ഡീസൽ വാഹനങ്ങളുടെ വില കൂടും; 10 ശതമാനം അധിക നികുതി ചുമത്താൻ കേന്ദ്രം, ഓഹരിയിൽ ഇടിവ്

ന്യൂഡൽഹി: ഡീസൽ എൻജിൻ വാഹനങ്ങൾക്ക് മലിനീകരണ നികുതിയായി 10 ശതമാനം അധിക ജി.എസ്.ടി ഏർപ്പെടുത്തുന്നത് പരിഗണനയിലെന്ന് കേന്ദ്ര ഗതാഗതമന്ത്രി മന്ത്രി നിതിൻ ഗഡ്കരി. നിർദേശമടങ്ങിയ കത്ത് ധനമന്ത്രിക്ക് ചൊവ്വാഴ്ച വൈകിട്ടോടെ കൈമാറും. ഡൽഹിയിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലിനീകരണം തടയുന്നതിനും ഇന്ത്യൻ നിരത്തുകളിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി.

'ഡീസൽ വളരെ അപകടകരമായ ഇന്ധനമാണ്. ഇതിൽ നിന്നുള്ള വേഗത്തിലുള്ള പരിവർത്തനമാണ് രാജ്യം ആഗ്രഹിക്കുന്നത്. ഡീസൽ ഉപയോഗം കുറക്കാൻ ഓട്ടോമൊബൈൽ കമ്പനികൾ തന്നെ മുൻകൈയെടുക്കണം. ഡീസലിനോട് വിട പറഞ്ഞ് അവ നിർമിക്കുന്നത് നിർത്തണം. അല്ലാത്തപക്ഷം, ഡീസൽ വാഹനങ്ങളുടെ വിൽപന കുറക്കാനായി സർക്കാർ നികുതി വർധിപ്പിക്കും'- ഗഡ്കരി വ്യക്തമാക്കി.

അതേസമയം, മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ വാഹനനിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ആശോക് ലെയ്‌ലാൻഡ് തുടങ്ങിയ കമ്പനികളുടെ ഓഹരി രണ്ടര മുതൽ നാല് ശതമാനം വരെ ഇടിഞ്ഞു. അധികനികുതി ഏർപ്പെടുത്തുന്നതോടെ പുതിയ ഡീസൽ വാഹനങ്ങളുടെ വില ഉയരും.

വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും വലിയ യൂട്ടിലിറ്റി വാഹനങ്ങളും പ്രധാനമായും ഡീസൽ എൻജിനിലാണ് ഉപയോഗിക്കുന്നത്. നിലവിൽ 28 ശതമാനം ജി.എസ്.ടിയാണ് ഡീസൽ വാഹനങ്ങൾക്ക് ചുമത്തുന്നത്. കൂടാതെ, വാഹനങ്ങൾക്കനുസരിച്ച് ഒരു ശതമാനം മുതൽ 22 ശതമാനം വരെ അധിക സെസും ഉണ്ട്.എസ്‌.യു.വികൾക്ക് 28 ശതമാനം ജി.എസ്.ടിക്ക് പുറമെ 22 ശതമാനം നഷ്ടപരിഹാര സെസും നിലവിലുണ്ട്. 

Tags:    
News Summary - Additional 10% tax on diesel engine vehicles, proposes Nitin Gadkari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.