ബെൻസിന്‍റെ ആഡംബരം ‘ഉപേക്ഷിച്ച്’ അനിൽ അംബാനി; ഇനിമുതൽ യാത്രകൾ​ ഹ്യൂണ്ടായ് ഇ.വി​യിൽ

ടാറ്റ, ബിർല, അംബാനി... ഇന്ത്യയിലെ ശതകോടീശ്വരന്മാർ ആരെന്ന്​ ചോദിച്ചാൽ കൊച്ച്​ കുഞ്ഞുങ്ങൾ ​പോലും പറയുന്ന പേരുകളാണിത്​. പണം ധൂർത്തടിക്കുന്നവരോട്​, ‘നീയാര്​ അംബാനിയോ’ എന്നും നമ്മൾ ചോദിക്കാറുണ്ട്​. എന്നാൽ ഇതേ അംബാനി കുടുംബത്തിലെ ഒരു ശതകോടീശ്വരൻ ഇപ്പോൾ തന്‍റെ ആഡംബരങ്ങൾ ഓരോന്നായി ഉപേക്ഷിക്കുന്നതായാണ്​ വാർത്തകൾ പുറത്തുവരുന്നത്​. ഉപേക്ഷിക്കുന്നു എന്ന്​ പറയുമ്പോൾ അത്​ മനപ്പൂർവ്വമാണ്​ എന്ന്​ വിചാരിക്കരുത്​. പാപ്പരായി പണമെല്ലാം തീർന്നതോടെയാണ്​ ഈ ഉപേക്ഷിക്കലിന്​ അദ്ദേഹം നിർബന്ധിതനായിരിക്കുന്നത്​.

പറഞ്ഞുവരുന്നത്​ അനിൽ അംബാനിയുടെ വിശേഷങ്ങളാണ്​. ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരിൽ ഒരാളായ മുകേഷ് അംബാനിയുടെ സഹോദരനാണ്​ അനില്‍ അംബാനി. ഒരു കാലത്ത് ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നനായ വ്യക്തിയായിരുന്നു അനില്‍. പിന്നീട് അദ്ദേഹം ബിസിനസില്‍ തകര്‍ന്നടിയുകയായിരുന്നു. 2008-ൽ ലോകത്തിലെ ധനികരിൽ ആറാം സ്ഥാനത്തായിരുന്നു ഇദ്ദേഹത്തിന്റെ സ്ഥാനം. 42 ബില്ല്യൺ ഡോളറായിരുന്നു അനിൽ അംബാനിയുടെ മൊത്തം ആസ്​തി. എന്നാൽ ചൈനീസ്​ ബാങ്കുകൾ കടം തിരിച്ചെടുക്കുന്നതോടെ തന്‍റെ ആസ്​തി വട്ടപൂജ്യ​മായെന്ന വാദവുമായി അനിൽ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു.

മാര്‍ക്കറ്റിലെ തിരിമറിയെ തുടര്‍ന്ന് സെബി അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയതോടെയാണ് അനിലിന് തിരിച്ചടിയുണ്ടാവാന്‍ തുടങ്ങിയത്. എന്തായാലും മറ്റൊരു കാരണത്താൽ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ് ഇദ്ദേഹം. മറ്റൊന്നുമല്ല യാത്രകൾക്കായി പുത്തനൊരു കാർ വാങ്ങിയതാണ് സംഭവം. അതും അത്യാഡംബര വാഹനങ്ങളിൽ മാത്രം സഞ്ചരിച്ചിരുന്ന മുൻകോടിപതി ഇപ്പോൾ സിമ്പിളായാണ് യാത്രകൾ ചെയ്യുന്നത്.

ഇതിന്റെ ഭാഗമായി വലിയ ചെലവുള്ള ആഡംബര പെട്രോൾ, ഡീസൽ കാറുകൾ ഉപയോഗിക്കുന്നതിനു പകരം ചെലവ് കുറഞ്ഞ പുതിയ ഇലക്‌ട്രിക് കാറാണ് അനിൽ അംബാനി സ്വന്തമാക്കിയിരിക്കുന്നത്. ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ഇവിയായി അയോണിക് 5 മോഡലാണ് അംബാനി ഇപ്പോൾ ഉപയോഗിക്കുന്നതെന്നാണ്​ വിവരം.

പുത്തൻ വാഹനത്തിൽ യാത്ര ചെയ്യുന്ന അനിൽ അംബാനിയുടെ ചിത്രങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത് അയോധ്യയിൽ നിന്ന് മടങ്ങുകയായിരുന്ന അദ്ദേഹത്തെ മുംബൈ വിമാനത്താവളത്തിലാണ് പാപ്പരാസികൾ കണ്ടെത്തിയത്.

ഈ ഹ്യുണ്ടായി കാർ അദ്ദേഹത്തിന്‍റെ ബാങ്ക് ബാലൻസിന്‍റെ പ്രതിനിധിയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ലാൻഡ് റോവർ റേഞ്ച് റോവർ വോഗ്, മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ്, റോൾസ് റോയ്‌സ് ഫാൻ്റം, ലംബോർഗിനി ഗല്ലാർഡോ തുടങ്ങിയ ആഡംബര കാറുകളിലാണ് അനിൽ അംബായി മുമ്പ് യാത്രകൾ ചെയ്‌തിരുന്നത്. ഔദ്യോഗികമായി പാപ്പരായതിന്റെ നേർക്കാഴ്ച്ചയാണ് ഇപ്പോൾ ഈ കാണുന്നതെന്നും പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്‌തിട്ടുണ്ട്.

അനിൽ അംബാനി ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്ന ഹ്യുണ്ടായി അയോണിക് 5 ഒരു വിലകുറഞ്ഞ കാറല്ല എന്നതും ശ്രദ്ധേയമാണ്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ അവാർഡ് ലഭിച്ച കാറുകളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. 2023 ഓട്ടോ എക്‌സ്‌പോയിലാണ് ആദ്യമായി ഇന്ത്യയിൽ പ്രദർശിപ്പിച്ചത്. 46.05 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്സ്ഷോറൂം വില.

215 bhp കരുത്തിൽ 350 Nm ടോർക്​ ഉത്പാദിപ്പിക്കുന്ന റിയർ-മൌണ്ടഡ് ഇലക്ട്രിക് മോട്ടോറുള്ള അയോണിക് 5 ഒരു റിയർ-വീൽ ഡ്രൈവ് വെഹിക്കിളാണ്​. 72.6kWh ബാറ്ററി പായ്ക്കിന് സിംഗിൾ ചാർജിൽ ഏകദേശം 631 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയും. അയോണിക് കാറിന് കിലോമീറ്ററിന് വെറും 75 പൈസയാണ് റണ്ണിംഗ് കോസ്റ്റ് വരുന്നത്.

അയോണിക് 5 ഇവിയുടെ പ്രതിമാസ ചാർജിങ്​ ചെലവ് 1125 രൂപ മാത്രമാണ് വരികയെന്നും ഹ്യുണ്ടായി അവകാശപ്പെടുന്നു.അനിൽ അംബാനിയുടെ യാത്രാ ചെലവുകൾ ഗണ്യമായി കുറക്കാൻ വാഹനത്തിന്​ കഴിയുമെന്ന്​ സാരം. പെർഫോമൻസിന്റെ കാര്യത്തിൽ പുലിയാണ് ഈ വാഹനം. 18 മിനിറ്റിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കാറിന് കഴിയും.

100 കിലോമീറ്റർ റേഞ്ച് ലഭിക്കാൻ ഒരാൾക്ക് അഞ്ച് മിനിറ്റ് ചാർജ് ചെയ്താൽ മതിയാകുമെന്നതും നേട്ടമാണ്. വേൾഡ് കാർ ഓഫ് ദ ഇയർ, വേൾഡ് ഇലക്‌ട്രിക് വെഹിക്കിൾ ഓഫ് ദ ഇയർ, വേൾഡ് കാർ ഡിസൈൻ ഓഫ് ദി ഇയർ എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ അയോണികിന്​ ലഭിച്ചിട്ടുണ്ട്​.

Tags:    
News Summary - Anil Ambani seen being driven in a “humble” Hyundai Ioniq 5 Electric SUV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.