ശരീരഭാരം കുറക്കാൻ വ്യാജ മരുന്ന്: ഗുരുഗ്രാമിൽ വൻ തട്ടിപ്പ് സംഘം പിടിയിൽ

ഗുരുഗ്രാം: ആഗോളതലത്തിൽ വൻ ഡിമാൻഡുള്ള മൗഞ്ചാരോ എന്ന ശരീരഭാരം കുറക്കാനുള്ള മരുന്നിന്റെ വ്യാജ പതിപ്പുകൾ നിർമിച്ചു വിൽക്കുന്ന വൻ സംഘത്തെ പിടികൂടി. ഡ്രഗ്‌സ് കൺട്രോൾ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ ഏകദേശം 56 ലക്ഷം രൂപ വിലമതിക്കുന്ന വ്യാജ ഇഞ്ചക്ഷനുകൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

രഹസ്യവിവരത്തെത്തുടർന്ന് ഡ്രഗ്‌സ് കൺട്രോൾ ഓഫീസർ അമൻദീപ് ചൗഹാന്റെ നേതൃത്വത്തിലുള്ള സംഘം ഹുഡ സിറ്റി സെന്ററിന് സമീപം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. പിടിയിലായവരിൽ ഒരാൾ തന്റെ സ്വന്തം അപ്പാർട്ട്മെന്റിലിരുന്നാണ് വ്യാജ ഇഞ്ചക്ഷനുകൾ നിർമിച്ചിരുന്നത് എന്ന് അധികൃതർ അറിയിച്ചു. മുജമ്മിൽ ഖാൻ, അവി ശർമ്മ എന്നിവരാണ് അറസ്റ്റിലായത്. ലൈസൻസോ മറ്റ് രേഖകളോ ഇല്ലാതെയാണ് ഇവർ മരുന്ന് വിതരണം ചെയ്തിരുന്നത്.

മൗഞ്ചാരോ ക്വിക് പെൻ (Mounjaro KwikPen) എന്ന മരുന്നിന്റെ വിവിധ അളവുകളിലുള്ള ശേഖരമാണ് പിടിച്ചെടുത്തത്. ഇതിന്റെ വിപണി വില 56,15,847 രൂപ വരുമെന്ന് കണക്കാക്കുന്നു. യഥാർത്ഥ മരുന്ന് കമ്പനിയായ എലി ലില്ലിയുടെ (Eli Lilly) ലേബലുകളുമായി താരതമ്യം ചെയ്തപ്പോൾ വ്യാജനും അസ്സലും തമ്മിലുള്ള വ്യത്യാസം വ്യക്തമായി. തണുത്ത സാഹചര്യത്തിൽ സൂക്ഷിക്കേണ്ട നിർദേശങ്ങൾ ലേബലിൽ ഇല്ലാതിരുന്നതും അക്ഷരങ്ങളുടെ വലിപ്പത്തിലുള്ള മാറ്റങ്ങളുമാണ് ഉദ്യോഗസ്ഥരിൽ സംശയം ഉണർത്തിയത്.

ഒരു ഡോസ് മരുന്നിന് 13,000 രൂപ മുതൽ 25,000 രൂപ വരെയാണ് വിപണിയിലെ വില. വൻ ലാഭം ലക്ഷ്യമിട്ടാണ് സംഘം തട്ടിപ്പ് നടത്തിയത്. മരുന്നുകളുടെ വിതരണ ശൃംഖലക്ക് ഡൽഹിയിലെ ഭഗീരഥ് പാലസ് മാർക്കറ്റുമായി ബന്ധമുണ്ടോ എന്ന് അധികൃതർ അന്വേഷിച്ചു വരികയാണ്.

 ലൈസൻസില്ലാതെ നിർമിക്കുന്ന ഇത്തരം വ്യാജ മരുന്നുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഡ്രഗ്‌സ് കൺട്രോൾ വിഭാഗം മുന്നറിയിപ്പ് നൽകി. മൗഞ്ചാരോ മരുന്നിന് അടുത്തിടെയുണ്ടായ വൻ ഡിമാൻഡ് മുതലെടുത്താണ് ഇത്തരമൊരു കരിഞ്ചന്ത രൂപപ്പെട്ടത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.  

Tags:    
News Summary - Fake Weight Loss Drug Racket Busted In Gurugram, Mounjaro Injections Worth Rs 56 Lakh Seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.