ഹോണ്ട XR300

ഹീറോ എക്സ്പൾസിന് ഒത്ത എതിരാളി! ഹോണ്ട XR300L, XR300 റാലി ബൈക്കുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

മോട്ടോർസൈക്കിൾ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഹോണ്ടയുടെ പുതിയ XR300L, XR300 റാലി (XR300 Rally) എന്നീ ഡ്യൂവൽ-സ്പോർട്ട് ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. കഴിഞ്ഞ ജൂലൈയിൽ കമ്പനി പ്രദർശിപ്പിച്ച 10 മോഡലുകളിൽ വാഹന പ്രേമികൾ ഏറെ കാത്തിരുന്ന മോട്ടോർസൈക്കിളാണ് ഇവ. രാജ്യത്തുടനീളമുള്ള ഹോണ്ടയുടെ ബിഗ്‌വിങ് (BigWing) ഡീലർഷിപ്പുകൾ വഴി ഇരുമോഡലുകളുടെയും ബുക്കിങ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

വേരിയന്റുകളും വിലവിവരങ്ങളും

വിലയുടെ കാര്യത്തിൽ ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന രീതിയിലാണ് ഹോണ്ട രണ്ട് മോഡലുകളും അവതരിപ്പിച്ചിരിക്കുന്നത്. ന്യൂഡൽഹി എക്സ്-ഷോറൂം വിലകൾ അനുസരിച്ച്:

  • ഹോണ്ട XR300L: ₹1.83 ലക്ഷം
  • ഹോണ്ട XR300 റാലി: ₹2.08 ലക്ഷം

എഞ്ചിനും പ്രകടനവും

ജനപ്രിയ മോഡലായ CB300F-ൽ ഉപയോഗിച്ചിരിക്കുന്ന അതേ 293.5 സിസി എയർ, ഓയിൽ-കൂൾഡ് എഞ്ചിനാണ് രണ്ട് മോഡലുകളുടെയും കരുത്ത്. അന്താരാഷ്ട്ര വിപണിയിൽ ഈ എഞ്ചിൻ ഏകദേശം 24.3 എച്ച്.പി കരുത്തും 26.5 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇന്ത്യൻ എമിഷൻ ചട്ടങ്ങൾ (BS6 Phase 2) പൂർണമായി പാലിക്കുന്നതിനായി സൗത്ത് അമേരിക്കൻ വിപണിയിലെ XR300L മോഡലുകളിൽ നിന്നും വ്യത്യസ്തമായി എക്‌സ്‌ഹോസ്റ്റ് റൂട്ടിങ്ങിൽ പ്രത്യേക മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ-സ്പെക്ക് ബൈക്കുകൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. യാത്രാസുഖവും ഓഫ്-റോഡ് പ്രകടനവും മെച്ചപ്പെടുത്തുന്നതിനായി ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് നൽകിയിരിക്കുന്നത്. മുൻവശത്ത് 21 ഇഞ്ചും പിന്നിൽ 18 ഇഞ്ചുമായ വയർ-സ്പോക്ക് വീൽ കോമ്പിനേഷനാണ് ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നത്.

XR300 റാലിയിലെ പ്രധാന സവിശേഷതകൾ

സ്റ്റാൻഡേർഡ് XR300L-നെ അപേക്ഷിച്ച് 25,000 രൂപ അധികം നൽകേണ്ടി വരുന്ന XR300 റാലി വേരിയന്റിൽ കൂടുതൽ അഡ്വാൻസ്ഡ് ഫീച്ചറുകൾ ഹോണ്ട ഉൾപ്പെടുത്തിയിട്ടുണ്ട്. 5 ഇഞ്ച് ടിഎഫ്‌ടി (TFT) ഡിസ്‌‌പ്ലേ, റാലി-ഇൻസ്പയേർഡ് ബോഡി വർക്കും സമഗ്രമായ സ്വിച്ച് ഗിയർ, വലിയ ഫ്യുവൽ ടാങ്ക്, കൂടുതൽ ഉയരമുള്ള വിൻഡ്‌ഷീൽഡ് എന്നിവക്ക് പുറമെ സുരക്ഷ വർധിപ്പിക്കുന്ന നക്കിൾ ഗാർഡുകൾ (Knuckle guards) നൽകിയിട്ടുണ്ട്. ഫ്യുവൽ ടാങ്കിന്റ വലുപ്പം XR300L-നേക്കാൾ കൂടുതലായതിനാൽ റാലി മോഡലിന്റെ ഭാരത്തിലും സീറ്റ് ഹൈറ്റിലും ചെറിയ വർധനവ് വരുത്തിയിട്ടുണ്ട്.

പ്രധാന എതിരാളി

ഹീറോ എക്സ്പൾസ് 210 (Hero Xpulse 210 - ₹1.68 മുതൽ 1.77 ലക്ഷം വരെ) ശ്രേണിയേക്കാൾ അല്പം മാത്രം കൂടിയ വിലയിലാണ് ഹോണ്ട ബൈക്കുകൾ വിപണിയിൽ എത്തുന്നത്. അതിനാൽത്തന്നെ പ്രധാന എതിരാളി എക്സ്പൾസ് ആകും എന്നതിൽ സംശയമില്ല. എങ്കിലും എക്സ്പൾസിനെ കൂടാതെ കവസാക്കി KLX230 (₹2.19 ലക്ഷം) മോട്ടോർസൈക്കിളും വെല്ലുവിളി ഉയർത്തുന്നുണ്ട്. എന്നാൽ ഹീറോ എക്സ്പൾസിനെ അപേക്ഷിച്ച് വലിയ എഞ്ചിൻ കപ്പാസിറ്റിയാണ് ഹോണ്ട ബൈക്കുകളുടെ പ്രധാന പ്രത്യേകത.

Tags:    
News Summary - Honda XR300L and XR300 Rally Launched in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.