കാൻസർ മരുന്ന് കൊള്ള: കേന്ദ്രത്തിന് സുപ്രീംകോടതി വിമർശനം
ന്യൂഡൽഹി: കാൻസർ മരുന്നുകളുടെയും മറ്റ് ജീവൻരക്ഷാ ഔഷധങ്ങളുടെയും വില നിയന്ത്രണ സംവിധാനങ്ങളുടെ അഭാവത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. കാൻസർ മരുന്നുകളുടെ മൊത്ത വിൽപന വിലയും ചില്ലറ വിൽപന വിലയും തമ്മിലുള്ള ഭീമമായ അന്തരം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ച് രൂക്ഷമായ നിരീക്ഷണങ്ങൾ നടത്തിയത്.
ഏകദേശം 3,000 രൂപ മാത്രമുള്ള മരുന്നുകൾക്ക് 27,000 രൂപ വില ഈടാക്കുന്ന സാഹചര്യങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് രോഗികളോടുള്ള പകൽക്കൊള്ളയാണെന്നും നടപടിയെടുക്കേണ്ട അധികാരികൾ മൗനം പാലിക്കുന്നത് ആശ്ചര്യകരമാണെന്നും ബെഞ്ച് കുറ്റപ്പെടുത്തി. ജീവൻരക്ഷാ മരുന്നുകൾക്ക് എന്തുകൊണ്ടാണ് വിലനിയന്ത്രണം ഏർപ്പെടുത്താത്തതെന്നും, എല്ലാ മരുന്നുകൾക്കും പരമാവധി 16 ശതമാനം ട്രേഡ് മാർജിൻ മാത്രം അനുവദിക്കുന്ന ഏകീകൃത നിയമം കൊണ്ടുവന്നുകൂടേയെന്നും കോടതി ചോദിച്ചു.
27,000 രൂപ എം.ആർ.പി അച്ചടിച്ച മരുന്ന് ഫാർമസിസ്റ്റ് യഥാർഥ വിലയായ 3,000 രൂപക്ക് നൽകിയാൽ വ്യാജമരുന്നാണോ എന്ന് സാധാരണക്കാരായ രോഗികൾ സംശയിക്കുന്ന തരത്തിൽ വിപണിയിലെ വിശ്വാസ്യത തകർന്നു.
സ്വകാര്യ കോർപറേറ്റ് ആശുപത്രികൾ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായ സ്ഥാപനങ്ങളായി മാറിയെന്ന് കോടതി നിരീക്ഷിച്ചു. പുറത്തുനിന്ന് മരുന്ന് വാങ്ങി നൽകിയാൽ ചികിത്സ ഉറപ്പുനൽകില്ലെന്ന് പറഞ്ഞ്, രോഗികളെ ആശുപത്രിക്കകത്തെ ഫാർമസികളിൽ നിന്നുമാത്രം ഉയർന്ന വിലക്ക് മരുന്ന് വാങ്ങാൻ നിർബന്ധിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഷെഡ്യൂളിൽ ഉൾപ്പെടുത്താത്ത മരുന്നുകളുടെ വിലക്കയറ്റത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുക, മെഡിക്കൽ ഉപകരണങ്ങൾക്ക് പരമാവധി ചില്ലറ വില പരിധി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഒക്ടോബർ 12ന് വിശദമായ വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.