സീലൈനിൽ പ്രവർത്തനമാരംഭിച്ച ഹമദ് മെഡിക്കൽ കോർപറേഷൻ എമർജൻസി ക്ലിനിക്
ദോഹ: തണുപ്പ് കാലത്തിന്റെ വിളംബരമായി ശൈത്യകാല ക്യാമ്പിങ് സീസണിന് തുടക്കമായതിനു പിന്നാലെ, അടിയന്തര ഘട്ടങ്ങളിൽ ആരോഗ്യപരിചരണത്തിന് സജ്ജമായി സീലൈനിൽ ഹമദ് മെഡിക്കൽ കോർപറേഷന്റെ മെഡിക്കൽ ക്ലിനിക്കിനും തുടക്കമായി. തുടർച്ചയായി 14ാം വർഷമാണ് ക്യാമ്പിങ് സീസണുവേണ്ടിയുള്ള എച്ച്.എം.സി മെഡിക്കൽ ക്ലിനിക്ക് സീലൈനിൽ സജ്ജമാകുന്നത്.
2024 ഏപ്രിൽ 30ന് സീസൺ അവസാനിക്കുന്നതുവരെ പ്രവർത്തനം തുടരും. സീസണിലുടനീളം എല്ലാ വ്യാഴാഴ്ചയും ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് ക്ലിനിക്ക് പ്രവർത്തനമാരംഭിക്കും. ശനിയാഴ്ച പുലർച്ച മൂന്നുവരെ തുടർച്ചയായ 36 മണിക്കൂർ ക്ലിനിക്ക് പ്രവർത്തിക്കുമെന്നും എച്ച്.എം.സി വ്യക്തമാക്കി.
സീലൈനിലെ ബീച്ചിനോട് ചേർന്നുതന്നെയാണ് ക്ലിനിക്ക് പ്രവർത്തിക്കുന്നത്. ക്യാമ്പിങ് സീസണിൽ സീലൈൻ, ഖോർ അൽ ഉദൈദ് പ്രദേശങ്ങളിൽനിന്നുള്ള സന്ദർശകർക്കും മെഡിക്കൽ, എമർജൻസി സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഈ സ്ഥലം സൗകര്യമാകുമെന്ന് എച്ച്.എം.സി ചീഫ് കമ്യൂണിക്കേഷൻസ് ഓഫിസറും സീലൈൻ മെഡിക്കൽ ക്ലിനിക് പ്രോജക്ട് മാനേജറുമായ ഹസൻ മുഹമ്മദ് അൽ ഹൈൽ പറഞ്ഞു.
സീലൈൻ പ്രദേശത്തെ ബീച്ച് യാത്രക്കാർക്കും സന്ദർശകർക്കും ക്യാമ്പ് അംഗങ്ങൾക്കും മെഡിക്കൽ സേവനം നൽകുന്നതിൽ ക്ലിനിക്ക് നിർണായക പങ്ക് വഹിക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം, പ്രദേശത്തെത്തുന്ന എല്ലാ സന്ദർശകരോടും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അപകടങ്ങൾ, പരിക്കുകൾ, രോഗങ്ങൾ എന്നിവ തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും വിശദീകരിച്ചു.
എല്ലാ മെഡിക്കൽ കേസുകൾക്കും അനുയോജ്യമായ മരുന്നുകളും മറ്റു മെഡിക്കൽ ഉപകരണങ്ങളും ക്ലിനിക്കിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് എമർജൻസി വിഭാഗം മേധാവിയും ക്യാമ്പിങ് സീസണിലെ എച്ച്.എം.സി മെഡിക്കൽ ഡയറക്ടറുമായ ഡോ. അഫ്താബ് മുഹമ്മദ് ആസാദ് പറഞ്ഞു. സാധാരണ രോഗങ്ങൾക്കു പുറമെ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഇവിടെ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
കേസുകളുടെ ഗൗരവം കണക്കിലെടുത്ത് ആശുപത്രിയിലെത്തിക്കുന്നതിന് ആംബുലൻസ് അല്ലെങ്കിൽ എയർ ആംബുലൻസ് എന്നിവയും സജ്ജമാണ്. ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും പ്രവർത്തനസജ്ജമായ ആംബുലൻസ് സേവനവും പ്രദേശത്ത് ഒരുക്കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഡയറക്ടർ സാലിഹ് അൽ മറി പറഞ്ഞു.
മണൽത്തിട്ട പ്രദേശങ്ങളിൽനിന്ന് സീലൈൻ ക്ലിനിക്കിലേക്കോ സാധാരണ ആംബുലൻസ് ലൊക്കേഷനിലേക്കോ എയർ ആംബുലൻസ് ലാൻഡിങ് സൈറ്റിലേക്കോ ആവശ്യാനുസരണം രോഗികളെ എത്തിക്കുന്നതിന് രണ്ട് ഫോർവീൽ ഡ്രൈവ് ആംബുലൻസുകളും രണ്ട് സാധാരണ ആംബുലൻസുകളും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.