ഇലക്ട്രിക് വിപണിയിൽ ഇരുചക്ര വാഹങ്ങൾ മികച്ച വിൽപ്പന രേഖപെടുത്തുമ്പോൾ ഒട്ടും പിന്നിലല്ല എന്ന് ഉറപ്പിക്കുകയാണ് യമഹ മോട്ടോർ കോർപ്. ഈയടുത്തായി മൂന്ന് ഇലക്ട്രിക് സ്കൂട്ടറുകളാണ് യമഹ വിപണിയിൽ എത്തിച്ചത്. യമഹയുടെ പെട്രോൾ വകഭേദത്തിലെ സൂപ്പർ സ്കൂട്ടറായ എയറോക്സിന്റെ ഇലക്ട്രിക് വകഭേദം, റിവർ ഇൻഡി ഇലക്ട്രിക് സ്കൂട്ടറിന്റെ മോഡലിനോട് സമാനമായി ഇസി 06 എന്നിവക്ക് ശേഷം ജോഗ് ഇ എന്നൊരു പുതിയ ഇരുചക്ര വാഹനവും കമ്പനി ജാപ്പനീസ് വിപണിയിൽ അവതരിപ്പിച്ചു. ഇലക്ട്രിക് വകഭേദം അവതരിപ്പിച്ചതോടെ ഐ.സി.ഇ നിർമിത ജോഗ് സ്കൂട്ടർ നിർത്തലാക്കാൻ ഒരുങ്ങുകയാണ് കമ്പനി. നിലവിൽ ജപ്പാനിലെ ടോക്യോ, ഒസാക നഗരങ്ങളിൽ മാത്രമാണ് വാഹനം ലഭ്യമാകുക.
ഹോണ്ട മൊബൈൽ പവർ പക്കാണ് യമഹ ജോഗ് ഇ ഇലക്ട്രിക് സ്കൂട്ടറിന് പവർ നൽകുന്നത്. എടുത്ത് മാറ്റാൻ സാധിക്കുന്ന ഒരു ബാറ്ററി പാക്കാണിത്. ഹോണ്ട, സുസുകി, കാവാസാക്കി തുടങ്ങിയ കമ്പനികളുമായുള്ള കരാർ പ്രകാരമാണ് യമഹ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത്. 'ഗച്ചാക്കോ' എന്ന ജാപ്പനീസ് സ്ഥാപനവുമായി പ്രവർത്തിച്ചായിരിക്കും ബാറ്ററി സ്വാപ്പിങ് സേവങ്ങൾ നൽകുന്നത്. അതായത് സ്കൂട്ടർ മാത്രമേ യമഹ വിൽക്കുകയൊള്ളു. വാഹനത്തിന്റെ ബാറ്ററിക്കായി ഉപഭോക്താക്കൾ ഗച്ചാക്കോ കമ്പനിയുമായി പ്രത്യേക കരാറിൽ ഒപ്പിടണം.
നഗരയാത്രകൾക്ക് മാത്രമായി നിർമിച്ചിട്ടുള്ള ഇ.വി സ്കൂട്ടറാണ് ജോഗ് ഇ. അതിനാൽ തന്നെ സ്വാപ്പ് ചെയ്യാൻ സാധിക്കുന്ന ഒറ്റ ബാറ്ററി 53 കിലോമീറ്റർ മാത്രമേ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുള്ളു. എന്നാൽ സ്വാപ്പ് ചെയ്യാൻ സാധിക്കുന്ന ബാറ്ററിയിൽ റേഞ്ച് ഒരു പ്രശ്‌നമില്ലെന്ന് കമ്പനി വാദിക്കുന്നു. 1.7 kW ബാറ്ററി 2.3 പി.എസ് കരുത്തും 90 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കും. 12 ഇഞ്ച് ഫ്രണ്ട് വീലും 10 ഇഞ്ച് റിയർ വീലും ജോഗ് ഇയിൽ സജ്ജീകരിച്ചിരിക്കുന്നത്.
ലളിതവും മനോഹരവുമായി രൂപകൽപ്പന ചെയ്ത യമഹ ജോഗ് ഇ ഡാർക്ക് ഗ്രേ, മെറ്റാലിക് ലൈറ്റ് ഗ്രേ എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാണ്. പൂർണ എൽ.ഇ.ഡി ലൈറ്റിങ്ങും ഒരു പോളിഗോണൽ ഹെഡ്‍ലാംപും മുൻവശത്തായി കാണാം. തിരശ്ചിനമായാണ് ടൈൽ ലാംപ് നൽകിയിരിക്കുന്നത്. ജപ്പാനിൽ മാത്രം അവതരിപ്പിച്ച മോഡലിന് 1,59,500 ജാപ്പനീസ് യെൻ (90,000 രൂപ) ആണ് പ്രാരംഭ എക്സ് ഷോറൂം വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.