‘എല്ലാം കേൾക്കുന്നുണ്ട്’; നായകളെ കുറിച്ച് പുതിയ കണ്ടെത്തൽ
മനുഷ്യന്റെ സംസാരത്തിൽ നിന്നും വാക്കുകളെ പ്രത്യേകം വേർതിരിച്ചറിയാൻ നായകളുടെ മസ്തിഷ്കത്തിന് സാധിക്കുമെന്ന് പുതിയ പഠനങ്ങൾ. ഹംഗറിയിലെ എൽറ്റെ സർവകലാശാലയിലെ ന്യൂറോഇത്തോളജി വിഭാഗം ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ നിർണായക വിവരമുള്ളത്.
മനുഷ്യർ സംസാരിക്കുമ്പോൾ വാക്കുകളുടെ ഘടനയും താളവും മനസ്സിലാക്കിയാണ് നായകൾ ഇത് തിരിച്ചറിയുന്നത്. ശാസ്ത്രലോകത്ത് ‘കൺസൊനൻറ് ബയാസ്’(Consonant Bias) എന്നറിയപ്പെടുന്ന ഈ സവിശേഷത മനുഷ്യരിലല്ലാതെ മറ്റൊരു ജീവിയിൽ കണ്ടെത്തുന്നത് ഇതാദ്യമായാണ്. 20 മനുഷ്യരിലും 20 വളർത്തുനായകളിലും ഇഇജി(ഇ.ഇ.ജി) സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത്. മനുഷ്യന്റെ സംസാരം കേൾക്കുമ്പോൾ നായകളുടെ മസ്തിഷ്ക തരംഗങ്ങൾ വാക്കുകളുടെ താളത്തിനൊപ്പം കൃത്യമായി പ്രതികരിക്കുന്നതായി ശാസ്ത്രജ്ഞർ നിരീക്ഷിച്ചു.
ചെറുപ്പകാലത്ത് മനുഷ്യരുമായി കൂടുതൽ ഇടപഴകാൻ അവസരം ലഭിക്കാത്ത, തെരുവുകളിലോ മൃഗസംരക്ഷണ കേന്ദ്രങ്ങളിലോ കഴിഞ്ഞ നായകളിലും ഈ കഴിവ് ഒരേപോലെ കാണപ്പെടുന്നുണ്ടെന്നാണ് നിഗമനം. ജന്മനാ തന്നെയുള്ള ഭാഷാ ശേഷി കൊണ്ടല്ല, മറിച്ച് മനുഷ്യന്റെ സംസാരം നിരന്തരമായി കേൾക്കുന്നതിലൂടെ മസ്തിഷ്കം തനിയെ ഈ പാറ്റേണുകൾ പഠിച്ചെടുക്കുന്നതാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ മനുഷ്യർ ഓരോ ചെറിയ ശബ്ദങ്ങളെയും വേർതിരിച്ച് വിശകലനം ചെയ്യുമ്പോൾ നായകൾ അക്ഷരങ്ങളെയാണ് അവയുടെ ഏറ്റവും ചെറിയ യൂണിറ്റായി സ്വീകരിക്കുന്നതെന്നും പഠനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.