ഈ വാഹനം ഇനി വിൽക്കില്ലെന്ന് സൂചന നൽകി മഹീന്ദ്ര; വിടവാങ്ങുന്നത് കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് എസ്.യു.വി

തങ്ങളുടെ ഫ്ലാഗ്ഷിപ്പ് എസ്.യു.വിയായ ആൾടുറാസ് ജി 4 ഇനി വിൽക്കില്ലെന്ന് സൂചന നൽകി മഹീന്ദ്ര. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് വാഹനം ഒഴിവാക്കിയിട്ടുണ്ട്. ഡീലർമാർ നൽകുന്ന സൂചന അനുസരിച്ച് ആൾടുറാസ് ഇനി മുതൽ ബുക്ക് ചെയ്യാനാകില്ല. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും തങ്ങളുടെ പതാകവാഹകൻ എസ്.യു.വിക്ക് ദയാവധം അനുവദിച്ചിരിക്കുകയാണ് മഹീന്ദ്രയെന്നാണ് സൂചന.

ഫോര്‍ഡ് എന്‍ഡവറിനുശേഷം ആൾടുറാസ് ജി 4ലൂടെ മറ്റൊരു ഫുള്‍ സൈസ് എസ്‌.യു.വി കൂടി വിട പറയുകയാണ്. അള്‍ടുറാസ് ജി4ന് ഉടനൊരു പകരക്കാരനെ മഹീന്ദ്ര ഇറക്കാന്‍ സാധ്യതയില്ല. അതിനാല്‍ എക്സ്.യു.വി 700 ആയിരിക്കും മഹീന്ദ്രയുടെ ഇനിയുള്ള ഫ്ലാഗ്ഷിപ്പ് മോഡൽ.

2018 അവസാനത്തോടെയാണ് മഹീന്ദ്ര അള്‍ടുറാസ് ജി4 എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചത്. മെഴ്‌സിഡസിൽ നിന്ന് വാങ്ങുന്ന 7-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിന് നൽകിയിരുന്നത്. ഫീച്ചര്‍ സമ്പന്നമായ മോഡലായിരുന്നു ഇത്. രണ്ട് വേരിയന്റുകളിലായിരുന്നു വാഹനംആദ്യം വിപണിയില്‍ എത്തിയത്. എന്നാല്‍ വില്‍പ്പന ഇടിഞ്ഞതോടെ അടിസ്ഥാന ഫീച്ചറുകളും സവിശേഷതകളുമായി എത്തിയ ബേസ് വേരിയന്റിന്റെ വില്‍പ്പന അവസാനിപ്പിച്ചു. പിന്നാലെ ടോപ്പ്-എന്‍ഡ് വേരിയന്റിന് കമ്പനി വില ഉയര്‍ത്തിയത് വീണ്ടും വില്‍പ്പന കുറയാൻ ഇടയാക്കി.

അടുത്തിട അള്‍ടുറാസ് ജി4​ന്റെ പുതിയ വേരിയന്റ് കമ്പനി അവതരിപ്പിച്ചിരുന്നു. 2 ഡബ്ല്യൂ.ഡി ഹൈ എന്നായിരുന്നു പുതിയ വേരിയന്റിന്റെ പേര്. ഫോർവീൽ ഇല്ലാതെയാണ് വാഹനം അവതരിപ്പിക്കപ്പെട്ടത്. 30.68 ലക്ഷം രൂപയാണ് പുതിയ അള്‍ടുറാസിന്റെ വില. ടൊയോട്ട ഫോർച്യൂണറിന്റെ അടിസ്ഥാന വകഭേദത്തേക്കാൾ 6.5 ലക്ഷം രൂപ കുറവായിരുന്നു ഇത്.

ടൊയോട്ട ഫോർച്യൂണർ ഡീസൽ 2 ഡബ്ല്യു.ഡി ഓട്ടോമാറ്റിക് (37.18 ലക്ഷം രൂപ), ബേസ് എംജി ഗ്ലോസ്റ്റർ ഡീസൽ (32 ലക്ഷം രൂപ) എന്നിവയേക്കാളൊക്കെ വിലക്കുറവിലാണ് വാഹനം മഹീന്ദ്ര ലഭ്യമാക്കിയത്. റെയിൻ സെൻസിങ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, പവേർഡ് ടെയിൽഗേറ്റ്, മെമ്മറി ഫംഗ്‌ഷനോടുകൂടിയ ഇലക്ട്രോണിക് ഡ്രൈവർ സീറ്റ് അഡ്ജസ്റ്റ്, സൈഡ്, കർട്ടൻ എയർബാഗുകൾ എന്നിവ ഉൾപ്പെടെ ഫോർവീലിൽ ലഭ്യമായ സവിശേഷതകൾ പുതിയ വേരിയന്റിലും ഉണ്ടായിരുന്നു.

18 ഇഞ്ച് അലോയ്‌കൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സൺറൂഫ്, ആംബിയന്റ് ലൈറ്റിങ് പോലുള്ള പ്രത്യേകതകളും അൽടൂറസിലുണ്ടായിരുന്നു. 181 എച്ച്പി, 2.2-ലിറ്റർ ഡീസൽ എഞ്ചിനായിരുന്നു. ദീപാവലി സമയത്ത് ഉപഭോക്താക്കള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കി ആകര്‍ഷിക്കാന്‍ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടിരുന്നില്ല. ഉത്സവ കാലത്ത് മഹീന്ദ്ര ഏറ്റവും കൂടുതല്‍ ഡിസ്‌കൗണ്ട് നല്‍കിയത് അള്‍ടുറാസ് G4 നായിരുന്നു.

ഉപഭോക്താക്കള്‍ക്ക് 11,500 രൂപ വരെ കോര്‍പ്പറേറ്റ് കിഴിവുകളും കൂടാതെ 2,20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടുകളും, 20,000 രൂപ ആക്സസറി ഡിസ്‌കൗണ്ടുകളും, 5,000 രൂപ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ആയിരുന്നു വാഗ്ദാനം. ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍ തുടങ്ങിയ വമ്പന്‍ എതിരാളികളുമായായിരുന്നു മഹീന്ദ്ര അള്‍ടുറാസ് G4 ഫുള്‍സൈസ് എസ്‌യുവി കൊമ്പുകോര്‍ത്തിരുന്നത്. അതിന്റെ സെഗ്മെന്റിലെ ഏറ്റവും താങ്ങാനാവുന്ന മോഡലുകളില്‍ ഒന്നായിരുന്നു ഇത്. പക്ഷേ വാഹനം എതിരാളികളെപ്പോലെ ജനപ്രിയമായിരുന്നില്ല.

Tags:    
News Summary - After The Ford Endeavour, We Now Bid Goodbye To Another Full Size SUV, The Mahindra Alturas G4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.