ഗർഭാവസ്ഥയിൽ ഭക്ഷണം എങ്ങനെ? ഏതെല്ലാം?

ഗർഭാവസ്ഥയിൽ പോഷകങ്ങളുടെ ആവശ്യകത ഏറെ ആയതിനാൽ ഗർഭിണികൾ കൂടുതലായി ഭക്ഷണം കഴിക്കണമെന്നുള്ളത് എല്ലാവർക്കും അറിവുള്ളതാണ്. എന്നാൽ, ചില ഭക്ഷണപദാർഥങ്ങൾ കുറഞ്ഞ അളവിലും ചിലത് പൂർണമായി ഒഴിവാക്കേണ്ടതുമാണ്.

1. സംസ്കരിച്ച ഭക്ഷണം:

(സോസജ്, ഹാംബർഗർ, ഫ്രൈസ്, ഉപ്പിലിട്ട ഭക്ഷണ പദാർഥങ്ങൾ)

മേൽപറഞ്ഞ ഭക്ഷണപദാർഥങ്ങളിൽ ഉപ്പിന്‍റെ അംശം വളരെ കൂടുതലാണ്. എന്നാൽ, പോഷകങ്ങളുടെ അളവ് കുറവുമാണ്. അതിനാൽ ഇവ ഭക്ഷിക്കുന്നതുമൂലം അമ്മക്കും കുഞ്ഞിനും പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകുന്നില്ല. മറിച്ച് അമിത രക്തസമ്മർദം, കുഞ്ഞിന് വളർച്ചക്കുറവ് എന്നിങ്ങനെയുള്ള ഹാനികരമായ അവസ്ഥ ഉണ്ടാവാനും സാധ്യതയുണ്ട്.

2​. മധുരമേറിയ ഭക്ഷണവും പഞ്ചസാരയും:

ഇത്തരം ഭക്ഷണപദാർഥങ്ങളിലുള്ള പഞ്ചസാര വളരെ പെട്ടെന്നുതന്നെ ശരീരത്തിൽ ആഗിരണം ചെയ്യുകയും (Sugar Rush) അതേ വേഗത്തിൽതന്നെ രക്തത്തിൽനിന്ന് കുറയുകയും ചെയ്യും (Sugar Crash). ഈ പ്രതിഭാസം ജസ്റ്റേഷനൽ ഡയബറ്റിസിന് കാരണമാകും.

3. കഫീൻ

കഫീന്‍റെ അംശം കാപ്പി, ചായ, ഹെര്‍ബല്‍ ടീ, മധു​രപാനീയങ്ങൾ എന്നിവയിൽ കൂടുതലാണ്. അമിതമായ കഫീന്‍റെ ഉപയോഗം കുഞ്ഞിലേക്കുള്ള രക്തയോട്ടം കുറയാൻ കാരണമായേക്കാം. അതിനാൽ ഒരു ദിവസം 100 മില്ലി ഗ്രാമിൽ കൂടുതൽ കഫീൻ ഗർഭിണിയുടെ ശരീരത്തിൽ പ്രവേശിക്കാൻ പാടുള്ളതല്ല.

4. പകുതി വെന്തതും പാകം ചെയ്യാത്തതുമായ ഭക്ഷണ പദാർഥങ്ങൾ:

മുട്ട, മാംസം, മത്സ്യം എന്നിവയിൽ ഹാനികരമായ ലിസ്റ്റീരിയ, സാൽമൊണെല്ല ബാക്ടീരിയകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവയുടെ സാന്നിധ്യംമൂലം ഗർഭച്ഛിദ്രം സംഭവിക്കാൻ സാധ്യതയേറെയാണ്.

5. ആഴക്കടൽ മത്സ്യം:

സ്രാവ്, ട്യൂണ തുടങ്ങിയ മത്സ്യങ്ങളിൽ മെർക്കുറി, മറ്റു ഘനലോഹങ്ങൾ എന്നിവയുടെ സാന്നിധ്യം കൂടുതലായി കാണപ്പെടുന്നു. അതിനാൽ ഇവ ഒഴിവാക്കേണ്ടതാണ്​.

6. ആൽക്കഹോൾ:

മദ്യത്തിന് ഗർഭാവസ്ഥയിൽ ഒരു സേഫ് ലോവർ ലിമിറ്റ് ഇല്ല. മദ്യപാനം FASD-FETAL Alcohol Spectrum Disorder എന്ന അവസ്ഥക്ക് കാരണമാകാം. ഇതുമൂലം കുഞ്ഞിന് ശ്രദ്ധക്കുറവ്, ബുദ്ധിപരമായ വൈകല്യങ്ങൾ, ഹൈപ്പർ ആക്ടിവിറ്റി എന്നിവ ഉണ്ടാകാം.

കൂടുതലായി ഉൾപ്പെടുത്തേണ്ട ഭക്ഷണപദാർഥങ്ങൾ എന്തെല്ലാം?

ആദ്യ മൂന്നു മാസത്തിൽ പൊതുവേ ഗർഭിണികൾക്ക് മനംപിരട്ടൽ, ഛർദി എന്നിവ ഉള്ളതുകൊണ്ട് ആവശ്യത്തിനു ഭക്ഷണം കഴിക്കാൻ കഴിയാറില്ല. എന്നാലും, ഈ സമയത്ത് ശരീരഭാരം കുറയാതെ നോക്കേണ്ടത് അത്യാവശ്യമാണ്. ഏറ്റവും പ്രധാനം ശരീരത്തിലെ ജലാംശം കുറയാതെ നോക്കുക എന്നതാണ്. ഒരു ദിവസം കുറഞ്ഞത് രണ്ടു മുതൽ രണ്ടര ലിറ്റർ വരെ പാനീയങ്ങൾ കുടിക്കണം. ഇലക്കറികൾ, പഴങ്ങൾ എന്നിവ ധാരാളമായി കഴിക്കണം. ഇവയിൽ ഫോളിക് ആസിഡിന്‍റെ അളവ് കൂടുതലായതുകൊണ്ട്​ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്​.

മിഡ് പ്രഗ്നൻസി സമയത്ത് പ്രോട്ടീൻ അടങ്ങിയ ആഹാരങ്ങൾ നന്നായി കഴിക്കണം. പയർവർഗങ്ങൾ നന്നായി പാകം ചെയ്ത് മുട്ട, മത്സ്യമാംസാദികൾ എന്നിവ കൂടുതലായി കഴിക്കേണ്ട സമയമാണ്. ധാന്യങ്ങൾ തനതു രൂപത്തിലാണ് കഴിക്കേണ്ടത്. ചോറ്, ഗോതമ്പ്, കഞ്ഞി, ചപ്പാത്തി എന്നിവയും പുട്ട്, ദോശ എന്നിവയും നല്ലതാണ്. അവസാന മാസങ്ങളിൽ ഭക്ഷണത്തിന്‍റെ കൂടെ വ്യായാമങ്ങൾക്ക് പ്രാധാന്യം കൂടുതൽ കൊടുക്കേണ്ടതാണ്.

Tags:    
News Summary - pregnancy period - food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.