പ്രതീകാത്മക ചിത്രം

അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഭീഷണിയായി അഡെനോ വൈറസ്; ജാഗ്രത വേണമെന്ന് ഐ.സി.എം.ആർ മുന്നറിയിപ്പ്

ന്യൂഡൽഹി: രാജ്യത്തെ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ കഠിനമായ വയറിളക്കത്തിനും ഛർദ്ദിക്കും കാരണമാകുന്ന വൈറസുകളിൽ 'അഡെനോ വൈറസ്-എഫ്' (Human Adenovirus-F) അതിവേഗം പടരുന്നതായി ഗവേഷകർ. കൊൽക്കത്തയിലെ ഐ.സി.എം.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ബാക്ടീരിയൽ ഇൻഫെക്ഷൻസിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

6 മാസം മുതൽ 24 മാസം വരെ പ്രായമുള്ള കുട്ടികളിലാണ് അഡെനോ വൈറസ്-എഫ് ബാധിക്കാൻ കൂടുതൽ സാധ്യതയെന്ന് പഠനം പറയുന്നു. ഇതിൽ തന്നെ 6-12 മാസം പ്രായമുള്ളവരാണ് ഏറ്റവും വലിയ ഭീഷണി നേരിടുന്നത്. ഈ പ്രായത്തിൽ കുട്ടികളുടെ പ്രതിരോധ സംവിധാനം പൂർണ്ണമായി വികസിച്ച് വരാത്തതാണ് അണുബാധ വേഗത്തിൽ ബാധിക്കാൻ കാരണമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. കൊൽക്കത്തയിലെ ആശുപത്രികളിൽ ചികിത്സ തേടിയ 1,283 കുട്ടികളുടെ മലം പരിശോധിച്ചതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. റോട്ടാവൈറസ് 23.46% (ഏറ്റവും കൂടുതൽ), അഡെനോ വൈറസ്-എഫ് (HAdV-F): 10.68%, നോറോവൈറസ് (Norovirus): 9.12% എന്നിങ്ങനെയാണ് പ്രധാന കണ്ടെത്തലുകൾ.

രോഗലക്ഷണങ്ങൾ

മറ്റ് വൈറൽ വയറിളക്കങ്ങളെ അപേക്ഷിച്ച് അഡെനോ വൈറസ് ബാധിച്ചാൽ ലക്ഷണങ്ങൾ കൂടുതൽ ദിവസങ്ങൾ നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്. കുട്ടികളിൽ വയറുവേദനയും അസ്വസ്ഥതയും പ്രകടമാകും.

ശക്തമായ വയറിളക്കം: സാധാരണയായി 5 മുതൽ 12 ദിവസം വരെ നീണ്ടുനിൽക്കാം.

ഛർദ്ദി: വയറിളക്കം തുടങ്ങുന്നതിന് മുൻപോ ഒപ്പമോ ഛർദ്ദി അനുഭവപ്പെടാം.

പനി: ചെറിയ തോതിലോ മിതമായ തോതിലോ ഉള്ള പനി.

നിർജ്ജലീകരണം: ശരീരം തളരുക, വായ ഉണങ്ങുക, മൂത്രത്തിന്റെ അളവ് കുറയുക എന്നിവ ശ്രദ്ധിക്കണം.

എങ്ങനെയാണ് രോഗം പടരുന്നത്?

അഡെനോ വൈറസ് വളരെ വേഗത്തിൽ പകരുന്ന ഒന്നാണ്.

മലിനമായ കൈകൾ: രോഗബാധിതനായ കുട്ടിയുടെ മലം കൈകാര്യം ചെയ്ത ശേഷം കൈകൾ ശരിയായി കഴുകാതിരുന്നാൽ വൈറസ് പടരും.

മലിനമായ വെള്ളവും ഭക്ഷണവും: ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ വൈറസ് ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ഉള്ളിലെത്താം.

പ്രതലങ്ങൾ: കളിപ്പാട്ടങ്ങൾ, വാതിൽപ്പിടികൾ എന്നിവയിൽ വൈറസ് ദീർഘനേരം നിലനിൽക്കും.

നിലവിൽ റോട്ടാവൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിനുകൾ ലഭ്യമായതോടെ അതിന്റെ ആഘാതം കുറഞ്ഞു വരുന്നുണ്ട്. എന്നാൽ ഇതിന് പിന്നാലെ അഡെനോ വൈറസ് പോലുള്ള മറ്റ് വൈറസുകൾ കൂടുതൽ കരുത്താർജ്ജിക്കുന്നത് ആരോഗ്യരംഗത്ത് പുതിയ വെല്ലുവിളിയാവുകയാണ്. അഡെനോ വൈറസ്-എഫിൽ പുതിയ ജനിതക വ്യതിയാനങ്ങൾ കണ്ടെത്തിയതായി മുഖ്യ ഗവേഷകയായ ഡോ. മമത ചൗള സർക്കാർ വ്യക്തമാക്കി. വൈറസിന്റെ പ്രോട്ടീൻ ഘടനയിൽ മാറ്റം വരുന്ന പുതിയ വകഭേദങ്ങൾ രോഗം പടരാനുള്ള സാധ്യതയും തീവ്രതയും വർധിപ്പിച്ചേക്കാം. ഇത് ഭാവിയിൽ വാക്സിനുകളുടെ ഫലപ്രാപ്തിയെ ബാധിക്കുമെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ വൈറസ് വ്യാപനത്തിന് ആക്കം കൂട്ടുന്നതായും പഠനം വ്യക്തമാക്കുന്നു. ഉയർന്ന താപനിലയും അന്തരീക്ഷത്തിലെ ഈർപ്പവും രോഗം വേഗത്തിൽ പടരാൻ കാരണമാകുന്നു. പ്രത്യേകിച്ച് മഴക്കാലത്താണ് ഇത്തരം അണുബാധകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്.

ലോകമെമ്പാടും പ്രതിവർഷം 1.7 ബില്യൺ വയറിളക്ക കേസുകളാണ് കുട്ടികളിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ 70 ശതമാനവും വൈറസ് മൂലമാണ്. ഈ സാഹചര്യത്തിൽ, അഡെനോ വൈറസിനെതിരെ കൃത്യമായ രോഗനിർണയ സംവിധാനങ്ങൾ ആശുപത്രികളിൽ ഒരുക്കണമെന്നും പ്രതിരോധ വാക്സിനുകൾ വികസിപ്പിക്കുന്നത് മുൻഗണന നൽകണമെന്നും ഐ.സി.എം.ആർ നിർദേശിക്കുന്നു.

Tags:    
News Summary - Why Are Diarrhea Cases Rising In Children Under 5? ICMR Study Reveals Causes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.