വാഹന വിപണിയിൽ മികച്ച ലോട്ടറിയായി ജി.എസ്.ടി 2.0; അപ്പോളോ ടയേഴ്സിന്റെ എല്ലാ സെഗ്‌മെന്റ് ടയറുകൾക്കും വിലകുറയും

ന്യൂഡൽഹി: രാജ്യത്തെ മികച്ച ടയർ നിർമാതാക്കളും വിതരണക്കാരുമായ അപ്പോളോ ടയേഴ്സിന്റെ എല്ലാ സെഗ്‌മെന്റ് ടയറുകൾക്കും പുതിയ ജി.എസ്.ടി പരിഷ്കരണമനുസരിച്ച് വില കുറയുമെന്ന് കമ്പനി അറിയിച്ചു. കേന്ദ്ര സർക്കാറും ധനവകുപ്പും ജി.എസ്.ടി കൗൺസിലും ഏകീകൃതമായി നടപ്പിലാക്കിയ ജി.എസ്.ടി 2.0 അടിസ്ഥാനമാക്കിയാണ് ടയറുകൾക്ക് വില കുറയുന്നത്.

അപ്പോളോക്ക് പുറമെ സിയറ്റും നേരത്തെ ടയറുകൾക്ക് ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ജി.എസ്.ടി കൗൺസിലിന്റെ 56മത്തെ മീറ്റിങ്ങിലാണ് ഈ തീരുമാനം. നിലവിൽ എല്ലാ ടയറുകൾക്കും 28 ശതമാനമാണ് സർക്കാർ ജി.എസ്.ടി നിശ്ചയിച്ചിരിക്കുന്നത്. പുതിയ ജി.എസ്.ടി 2.0 നിലവിൽ വരുന്നതോടെ അത് 18 ശതമാനമായി കുറയും. ട്രാക്ടറുകളുടെ ടയറിനും ട്യൂബിനും 5 ശതമാനമായി പുതിയ ജി.എസ്.ടി നിരക്ക് കുറയും. ഈ ആനുകൂല്യം ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാനാണ് കമ്പനിയുടെ തീരുമാനം.

'ജി.എസ്.ടി കൗൺസിലിന്റെ പുരോഗമനമായ പുതിയ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇത് വ്യവസായ മേഖലക്കും ഗുണഭോക്താക്കൾക്കും ഒരുപോലെ ഗുണം ചെയ്യുമെന്ന് അപ്പോളോ ടയേഴ്‌സ് വൈസ് പ്രസിഡന്റ് രാജേഷ് ദനിയ പറഞ്ഞു. നികുതിയിലെ ഇളവുകൾ 100 ശതമാനമായും ജനങ്ങളിലേക്കെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാസഞ്ചർ കാർ, വാണിജ്യ വാഹനം, കാർഷിക മേഖലയിലെ വാഹനങ്ങൾ, ഇരുചക്ര വാഹനം തുടങ്ങിയ എല്ലാ സെഗ്‌മെന്റിലേയും ടയറുകളുടെ വിലയിൽ ഇളവ് ലഭിക്കും. രാജ്യത്തെ ഏറ്റവും മികച്ച ടയർ നിർമാതാക്കളും വിതരണക്കാരുമാണ് അപ്പോളോ ഗ്രൂപ്പ്. ഇന്ത്യയെ കൂടാതെ മറ്റ് 100 രാജ്യങ്ങളിലും ടയർ വിതരണം ചെയ്യുന്നുണ്ടെന്ന് അപ്പോളോ അവകാശപ്പെടുന്നു. 

Tags:    
News Summary - Apollo Tyres to cut prices following GST reduction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.