സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ നിരോധിച്ച് ഉത്തരവ്

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ച് ഉത്തരവ്​. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണമെന്നും വ്യക്തമാക്കണം. പാർസല്‍ കൊടുക്കുന്ന ഭക്ഷണ സാധനങ്ങള്‍ നിശ്ചിത സമയപരിധി കഴിഞ്ഞ് കഴിക്കുന്നതിലൂടെ ഭക്ഷ്യ സുരക്ഷ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടര്‍ന്നാണ് നടപടി. നേരത്തേ ഇതു തീരുമാനിച്ചിരുന്നെങ്കിലും ഇ​പ്പോഴാണ്​ ഉത്തരവിറങ്ങിയത്​. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ്​ നിരോധിച്ച്​ കഴിഞ്ഞയാഴ്ച ഉത്തരവിറങ്ങിയിരുന്നു.

ഭക്ഷ്യസുരക്ഷാ നിലവാര ചട്ടം പ്രകാരം ‘ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ്’ വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. ഇത്തരം ഭക്ഷണം എത്തിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തേണ്ടതാണ്.

ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ രണ്ടു മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരവും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനവും ഉത്തരവും.

ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡും നിര്‍ബന്ധമാക്കി​. ഫെബ്രുവരി ഒന്നു​മുതൽ ഹെൽത്ത്​ കാർഡില്ലാ​ത്ത ജീവനക്കാരെ ഉപയോഗിച്ച്​ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന്​ ആരോഗ്യവകുപ്പ്​ വ്യക്തമാക്കിയിട്ടുണ്ട്​. 

Tags:    
News Summary - Order banning food parcels without slip or sticker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.