കരീബിയൻ ക്രൂയിസ് കപ്പലിൽ നോറോ വൈറസ് ബാധ; 100ലധികം പേർക്ക് രോഗം ബാധിച്ചതായി റി​പ്പോർട്ട്

​ഫ്ലോറിഡ: ഹന്താ വൈറസ് ബാധക്ക് പിന്നാലെ കരീബിയൻ ക്രൂയിസ് കപ്പലിൽ നോറോ ​വൈറസ് ഭീതിയും. ഫ്ലോറിഡയിൽനിന്ന് പുറപ്പെട്ട കരീബിയൻ പ്രിൻസസ് കപ്പലിൽ 100 ലധികം യാത്രക്കാർക്കും ജീവനക്കാർക്കും രോഗം ബാധിച്ചതായാണ് റി​പ്പോർട്ട്.

ഏപ്രിൽ 28ന് ആരംഭിച്ച് മേയ് 11ന് അവസാനിക്കുന്ന കരീബിയൻ പ്രിൻസസ് ക്രൂയിസിന്റെ യാത്രക്കിടയിലാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചവർക്ക് ഛർദ്ദി, വയറിളക്കം, ഓക്കാനം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. മിക്ക രോഗികൾക്കും ദിവസങ്ങൾക്കുള്ളിൽ തന്നെ അസുഖം ഭേദമാകുന്നുണ്ടെങ്കിലും കപ്പലിൽ ഇത്തരം അണുബാധകൾ ഇത്ര വേഗത്തിൽ പടരുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.

അക്യൂട്ട് ഗ്യാസ്ട്രോ എന്റൈറ്റിസ് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ‘വിന്റർ വൊമിറ്റിങ് ബഗ്’ എന്നറിയപ്പെടുന്ന നോറോവൈറസ്. കാലിസിവിരിഡേ വൈറസുകളുടെ കുടുംബത്തിൽ പെടുന്ന ഈ​ വൈറസ് മലിനമായ ഭക്ഷണം, വെള്ളം, പ്രതലങ്ങൾ, അടുത്ത മനുഷ്യ സമ്പർക്കം എന്നിവയിലൂടെയാണ് വേഗത്തിൽ പടരുക.

വേഗത്തിൽ പടരുന്ന ഈ വൈറസിന് അന്തരീക്ഷത്തിൽ കൂടുതൽ സമയം നിലനിൽക്കാൻ കഴിയും. അതുകൊണ്ടുതന്നെ പടരാനുള്ള സാധ്യതയും കൂടുതലാണ്. രോഗബാധിതർ സ്പർശിച്ച പ്രതലങ്ങളിലൂടെയും വൈറസ് ബാധ പടരാം. കൂടാതെ ലക്ഷണങ്ങൾ മാറിയ ശേഷവും രോഗികളുടെ ശരീരത്തിൽ വൈറസ് സാന്നിധ്യമുണ്ടാകും. കർശനമായ പ്രോട്ടോക്കോളുകൾ പാലിച്ചാലും ഒരു വ്യക്തിക്ക് കൂടുതൽപേരിലേക്ക് രോഗം പടർത്താൻ സാധിക്കും.

ഛർദ്ദി, വയറിളക്കം, ഓക്കാനം തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ചിലർക്ക് പനിയും ഉണ്ടായേക്കാം. ആരോഗ്യമുള്ള മുതിർന്നവരിൽ ലക്ഷണങ്ങൾ 24 മുതൽ 72 മണിക്കൂർ വരെ നീണ്ടുനിൽക്കുകയും പിന്നീട് കുറയുകയും ചെയ്യും. പ്രായമായവർ, കൊച്ചുകുട്ടികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരിൽ രോഗം ഗുരുതരമായേക്കാം. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടെ കൈകഴുകുന്നത് രോഗം തടയാൻ സഹായിക്കും.

അറ്റ്ലാന്റിക് സമുദ്രത്തിലെ എം.വി ഹോണ്ടിയസ് ക്രൂയിസ് ഷിപ്പിൽ പടർന്ന ഹന്താ വൈറസ് ബാധ നിയന്ത്രിക്കാൻ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ പരിശ്രമിക്കുന്നതിനിടെയാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 

Tags:    
News Summary - Noro virus outbreak on the Caribbean cruise ship leaves over 100 ill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.