വിദ്യാർഥികളിൽ ആത്മഹത്യാ ചിന്ത കൂടുന്നു; സുപ്രീംകോടതി സർവേ
ന്യൂഡൽഹി: വിദ്യാർഥികളുടെ ആത്മഹത്യകൾ ദിനംപ്രതി മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ നിറയുമ്പോൾ ജീവിതം അവസാനിപ്പിക്കാനുള്ള ചിന്തയുമായി നടക്കുന്ന കൂടുതൽ കുട്ടികൾ രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെ കാമ്പസുകളിലുണ്ടെന്ന മുന്നറിയിപ്പുമായി സുപ്രീംകോടതി നിയോഗിച്ച ദൗത്യസംഘത്തിന്റെ സർവേ.
ഭാവിയെക്കുറിച്ച് അനിശ്ചിതത്വവും കൂട്ടുകാരുടെയിടയിൽ അന്യതാബോധവും അനുഭവിക്കുന്നവരും കുറവല്ല. ദൗത്യസംഘം അന്തിമ സർവേ റിപ്പോർട്ട് ഒക്ടോബർ 31ന് സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്നാണ് കരുതുന്നത്.
പഠനവുമായി ബന്ധപ്പെട്ട സമ്മർദങ്ങളും, പഠനം പൂർത്തിയായാൽ ജോലി കിട്ടുമോയെന്ന അനിശ്ചിതത്വവും ഇഷ്ടമുള്ള ജോലി കിട്ടാൻ പോകുന്നില്ലെന്ന തോന്നലുമാണ് പലരുടെയും നിരാശക്ക് കാരണം. രാജ്യമാകെ നടത്തിയ സർവേയിൽ പ്രതികരണം അറിയിച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പത്ത് വിദ്യാർഥികളെ എടുത്താൽ അതിൽ ഒരാൾക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ ആത്മഹത്യാ ചിന്ത ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ നിരാശയും ആശങ്കയും ഉത്സാഹമില്ലായ്മയും അലട്ടിയെന്നാണ് പതിനഞ്ച് ശതമാനം വിദ്യാർഥികൾ വെളിപ്പെടുത്തിയത്.
മൊത്തം 2.43 ലക്ഷം വിദ്യാർഥികളാണ് സർവേയിൽ പ്രതികരിച്ചത്. അതിൽ 34 ശതമാനം പേർക്കും കാമ്പസുകളിൽ തങ്ങൾ അന്യരാണെന്ന ചിന്തയാണുള്ളത്. സർവേയോട് സഹകരിച്ചവരിൽ 67 ശതമാനം പേർ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗക്കാർ ആയിരുന്നു. വിദ്യാർഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സ്ഥാപനങ്ങളിൽ നിന്ന് തക്ക സമയത്ത് ഇടപെടലും പിന്തുണയും വേണം. അത് സുതാര്യമായിരിക്കുകയും വേണമെന്ന് ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.