2025 ഓടെ ക്ഷയരോഗ മുക്തമാക്കാന്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: മാനദണ്ഡങ്ങളനുസരിച്ച് 2025 ഓടെ സംസ്ഥാനത്തെ ക്ഷയരോഗ മുക്തമാക്കാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്. ലോക ക്ഷയരോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഇ.എം.എസ്. ഹാളില്‍ വച്ച് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഇതിനായി ശാസ്ത്രീയമായ പരിപാടികളാണ് സംസ്ഥാനം ആവിഷ്‌ക്കരിച്ചു വരുന്നത്. താഴെത്തട്ട് മുതലും ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ചും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ക്ഷയരോഗ നിവാരണത്തില്‍ മരുന്ന് മാത്രമല്ല പോഷകാഹാരവും പ്രധാനമാണ്. സംസ്ഥാനത്ത് 2022ല്‍ രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്കായി 4.60 കോടി രൂപ അവരുടെ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.

ക്ഷയരോഗ പ്രതിരോധത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വലിയ പങ്ക് വഹിക്കുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും തുടരേണ്ടതുണ്ട്. ക്ഷയരോഗാണുബാധ കണ്ടെത്തുന്നതിനും ചികിത്സിച്ച് ഭേദമാക്കുന്നതിനും വളരെ കൃത്യമായ നയം വളരെ നേരത്തെ തന്നെ ആവിഷ്‌ക്കരിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം. നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷനിലൂടെ വിഭാവനം ചെയ്തിരിക്കുന്ന 10 കാര്യങ്ങളിലൊന്ന് രോഗനിര്‍മാര്‍ജനം.

കേരളം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ തലത്തില്‍ 2021ല്‍ വെങ്കലവും 2022ല്‍ വെള്ളിമെഡലും നേടിയിരുന്നു. ഈ കാലയളവില്‍ മറ്റൊരു സംസ്ഥാനത്തിനും ഇങ്ങനെയൊരു അംഗീകാരം ലഭിച്ചിട്ടില്ല എന്നത് പ്രോത്സാഹനമാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ക്ഷയരോഗ നിര്‍ണയവും ചികിത്സയും തികച്ചും സൗജന്യമാണ്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ക്ഷയരോഗ നിവാരണം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Veena George said that by 2025 strong actions have been started to eradicate tuberculosis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.