കാഴ്ച മാത്രമല്ല, കണ്ണ് പരിശോധനയിലൂടെ ഹൃദയത്തിന്‍റെ ആരോഗ്യവും തിരിച്ചറിയാം...
ഹൃദയാഘാത സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാൻ സാധാരണ കണ്ണ് പരിശോധനകൾക്ക് സാധിക്കുമെന്ന് പുതിയ പഠനം പറയുന്നു. കണ്ണിന്റെ റെറ്റിനയും ഹൃദയാരോഗ്യവും തമ്മിൽ വളരെ പ്രധാന ബന്ധമുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ശരീരത്തിൽ യാതൊരുവിധ ശസ്ത്രക്രിയകളോ മരുന്നുകൾ കുത്തിവെക്കുകയോ ചെയ്യാതെ തന്നെ രക്തക്കുഴലുകൾ നേരിട്ട് കാണാൻ കഴിയുന്ന ശരീരത്തിലെ ഏക ഭാഗമാണ് കണ്ണിന്റെ ഉൾപ്പാളിയായ റെറ്റിന. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികളുടെ അതേ ഘടന തന്നെയാണ് റെറ്റിനയിലെ സൂക്ഷ്മ രക്തക്കുഴലുകൾക്കുമുള്ളത്. ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ, ശരീരത്തിലെ വീക്കം എന്നീ രോഗങ്ങൾ ഹൃദയത്തെ ഗുരുതരമായി ബാധിക്കുന്നതിന് മുമ്പ് തന്നെ റെറ്റിനയിലെ രക്തക്കുഴലുകളിൽ പ്രകടമായ മാറ്റങ്ങൾ വരുത്തുന്നു. കണ്ണ് പരിശോധനയിലൂടെ ഡോക്ടർമാർക്ക് ഇത്തരം വ്യതിയാനങ്ങൾ എളുപ്പത്തിൽ കണ്ടെത്താനാകും.
രക്തസമ്മർദം കൂടുമ്പോൾ റെറ്റിനയിലെ ധമനികളുടെ മതിൽ കട്ടി കൂടുകയും രക്തയോട്ടത്തിനുള്ള സ്ഥലം കുറയുകയും ചെയ്യുന്നു. ഇതോടൊപ്പം കട്ടി കൂടിയ ധമനികൾ സമീപത്തുള്ള സിരകളിൽ അമരുമ്പോൾ അവ വീർത്തു വരുന്ന അവസ്ഥയും ഉണ്ടാകുന്നു. രക്തക്കുഴലുകളിലെ ചെറിയ രക്തസ്രാവങ്ങൾ ധമനികൾ കട്ടിയാകുന്നതിന്റെ തുടക്ക ലക്ഷണമാണ്. അപൂർവമായി ചിലപ്പോൾ മഞ്ഞ നിറത്തിലുള്ള കൊളസ്ട്രോൾ തരികൾ റെറ്റിനയിൽ കാണുന്നത് ഹൃദയ പരിശോധന ഉടൻ നടത്തണമെന്നതിന്റെ കൃത്യമായ സൂചനയാണ് നൽകുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് റെറ്റിന സ്കാൻ വിശകലനം ചെയ്യുന്നതിലൂടെ ഒരാളുടെ രക്തക്കുഴലുകളുടെ പ്രായം കണ്ടെത്താനും, അതുവഴി ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള പക്ഷാഘാതം, ഹൃദയാഘാതം എന്നിവ മുൻകൂട്ടി പ്രവചിക്കാനും സാധിക്കുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. അതിനാൽ തന്നെ കണ്ണ് പരിശോധനയിൽ രക്തക്കുഴലുകളിൽ ഇത്തരം മാറ്റങ്ങൾ കണ്ടെത്തുകയാണെങ്കിൽ, അത് വെറും കാഴ്ചയുടെ പ്രശ്നമായി തള്ളിക്കളയാതെ ഉടൻ തന്നെ ഒരു ഹൃദ്രോഗ വിദഗ്ധനെ കണ്ട് കൃത്യമായ പരിശോധനകൾ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.