​പ്രതീകാത്മക ചിത്രം

വയറുവേദന സാധാരണമല്ല; ചിലത് കാൻസറിന്റെ ലക്ഷണങ്ങളാവാം

സ്ത്രീകളിൽ വയറുവേദന സാധാരണയാണ്. പല കാരണങ്ങൾ കൊണ്ടും വയറുവേദന അനുഭവപ്പെടാറുണ്ട്. ആർത്തവ സമയത്തെ വയറു വേദന, അടിവയറ്റിലെ വേദന, യോനിയിലെ അസ്വസ്ഥതകൾ തുടങ്ങിയവ മിക്ക സ്ത്രീകളും അവഗണിക്കാറാണ് പതിവ്. ചെറിയ വേദനയാണെങ്കിൽ അത് കാര്യമാക്കാതെ തന്റെ കടമകളും ഉത്തരവാദിത്തങ്ങളും നിറവേറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പൊതുവിലെ രീതി.

എന്നാൽ വയറി​ലെയും അടിവയറ്റിലെയും വേദനകൾ എപ്പോഴും തള്ളിക്കളയേണ്ടതല്ല. ചിലത് ഡോക്ടറുടെ പരിചരണം ആവ​ ശ്യമുള്ളതായിരിക്കാം. ചില സമയങ്ങളിൽ ഇത്തരം വേദനകൾ ഗുരുതര ആരോഗ്യപ്രശ്നങ്ങളായി മാറാം. കാൻസർ, എൻഡോമെട്രിയോസിസ്, ഫൈബ്രോയിഡുകൾ, ഹോർമോൺ സംബന്ധമായ തകരാറുകൾ എന്നിവയുൾപ്പെടെയുള്ള പല ഗുരുതരമായ രോഗാവസ്ഥകളും ആരംഭിക്കുന്നത് ചെറിയ വേദനയോടെയാണെന്ന് ഡോക്ടർ കുൽകർണി മുന്നറിപ്പ് നൽകുന്നുണ്ട്. സാമൂഹികമായ ചുറ്റുപാടുകളും അറിവില്ലായ്മ കൊണ്ടും ഇത്തം രോഗലക്ഷണങ്ങൾ അവഗണിക്കുന്നത് ഭാവിയിൽ ദോഷം ചെയ്യുമെന്നും ഡോക്ടർ പറഞ്ഞു.

വിട്ടുമാറാത്തതോ ശരീരത്തിന് അസാധാരണമായതോ അല്ലെങ്കിൽ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്നതോ ആയ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. ചില വേദനകൾ അടിസ്ഥാനപരമായ ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കുന്നതാകാം.

കഠിനമായ ആർത്തവ വേദന എൻഡോമെട്രിയോസിസ്, അഡിനോമയോസിസ്, അല്ലെങ്കിൽ ഗർഭാശയ മുഴകൾ എന്നിവയുടെ സൂചനയാകാം. ആർത്തവചക്രത്തിന് പുറമെയുള്ള ഇടുപ്പിലെ വേദനകൾ ഓവറിയിലെ സിസ്റ്റുകൾ, പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ്, അല്ലെങ്കിൽ ഗർഭാശയ അർബുദം എന്നിവയുടെ പ്രാരംഭ ലക്ഷണമാകാം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴുള്ള വേദനകൾ എൻഡോമെട്രിയോസിസ്, അണ്ഡാശയത്തിലെ മുഴകൾ, യോനിയിലെ അണുബാധകൾ, എന്നിവ കാരണമാകാം. ഒരു വശത്തേക്ക് മാത്രമുള്ള ഇടുപ്പ് വേദന ഓവറിടോർഷൻ, എക്ടോപിക് ഗർഭം, അല്ലെങ്കിൽ സിസ്റ്റ് എന്നിവയെ സൂചിപ്പിക്കും.

യോനിയിൽ നിന്നുള്ള രക്തസ്രാവത്തോടുകൂടിയ നടുവേദന, എൻഡോമെട്രിയൽ പ്രശ്നങ്ങൾ, മുഴകൾ, അല്ലെങ്കിൽ അണുബാധ എന്നിവ മൂലമാകാം. ഇടുപ്പുവേദനയോടുകൂടി വിട്ടുമാറാതെ വയറുവീർക്കുന്നത് അണ്ഡാശയ അർബുദത്തിന്റെ ഒരു അപകടസൂചനയാണ്. സ്ത്രീകളിലെ മിക്ക കാൻസറുകളും അവസാന ഘട്ടങ്ങളിൽ മാത്രം കണ്ടെത്തുന്നതിന്റെ കാരണം നേരത്തെയുള്ള വിലയിരുത്തലിന്റെ അഭാവമാണ്.

ഗർഭാശയ അർബുദം, അണ്ഡാശയ അർബുദം ഉൾപ്പെടെയുള്ള മിക്ക ഗൈനക്കോളജിക്കൽ അർബുദങ്ങളും വൈകിയാണ് കണ്ടെത്തുന്നത്. കാരണം ആദ്യകാല ലക്ഷണങ്ങൾ സൂക്ഷ്മമായതോ, എളുപ്പത്തിൽ അവഗണിക്കപ്പെടുന്നതോ, അല്ലെങ്കിൽ പതിവ് ആർത്തവ അസ്വസ്ഥതകളോ പ്രായവുമായി ബന്ധപ്പെട്ട മാറ്റങ്ങളോ ആയി തെറ്റിദ്ധരിക്കപ്പെടുന്നതോ ആണ്. അതുകൊണ്ട് എല്ലാ വേദനകളും പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

അസ്വസ്ഥതയുടെ ആദ്യ ലക്ഷണത്തിൽ തന്നെ സഹായം തേടാൻ സ്ത്രീകളെ പ്രാപ്തരാക്കുന്നത് നേരത്തെയുള്ള രോഗനിർണയം ഉറപ്പാക്കുകയും മികച്ച ചികിത്സാ രീതികൾ ഉറപ്പാക്കുകയും ചെയ്യും. ഇങ്ങനെ ചെയ്താൽ ചെറിയ പ്രശ്നങ്ങൾ സങ്കീർണമായി മാറുന്നതിന് മുന്നേ പ്രതിരോധിക്കാൻ സാധിക്കും.

Tags:    
News Summary - Pain isn't normal: How some gynae symptoms could signal cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.