ന്യൂഡൽഹി: മൂത്ര, ലൈംഗീക സംബന്ധമായ അസ്വസ്ഥതകൾ പുറത്തുപറയാനുള്ള മടിയും ചികിത്സ വൈകുന്നതും കാരണം ഇന്ത്യയിൽ പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ക്യാൻസർ വർധിക്കുന്നതായി പഠനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) കണക്കുകൾ പ്രകാരം, രാജ്യത്ത് പുരുഷന്മാരിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പത്ത് ക്യാൻസറുകളിൽ ഒന്നായി പ്രോസ്റ്റേറ്റ് ക്യാൻസർ മാറി. ഡൽഹി, ബെംഗളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളിലാണ് രോഗബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ദേശീയ ഓങ്കോളജി രജിസ്ട്രികളുടെ കണക്കനുസരിച്ച്, 60 ശതമാനത്തിലധികം കേസുകളും രോഗം മൂർച്ഛിച്ച ഘട്ടത്തിലാണ് കണ്ടെത്തുന്നത്. 45 വയസ്സിന് മുകളിലുള്ള പുരുഷന്മാർ, മൂത്രവിസർജ്ജനത്തിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങളെയോ ലൈംഗികാരോഗ്യ പ്രശ്നങ്ങളെയോ പ്രായമാകുമ്പോൾ ഉണ്ടാകുന്ന സാധാരണ മാറ്റങ്ങളായി കരുതി അവഗണിക്കുന്നതാണ് പ്രശ്നം ഗുരുതരമാക്കുന്നത്.
അവഗണിക്കാൻ പാടില്ലാത്ത മൂന്ന് മുന്നറിയിപ്പുകൾ:
രാത്രിയിൽ ഇടയ്ക്കിടെയുള്ള മൂത്രശങ്ക
രാത്രിയിൽ പലതവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്ന അവസ്ഥയായ 'നോക്റ്റൂറിയ'യെ ഒരിക്കലും അവഗണിക്കരുത്. മൂത്രസംബന്ധമായോ ലൈംഗികാരോഗ്യസംബന്ധമായോ ഉള്ള പ്രശ്നങ്ങളെക്കുറിച്ച് ഡോക്ടർമാരോട് സംസാരിക്കാൻ പോലും പുരുഷന്മാർ മടിക്കുന്നുവെന്നും ഇത് രോഗനിർണ്ണയത്തെയും ചികിത്സയെയും വൈകിപ്പിക്കുന്നതായും എഫ്.എം.ആർ.ഐയിലെ യൂറോളജി ഡയറക്ടറും റോബോട്ടിക് യൂറോളജിക്കൽ സർജറി വിഭാഗം മേധാവിയുമായ ഡോ. വിക്രം ശർമ്മ പറയുന്നു. പ്രോസ്റ്റേറ്റ് പ്രശ്നങ്ങളുടെ ആദ്യ ലക്ഷണങ്ങളിലൊന്നായി ഇത് പലപ്പോഴും കാണപ്പെടുന്നു. വാസ്തവത്തിൽ, പ്രായമായ പുരുഷന്മാരിൽ സ്ഥിരമായി കണ്ടുവരുന്ന നോക്റ്റൂറിയ, ബിനൈൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ (BPH) അല്ലെങ്കിൽ മുഴകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകുമ്പോൾ അത് മൂത്രനാളിയിൽ സമ്മർദ്ദം ചെലുത്തുന്നു. ഇത് മൂത്രസഞ്ചിക്ക് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു. പ്രോസ്റ്റേറ്റ് വലുതാകുന്നത് സാധാരണമാണെങ്കിലും, അത് ക്യാൻസറാണോ എന്ന് കണ്ടെത്താൻ ഒരു യൂറോളജിക്കൽ പരിശോധന അത്യന്താപേക്ഷിതമാണ്.
മൂത്ര തടസ്സം
മൂത്ര തടസ്സം 'പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ' ആയി തള്ളിക്കളയരുത്. അവ പ്രോസ്റ്റേറ്റ് ക്യാൻസർ പോലുള്ള ഗുരുതര രോഗങ്ങളുടെ ലക്ഷണങ്ങളാവാം എന്ന് ഡോ. വിക്രം ശർമ്മ വിശദീകരിക്കുന്നു. ആരോഗ്യമുള്ള ഒരു മൂത്രസഞ്ചി തടസ്സമില്ലാതെ മൂത്രം പുറന്തള്ളണം. മൂത്രമൊഴിക്കാൻ പ്രയാസം നേരിടുകയോ, ഒഴുക്ക് കുറയുകയോ ചെയ്യുന്നത് മൂത്രനാളിയിൽ തടസ്സമുണ്ടെന്നതിന്റെ ലക്ഷണമാണ്. 'ദി ജേണൽ ഓഫ് യൂറോളജി'യിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, പ്രോസ്റ്റേറ്റ് തടസ്സം മൂലമുണ്ടാകുന്ന നീണ്ടുനിൽക്കുന്ന മൂത്രശങ്ക മൂത്രനാളിയിലെ അണുബാധയ്ക്കും (UTI), മൂത്രസഞ്ചിയിൽ കല്ലുകൾ രൂപപ്പെടുന്നതിനും വൃക്ക തകരാറുകൾക്കും കാരണമാകുന്നു. ഇത് തുടക്കത്തിൽ തന്നെ ചികിത്സിച്ചില്ലെങ്കിൽ മൂത്രസഞ്ചിയുടെ പ്രവർത്തനക്ഷമത എന്നെന്നേക്കുമായി നഷ്ടപ്പെടാം.
ഉദ്ധാരണക്കുറവ്
ഉദ്ധാരണക്കുറവ് (Erectile dysfunction) അല്ലെങ്കിൽ സ്ഖലന സമയത്ത് വേദന. ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധിച്ചാൽ നേരത്തെ രോഗം കണ്ടെത്താനും ജീവൻ രക്ഷിക്കാനും കഴിയും. പലപ്പോഴും മാനസിക പ്രശ്നമായോ അല്ലെങ്കിൽ ഹൃദയസംബന്ധമായ പ്രശ്നമായോ തെറ്റിദ്ധരിക്കപ്പെടുന്ന ഉദ്ധാരണക്കുറവ്, പ്രോസ്റ്റേറ്റ് പ്രശ്നങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കാമെന്ന് ഡോ. വിക്രം ശർമ്മ പറയുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥിയും ഉദ്ധാരണത്തിന് സഹായിക്കുന്ന ഞരമ്പുകളും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ട്, പ്രോസ്റ്റേറ്റിലെ മുഴകളോ വീക്കമോ രക്തയോട്ടത്തെയും ഞരമ്പുകളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു.
നേരത്തെ പരിശോധിക്കണം
ചികിത്സാ സൗകര്യങ്ങളുടെ കുറവല്ല, മറിച്ച് രോഗനിർണ്ണയത്തിന് മടിക്കുന്ന മാനസികാവസ്ഥയാണ് ഫലപ്രദമായ പ്രോസ്റ്റേറ്റ് ചികിത്സയ്ക്ക് പ്രധാന തടസ്സം. ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത് വരെ കാത്തിരിക്കരുത്. 45 വയസ്സിന് മുകളിലുള്ള പുരുഷന്മാർ, പ്രത്യേകിച്ചും കുടുംബത്തിൽ പ്രോസ്റ്റേറ്റ് രോഗ ചരിത്രമുള്ളവർ, പ്രോസ്റ്റേറ്റ്-സ്പെസിഫിക് ആന്റിജൻ (PSA) പരിശോധനയ്ക്ക് തയ്യാറാവണമെന്നും ഡോ. വിക്രം ശർമ്മ വ്യക്തമാക്കുന്നു. പ്രാഥമിക ഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തിയാൽ 60 ശതമാനം പേർക്കും അഞ്ച് വർഷത്തിൽ കൂടുതൽ അതിജീവിക്കാൻ സാധിക്കുന്നു. എന്നാൽ രോഗം മൂർച്ഛിക്കാൻ കാത്തിരുന്നാൽ അത് ചികിത്സയുടെ ഫലപ്രാപ്തിയെ ദോഷകരമായി ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.