വാഷിങ്ടൺ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC), ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ വീണ്ടും പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ കടുത്ത യാത്രാ നിർദേശങ്ങളുമായി അമേരിക്ക. സി.ഡി.സി, ലോകാരോഗ്യ സംഘടന എന്നിവയുടെ മുന്നറിയിപ്പുകളെ തുടർന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
കോംഗോ, ദക്ഷിണ സുഡാൻ, ഉഗാണ്ട എന്നീ രാജ്യങ്ങളിലേക്ക് അമേരിക്കൻ പൗരന്മാർ യാതൊരു കാരണവശാലും യാത്ര ചെയ്യരുതെന്ന് നിർദേശിക്കുന്ന 'ലെവൽ 4' മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. അയൽരാജ്യമായ റുവാണ്ടയിലേക്ക് പോകുന്നവർ യാത്ര പുനപ്പരിശോധിക്കണമെന്ന് വ്യക്തമാക്കുന്ന 'ലെവൽ 3' മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ രോഗവ്യാപനത്തിൽ ഇതുവരെ 131 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ 21 ദിവസത്തിനിടെ എബോള ബാധിത രാജ്യങ്ങൾ സന്ദർശിച്ച വിദേശ പൗരന്മാർക്ക് അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പൊതുജനാരോഗ്യം മുൻനിർത്തി വിദേശികൾക്ക് താൽക്കാലികമായി വിലക്കേർപ്പെടുത്താൻ അനുവാദം നൽകുന്ന 'ടൈറ്റിൽ 42' (Title 42) നിയമം പ്രയോഗിച്ചാണ് സി.ഡി.സി പുതിയ ഉത്തരവിറക്കിയത്. രോഗവ്യാപനത്തിൽ താൻ ആശങ്കാകുലനാണെന്നും എന്നാൽ നിലവിൽ അമേരിക്കയിലേക്ക് രോഗം പടർന്നിട്ടില്ലെന്ന് വിശ്വസിക്കുന്നതായും പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കി.
ദക്ഷിണ സുഡാനിലെ ആരോഗ്യരംഗം വളരെ പരിതാപകരമാണെന്ന് യു.എസ് ഭരണകൂടം ഓർമിപ്പിച്ചു. അവിടെ അടിയന്തര ഘട്ടങ്ങളിൽ മതിയായ ചികിൽസയോ മെഡിക്കൽ ഇവാക്വേഷൻ സൗകര്യങ്ങളോ ലഭ്യമായെന്ന് വരില്ല. അഥവാ ലഭ്യമായാൽ തന്നെ അതിനുള്ള ഭാരിച്ച ചിലവ് പൗരന്മാർ സ്വയം വഹിക്കേണ്ടി വരുമെന്നും യു.എസ് ട്രാവൽ അഡ്വൈസറിയിൽ പറയുന്നു.
കോംഗോയിൽ രോഗികളെ ചികിത്സിക്കുന്നതിനിടയിൽ അമേരിക്കൻ മിഷനറി ഡോക്ടറായ പീറ്റർ സ്റ്റാഫോർഡിന് എബോള ബാധിച്ചതായി സ്ഥിരീകരിച്ചു. 2019 മുതൽ ആഫ്രിക്കയിൽ സേവനമനുഷ്ഠിക്കുന്ന ഡോ. പീറ്ററിന്റെ ഭാര്യ ഡോ. റെബേക്ക സ്റ്റാഫോർഡും രോഗികളെ പരിചരിക്കുന്നതിൽ ഒപ്പമുണ്ടായിരുന്നു. ഇവരുടെ നാല് കുട്ടികളെയും നിലവിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
യു.എസ് സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചു ഡോ. പീറ്ററിനെ വിദഗ്ധ ചികിത്സക്കായി ജർമ്മനിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇത്തരം മാരക രോഗാണുക്കൾ ബാധിച്ചവരെ ചികിത്സിക്കാൻ ജർമ്മനിയിൽ മികച്ച വിദഗ്ധ ശൃംഖലയുണ്ടെന്ന് ജർമൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗബാധിതരായ വ്യക്തികളുടെ ശരീരസ്രവങ്ങളുമായോ രക്തവുമായോ നേരിട്ട് സമ്പർക്കത്തിൽ വരുന്നതിലൂടെ പടരുന്ന മാരകമായ രക്തസ്രാവ പനിയാണ് എബോള. വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന ഈ രോഗം ബാധിച്ചാൽ മരണം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എബോള വൈറസ് ബാധിച്ചാൽ സാധാരണയായി 2 മുതൽ 21 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. തുടക്കത്തിൽ സാധാരണ പനിയുടെ ലക്ഷണങ്ങളാണെങ്കിലും പിന്നീട് ഇത് ഗുരുതരമായ അവസ്ഥയിലേക്ക് മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.