ഗർഭപാത്രത്തിന് ഉള്ളിൽ വളരേണ്ട കോശങ്ങൾ അണ്ഡാശയം, ഫാലോപ്യൻ ട്യൂബുകൾ തുടങ്ങിയ ഭാഗങ്ങളിൽ വളരുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. ലോകമെമ്പാടുമുള്ള സ്ത്രീകളിൽ പത്ത് ശതമാനത്തോളം പേരെ ബാധിക്കുന്ന വളരെ വേദനയേറിയ ഒരു ആരോഗ്യപ്രശ്നമാണിത്. സാധാരണയായി ഈ രോഗം കൃത്യമായി തിരിച്ചറിയാൻ 7 മുതൽ 10 വർഷം വരെ നീണ്ട താമസം വരാറുണ്ട്. നിലവിൽ 'ലാപ്രോസ്കോപ്പി' എന്ന ശസ്ത്രക്രിയയിലൂടെ മാത്രമാണ് ഈ രോഗം പൂർണ്ണമായി സ്ഥിരീകരിക്കാൻ സാധിക്കുന്നത്. എന്നാൽ ശസ്ത്രക്രിയകൾക്ക് വിധേയരാകാൻ മടിക്കുന്നവർക്കും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർക്കും ഇത് വലിയൊരു വെല്ലുവിളിയാണ്.
'നേച്ചർ' ജേണലിൽ പ്രസിദ്ധീകരിച്ച പുതിയൊരു പഠനമനുസരിച്ച് ഇനിമുതൽ ശസ്ത്രക്രിയകൾ ഇല്ലാതെ തന്നെ സ്ത്രീകളുടെ ആർത്തവരക്തം പരിശോധിച്ച് ഈ രോഗം കണ്ടെത്താനാകും. എൻഡോമെട്രിയോസിസ് ബാധിച്ച സ്ത്രീകളുടെ ആർത്തവരക്തത്തിലെ രോഗപ്രതിരോധ കോശങ്ങൾ, ജനിതക ഘടകങ്ങൾ, വീക്കത്തിന്റെ ലക്ഷണങ്ങൾ എന്നിവക്ക് സാധാരണയിൽ നിന്നും പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും. ഇവ തിരിച്ചറിഞ്ഞാണ് പുതിയ പരിശോധനാരീതി വികസിപ്പിക്കുന്നത്.
വർഷങ്ങളോളം രോഗനിർണ്ണയം വൈകുന്നത് മൂലമുണ്ടാകുന്ന കഠിനമായ വേദനയിൽ നിന്നും ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ആശ്വാസം നൽകാൻ ഈ പുതിയ പരിശോധനക്ക് സാധിക്കും. പ്രത്യേകിച്ച് ഇടുപ്പ് വേദന, ക്രമം തെറ്റിയതോ കഠിനമായ വേദനയോട് കൂടിയതോ ആയ ആർത്തവം, വന്ധ്യതാ പ്രശ്നങ്ങൾ എന്നിവ നേരിടുന്ന സ്ത്രീകൾക്ക് ഇത് ഏറെ പ്രയോജനകരമാകും. സാധാരണയായി ചെറുപ്പക്കാരിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ പലപ്പോഴും അവഗണിക്കപ്പെടാറുണ്ട്, എന്നാൽ ഈ ലളിതമായ ടെസ്റ്റിലൂടെ രോഗം തുടക്കത്തിലേ കണ്ടെത്താനാകും.
എങ്കിലും ഈ പുതിയ ആർത്തവരക്ത പരിശോധന ഇപ്പോഴും ഗവേഷണ ഘട്ടത്തിലാണ്. വലിയ തോതിലുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ശേഷമേ ഇതിന്റെ കൃത്യതയും വിശ്വാസ്യതയും പൂർണ്ണമായി ഉറപ്പാക്കാനും ലാപ്രോസ്കോപ്പി ശസ്ത്രക്രിയക്ക് പകരമായി ഇത് ഉപയോഗിക്കാനും സാധിക്കൂ. ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകൾക്കും ഈ രോഗത്തെക്കുറിച്ച് കൃത്യമായ അവബോധമില്ലാത്തതിനാൽ ഭാവിയിൽ ഈ ടെസ്റ്റ് നിലവിൽ വരുന്നത് വഴി വളരെ കുറഞ്ഞ ചെലവിൽ രോഗനിർണ്ണയം നടത്താനും മികച്ച ചികിത്സ ലഭ്യമാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.