രണ്ട് മാസം കൊണ്ട് 20,000 ബുക്കിങ്; നേട്ടം കൊയ്യാനൊരുങ്ങിയ കിയ സിറോസ്

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ, ഇന്ത്യയിൽ അടുത്തിടെയാണ് പുതിയ സിറോസ് എസ്.യു.വി അവതരിപ്പിച്ചത്. സിറോസ് എച്ച്.ടി.കെ, എച്ച്,ടി,കെ (ഒ), എച്ച്.ടി.കെ +, എച്ച്.ടി.എക്സ്, എച്ച്.ടി.എക്സ് + എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിലാണ് വാഹനം അവതരിപ്പിച്ചത്. പെട്രോൾ-മാനുവൽ, പെട്രോൾ-ഓട്ടോമാറ്റിക്, ഡീസൽ-മാനുവൽ, ഡീസൽ-ഓട്ടോമാറ്റിക് എന്നിങ്ങനെ നാല് എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുകളിലും വാഹനം ലഭിക്കും. കിയയുടെ വാഹന നിരയിൽ സോനെറ്റിന് മുകളിലും സെൽറ്റോസിന് താഴെയുമാണ് സിറോസിൻ്റെ സ്ഥാനം.

വെറും രണ്ട് മാസം കൊണ്ട് 20,000 ബുക്കിങ് പൂർത്തീകരിച്ച വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2025 ഫെബ്രുവരി 1നാണ് ഔദ്യോഗികമായി പുറത്തിറക്കിയതെങ്കിലും ജനുവരി 3 മുതൽ വാഹനത്തിന്റെ പ്രീ ബുക്കിങുകൾ കമ്പനി ആരംഭിച്ചിരുന്നു. വാഹനം ബുക്ക് ചെയ്തതിൽ 67% ആളുകൾ പെട്രോൾ വകഭേദങ്ങളാണ് തിരഞ്ഞെടുത്തത്. പ്രീമിയം മോഡലുകൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്.

സാങ്കേതികവിദ്യക്ക് ഊന്നൽ നൽകിയാണ് സിറോസ് നിർമ്മിച്ചതെന്ന് കിയ പറയുന്നു. 16 കാർ കൺട്രോളറുകളുടെ റിമോട്ട് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ നൽകുന്ന ഓവർ-ദി-എയർ (ഒ.ടി.എ) അപ്‌ഡേറ്റുകൾ പോലുള്ള നിരവധി സവിശേഷതകൾ ഈ വാഹനത്തിലുണ്ട്. ഇത് ഉപയോക്താക്കളെ ഡീലർഷിപ്പുകളിൽ പോകുന്നത് ഒഴിവാക്കുന്നു. ഡ്രൈവിംഗ് അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 80ൽ അധികം കണക്റ്റഡ് സവിശേഷതകളുള്ള കിയ കണക്റ്റ് 2.0 സിസ്റ്റം, അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ലെവൽ 2വും എസ്‌.യു.വിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രീമിയം ലെവൽ സവിശേഷതകളോടെയാണ് കിയ സിറോസ് അവതരിപ്പിച്ചത്. 30 ഇഞ്ച് ട്രിനിറ്റി പനോരമിക് ഡിസ്‌പ്ലേ, ഡ്യുവൽ-പാനൽ പനോരമിക് സൺറൂഫ്, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, സെഗ്‌മെന്റിലെ ആദ്യ പിൻ സീറ്റ് റീക്ലൈൻ, സ്ലൈഡ്, വെന്റിലേഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കിയ സിറോസ് എഞ്ചിൻ സവിശേഷതകൾ

കിയ സിറോസ് പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ ലഭ്യമാണ്. സോണെറ്റ് ടർബോ മോഡലുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് സിറോസിന്റെ പെട്രോൾ വകഭേദങ്ങളിൽ ഉപയോഗിക്കുക. എഞ്ചിൻ, 118 ബി.എച്ച്.പി കരുത്തും 172 എൻ.എം മാക്സിമം ടോർക്കും ഉത്പാദിപ്പിക്കുന്നു. അതേസമയം സോണെറ്റ്, സെൽറ്റോസ്, കിയ കാരെൻസ് എന്നിവയിൽ കാണപ്പെടുന്ന അതേ 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് സിറോസിന്റെ ഡീസൽ വകഭേദങ്ങൾക്ക് കരുത്ത് പകരുന്നത് . സിറോസിന്റെ ഡീസൽ എഞ്ചിൻ 116 ബി.എച്ച്.പി പരമാവധി പവറും 250 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 

Tags:    
News Summary - 20,000 bookings in two months; Kia Syros is going to reap the benefits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.