ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയായ അൾട്രാവയലറ്റ് പുതിയ റെക്കോഡ് നേട്ടത്തിൽ. ഇ.വി ബൈക്ക് പുറത്തിറക്കി ആദ്യ 24 മണിക്കൂറിനുള്ളിൽ 3,000ത്തിലധികം ബുക്കിങ്ങുകളാണ് അൾട്രാവയലറ്റ് എക്സ് 47 ക്രോസ്സോവർ നേടിയെടുത്തത്. 2.49 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ് ഷോറൂം വില. വാഹനം അവതരിപ്പിച്ചപ്പോൾ ആദ്യത്തെ 1,000 പേർക്ക് മാത്രമായി നൽകിയ ഓഫറുകൾ ബുക്കിങ് നിരക്ക് വർധിച്ചതോടെ 5,000 ഉപഭോക്താക്കൾക്ക് നൽകാൻ കമ്പനിയെ പ്രേരിപ്പിച്ചു.
ഇന്റഗ്രേറ്റഡ് റഡാറും കാമറ സേഫ്റ്റി സിസ്റ്റവുമായി വിപണിയിൽ എത്തുന്ന ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളാണ് അൾട്രാവയലറ്റ് എക്സ്-47 ക്രോസ്സോവർ. ആറാം തലമുറ ലോങ്-റേഞ്ച് റഡാറിനെ കൺട്രോൾ യൂണിറ്റുമായി ജോടിയിണക്കി അൾട്രാവയലറ്റിന്റെ പ്രൊപ്രൈറ്ററി യു.വി ഹൈപ്പർസെൻസ് സിസ്റ്റമാണ് ഇതിന്റെ അടിസ്ഥാനം. 200 മീറ്റർ വരെ അകലെയുള്ള വസ്തുക്കളെ കണ്ടെത്താനും 20 ഡിഗ്രി വരെ ലീൻ ആംഗിളുമായി പ്രവർത്തിക്കാനും കഴിവുള്ള റഡാർ സംവിധാനമാണ് മോട്ടോർസൈക്കിളിൽ സജ്ജീകരിച്ചിട്ടുള്ളത്. ഈ റഡാർ സംവിധാനം താഴെ പറയുന്ന റൈഡർ-അസിസ്റ്റ് സംവിധാനങ്ങളുമായി പ്രവർത്തിക്കുന്നു.
1080p എച്ച്.ഡി.ആർ റെക്കോർഡിങ് സംവിധാനമുള്ള രണ്ട് കാമറകൾ ബൈക്കിന്റെ ഡാഷ് ബോർഡിൽ അൾട്രാവയലറ്റ് നൽകിയിട്ടുണ്ട്. കൂടാതെ സ്റ്റോറേജ് സ്പേസ് വർധിപ്പിക്കാൻ സാധിക്കുന്ന 5 ഇഞ്ച് വൈ-ഫൈ/ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള സെക്കണ്ടറി ഡിസ്‌പ്ലേയും എക്സ്-47 ക്രോസ്സോവറിന്റെ പ്രത്യേകതയാണ്.
10.3kWh ബാറ്ററി പക്കാണ് അൾട്രാവയലറ്റ് എക്സ്-47 ക്രോസ്സോവറിന്റെ കരുത്ത്. ഇത് 40.2 ബി.എച്ച്.പി പവറും 610 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള മോട്ടോറാണ്. ഐ.ഡി.സി റേഞ്ച് അനുസരിച്ച് ഒറ്റചാർജിൽ 323 കിലോമീറ്റർ സഞ്ചരിക്കും. ഇത് ലോകത്തുള്ള മറ്റ് ഇലക്ട്രിക് ബൈക്കുകളുടെ താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന റേഞ്ചാണെന്നും അൾട്രാവയലറ്റ് അവകാശപ്പെടുന്നുണ്ട്. 145 km/h വേഗത കൈവരിക്കുന്ന മോഡലിന് 0–60 km/h സഞ്ചരിക്കാൻ 2.7 സെക്കൻഡ്‌സ് മാത്രം മതി.
41 എം.എം USD ഫോർക്കുകളും പ്രീലോഡ്-അഡ്ജസ്റ്റബിൾ മോണോഷോക്കും നൽകിയാണ് എക്സ് 47 രൂപകൽപ്പന ചെയ്തിരിക്കുന്നത്. പത്താം തലമുറയിലെ ബോഷ് ഡ്യൂവൽ-ചാനൽ എ.ബി.എസോടെ 320 എം.എം ഫ്രണ്ട് ഡിസ്ക്, 230 എം.എം റിയർ ഡിസ്ക് എന്നിവയും ഇലക്ട്രിക് ബൈക്കിന് നൽകിയിട്ടുണ്ട്. കൂടാതെ മൂന്ന് ട്രാക്ഷൻ കണ്ട്രോൾ മോഡുകളും ഈ സുരക്ഷയെ പിന്തുണക്കും.
ലോകത്തിലെ ഏറ്റവും പവർ-ഡെൻസ് എയർ-കൂൾഡ് ഓൺബോർഡ് ചാർജർ എക്സ് 47 ക്രോസോവറിനായി അൾട്രാവയലറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് ടൈപ്പ് 2 എസി കാർ ചാർജറുകളുമായി പൊരുത്തപ്പെടുന്നു. അതിനാൽ പാരലൽ ബൂസ്റ്റ് ചാർജിങ് സിസ്റ്റം ഓൺബോർഡ് യൂനിറ്റിനെ ഓക്സിലറി ചാർജറുമായി ചേർന്ന് പ്രവർത്തിക്കാൻ സഹായിക്കുന്നു. ഇത് സ്റ്റാൻഡേർഡ് 16A സോക്കറ്റിൽ പോലും ചാർജിങ് സമയം പകുതിയായി കുറക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.