെങ്കിലും ഉണ്ടെങ്കിൽ ഡ്രൈവർക്ക് കാണാൻ കഴിയില്ല.

വശങ്ങളിലെ കണ്ണാടികൾക്ക് ഒരു പരിധിയുണ്ട്. പിൻചക്രത്തിന് അടുത്തുള്ള ഭാഗങ്ങൾ പലപ്പോഴും ഈ കണ്ണാടികളിൽ തെളിയില്ല. വാഹനത്തിന്റെ തൊട്ടുപിന്നിലുള്ള ഭാഗം പൂർണമായും ഡ്രൈവറുടെ കാഴ്ചക്ക് പുറത്താണ്. ബസിൽ നിന്നും ഇറങ്ങിയ ശേഷം ബസിനു തൊട്ടുചേർന്ന് മുന്നിലൂടെ മറികടന്ന് നടക്കാതിരിക്കുക.

എന്താണ് ബ്ലാക്ക് സ്പോട്ട്?

വാഹനത്തിന്റെ ഭാഗമല്ല, മറിച്ച് റോഡിലെ പ്രത്യേക സ്ഥലങ്ങളെയാണ് ബ്ലാക്ക് സ്പോട്ട് എന്ന് വിളിക്കുന്നത്. തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്ന റോഡിലെ വളവുകൾ, ജങ്ഷനുകൾ എന്നിവയാണ് ബ്ലാക്ക് സ്പോട്ടുകൾ. റോഡ് നിർമാണത്തിലെ പിഴവോ, സിഗ്നലുകളുടെ കുറവോ ഇതിന് കാരണമാകാം. സാധാരണ സംസാരഭാഷയിൽ ‘ബ്ലാക്ക് പോയന്റ്’ എന്ന് പലരും ബ്ലൈൻഡ് സ്പോട്ടിനെ വിളിക്കാറുണ്ടെങ്കിലും സാങ്കേതികമായി ഡ്രൈവർക്ക് കാണാൻ കഴിയാത്ത ഭാഗത്തെ ബ്ലൈൻഡ് സ്പോട്ട് എന്ന് വിളിക്കുന്നതാണ് കൂടുതൽ കൃത്യം.

അപകടങ്ങൾ ഒഴിവാക്കാൻ

•അകലം പാലിക്കുക: വലിയ വാഹനങ്ങളുടെ തൊട്ടു മുന്നിലോ വശങ്ങളിലോ നിൽക്കുന്നത് ഒഴിവാക്കുക. ഡ്രൈവർക്ക് നിങ്ങളെ കാണാൻ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

•കണ്ണാടികൾ ശ്രദ്ധിക്കുക: നിങ്ങൾ ഒരു വലിയ വാഹനത്തിന് പിറകിലാണെങ്കിൽ, ആ വാഹനത്തിന്റെ സൈഡ് മിററിലൂടെ നിങ്ങൾക്ക് ഡ്രൈവറെ കാണാൻ സാധിക്കുന്നില്ലെങ്കിൽ, ഡ്രൈവർക്കും നിങ്ങളെ കാണാൻ സാധിക്കില്ല എന്ന് മനസ്സിലാക്കുക.

•വലിയ വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യുമ്പോഴോ തിരിക്കുമ്പോഴോ അവയുടെ ബ്ലൈൻഡ് സ്പോട്ടിൽ നിങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുക.

•വലിയ വാഹനങ്ങളെ ഓവർടേക്ക് ചെയ്യുമ്പോൾ പകൽ സമയത്ത് കൃത്യമായി ഹോൺ മുഴക്കുകയും രാത്രികാലങ്ങളിൽ ഹെഡ് ലൈറ്റ് പാസ് സ്വിച്ച് രണ്ടോ മൂന്നോ തവണ അമർത്തിയും ശ്രദ്ധയാകർഷിച്ചശേഷം, കടന്നുപോകാൻ മതിയായ ഗ്യാപ്പുണ്ടെന്നും എതിർവശത്തുനിന്ന് വാഹനങ്ങൾ വരുന്നില്ലെന്നും ഉറപ്പാക്കുക.

Tags:    
News Summary - auto news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.