വൈദ്യുത വാഹനവുമായി വോൾവോ; എക്​സ്​.സി 40 റീചാർജ് 2021ൽ ഇന്ത്യയിലെത്തും

പുതിയ എക്​സ്​.സി 40 റീചാർജ് ഇലക്ട്രിക് എസ്‌യുവിയെ 2021 ൽ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് വോൾവോ. കമ്പനിയുടെ ജനപ്രിയ കോംപാക്റ്റ് എസ്‌യുവി എക്​സ്​.സി 40 ​യുടെ വൈദ്യുത പതിപ്പാണിത്​. കഴിഞ്ഞ മാസമാണ് കമ്പനി തങ്ങളുടെ ബെൽജിയം പ്ലാൻറിൽ എസ്‌യുവി ഉത്പാദനം ആരംഭിച്ചത്. മൂന്ന്​ വർഷത്തിനുള്ളിൽ ഇന്ത്യയിൽ നാല്​ പുതിയ വൈദ്യുതീകൃത കാറുകൾ അവതരിപ്പിക്കുമെന്ന് സ്വീഡിഷ് കാർ നിർമ്മാതാവ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. വോൾവോ എക്​സ്​ സി 40 റീചാർജ് അതിലൊന്നായിരിക്കുമെന്നാണ്​ സൂചന. വരാനിരിക്കുന്ന വോൾവോ എസ് 60 സെഡാ​െൻറ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പും പിന്നീട് ഇന്ത്യയിലേക്ക് വരുമെന്നും പ്രതീക്ഷിക്കാം.

ഓരോ ആക്‌സിലിലും 150 കിലോവാട്ട് വൈദ്യുത മോട്ടോറുകളുള്ള ഡ്യുവൽ മോട്ടോർ പവർട്രെയിനുമായാണ്​ എക്‌സ്‌.സി 40 റീചാർജ് വരുന്നത്​. 408 ബിഎച്ച്പി കരുത്താണ്​ വാഹനത്തിന്​. 78 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് മോട്ടോറുകൾക്ക് കരുത്ത് പകരുന്നത്, ഏകദേശം 400 കിലോമീറ്റർ വരെ ദൂരം ഒറ്റ ചാർജിൽ സഞ്ചരിക്കാനാകും. 4.7 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. 180 കിലോമീറ്ററാണ്​ പരമാവധി വേഗത. എസ്‌യുവിക്ക് 11 കിലോവാട്ട് ചാർജറുമുണ്ട്. 150 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജറും ഉൾപ്പെടുത്തിയിട്ടുണ്ട്​.


ഫാസ്റ്റ് ചാർജിംഗ് സംവിധാനം ഉപയോഗിച്ച് വെറും 40 മിനിറ്റിനുള്ളിൽ ബാറ്ററി 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് വോൾവോ പറയുന്നു. സാധാരണ പതിപ്പ് പോലെ, കമ്പനിയുടെ കോംപാക്റ്റ് മോഡുലാർ ആർക്കിടെക്​ചർ (സിഎംഎ) പ്ലാറ്റ്‌ഫോമിലാണ്​ റീചാർജും നിർമിച്ചിരിക്കുന്നത്. വാഹനത്തി​െൻറ വൈദ്യുത സ്വഭാവത്തെ സൂചിപ്പിക്കുന്ന ചില അടയാളങ്ങളും ബോഡിയിലുണ്ട്​. പ്രത്യേക വോൾവോ ബാഡ്​ജും പുതിയ അലോയ് വീലുകളും ഇതിൽ ഉൾപ്പെടുന്നു. ടെസ്‌ല കാറുകളെപ്പോലെ റീചാർജിനും മുൻവശത്ത് 31 ലിറ്റർ ചെറിയ സംഭരണ ഇടം നൽകിയിട്ടുണ്ട്​.

വോൾവോ ഇന്ത്യ തങ്ങളുടെ ആദ്യത്തെ പ്ലഗ്-ഇൻ ഹൈബ്രിഡ് 2019 ൽ എക്സ് സി 90 യുടെ രൂപത്തിൽ പുറത്തിറക്കിയിരുന്നു. ഇവ പ്രാദേശികമായി കൂട്ടിയിണക്കിയാണ്​ നിലവിൽ വിൽക്കുന്നത്​. എക്സ് സി 40 റീചാർജും പ്രാദേശികമായി അസംബ്ലി ചെയ്യാനുള്ള സാധ്യതയുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.