അമരാവതി: ആന്ധ്രാപ്രദേശിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് കോവിഡിന്‍റെ പുതിയ വകഭേദം. സംസ്ഥാനത്ത് ഈയിടെ സ്ഥിരീകരിക്കപ്പെട്ട കേസുകൾ ഒമിക്രോൺ ആർ.എഫ്-5 വകഭേദമാണെന്ന് സ്ഥിരീകരിച്ചു. കടപ്പ ജില്ലയിൽ നിന്ന് ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് ശേഖരിച്ച നാല് സാമ്പിളുകൾ ജീനോം പരിശോധനക്കായി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ.ഐ.വി) ലാബിലേക്ക് അയച്ചിരുന്നു. ഇതിലാണ് ഈ വകഭേദം തിരിച്ചറിഞ്ഞത്.
ഒമിക്രോൺ ആർ.എഫ്-5
SARS-CoV-2 വൈറസിന്റെ ഉയർന്നുവരുന്ന ഒരു വകഭേദമാണ് ഒമിക്രോൺ ആർ.എഫ്-5 ഉപ-വകഭേദം. ഇത് നേരത്തെ സിംഗപ്പൂരിലും തെക്കുകിഴക്കൻ ഏഷ്യയിലെ പല രാജ്യങ്ങളിലും കണ്ടെത്തിയിരുന്നു. ലഭ്യമായ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ, ആർ.എഫ്-5 മറ്റ് ഒമിക്രോൺ വകഭേദങ്ങളേക്കാൾ അപകടകരമാണെന്നതിന് സൂചനകളില്ലെന്ന് ആന്ധ്രാപ്രദേശ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിഷ്ണു വർധൻ വ്യക്തമാക്കി. അതിനാൽ, പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല.
കോവിഡ് തിരിച്ചുവരവിൽ ആന്ധ്രാപ്രദേശിൽ മരണപ്പെട്ടവർക്ക് പ്രമേഹം അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരോഗ്യപ്രവർത്തകർ വിലയിരുത്തുന്നു.
മുതിർന്ന പൗരന്മാർ, ഗർഭിണികൾ, പ്രമേഹം, ഹൈപ്പർടെൻഷൻ, വൃക്കരോഗം തുടങ്ങിയ അസുഖങ്ങളുള്ളവർക്ക് ഗുരുതരമായ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. കരൾ രോഗം, വൃക്കരോഗം, നിയന്ത്രണത്തിലല്ലാത്ത പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, പക്ഷാഘാതം എന്നിവയുള്ളവർ കഫം കെട്ടിയ ചുമ, ഉയർന്ന പനി, ശ്വാസംമുട്ട് എന്നിവ അനുഭവപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. ദിലീപ് ഗുഡെ പറയുന്നു.
ലക്ഷണങ്ങൾ
ആർ.എഫ്-5 ഉപ-വകഭേദത്തിന്റെ ലക്ഷണങ്ങൾ മുൻപുള്ള ഒമിക്രോൺ വകഭേദങ്ങളുടേതിന് സമാനമാണ്. അവ കൂടുതലും മേൽ ശ്വാസകോശ നാളിയിലാണ് അനുഭവപ്പെടുന്നത്. തൊണ്ടവേദന, ചുമ, പനി, തലവേദന, മൂക്കൊലിപ്പ് അല്ലെങ്കിൽ മൂക്കടപ്പ്, ക്ഷീണം, ശരീരവേദന എന്നിവ അനുഭവപ്പെടാം. ആന്ധ്രാപ്രദേശിലെ കോവിഡ്-19 കേസുകൾ ഒറ്റപ്പെട്ടതായി തുടരുന്നുവെന്നും സംസ്ഥാനത്തെ ആശുപത്രികൾ സാഹചര്യത്തെ നേരിടാൻ പൂർണ്ണമായും സജ്ജമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ആശുപത്രികളിൽ പ്രത്യേക വാർഡുകളും കിടക്കകളും ഒരുക്കുന്നുണ്ട്. കൂടാതെ, കോവിഡ്-19 കണ്ടെത്താനും ചികിത്സിക്കാനും ആവശ്യമായ ടെസ്റ്റിങ് കിറ്റുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.