ന്യൂഡൽഹി: രാജ്യത്ത് സാധാരണ ആരോഗ്യപരിശോധനകളിൽ തകരാറുകളൊന്നുമില്ലെന്ന് കണ്ടെത്തിയവരിലും ഭീതിജനകമായ രീതിയിൽ കരൾ രോഗം പടരുന്നതായി റിപ്പോർട്ട്. അപ്പോളോ ഹോസ്പിറ്റൽസ് പുറത്തുവിട്ട ഏറ്റവും പുതിയ 'ഹെൽത്ത് ഓഫ് നേഷൻ' റിപ്പോർട്ടിലാണ് പരിശോധനാ ഫലങ്ങൾ സാധാരണ നിലയിലായ 74 ശതമാനം ഇന്ത്യക്കാരിലും ഫാറ്റി ലിവർ കണ്ടെത്തിയെന്ന വിവരമുള്ളത്. ലക്ഷണങ്ങളില്ലാതെ ശരീരത്തെ ബാധിക്കുന്ന ഈ അവസ്ഥ ഭാവിയിൽ വലിയ ആരോഗ്യപ്രതിസന്ധിക്ക് കാരണമാകുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
മെറ്റബോളിക് അസോസിയേറ്റഡ് സ്റ്റീറ്റോട്ടിക് ലിവർ ഡിസീസ് എന്ന് വൈദ്യശാസ്ത്രം വിളിക്കുന്ന ഈ അവസ്ഥ കേവലം കരളിനെ മാത്രം ബാധിക്കുന്ന ഒന്നല്ലെന്നും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യ തകർച്ചയുടെ സൂചനയാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നഗരവൽക്കരണവും അമിത കലോറിയുള്ള ഭക്ഷണരീതിയും വ്യായാമമില്ലാത്ത ജീവിതശൈലിയുമാണ് രോഗവ്യാപനത്തിന് പ്രധാന കാരണം. മുംബൈ പോലുള്ള നഗരങ്ങളിൽ 80 ശതമാനത്തിലധികം പേരും അമിതവണ്ണമുള്ളവരാണെന്നും ഇത് കരൾ രോഗ സാധ്യത വർധിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പരിശോധനാ റിപ്പോർട്ടുകൾ സാധാരണ നിലയിലാണെന്ന് കരുതി ആരോഗ്യകാര്യങ്ങളിൽ അലംഭാവം കാണിക്കുന്നത് അപകടമാണെന്നും തുടക്കത്തിലേ തിരിച്ചറിഞ്ഞാൽ ജീവിതശൈലി മാറ്റങ്ങളിലൂടെ ഫാറ്റി ലിവർ പൂർണ്ണമായും മാറ്റിയെടുക്കാമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. കൃത്യമായ വ്യായാമവും നാരുകൾ അടങ്ങിയ ഭക്ഷണക്രമവും ശീലമാക്കാത്ത പക്ഷം സിറോസിസ്, കരൾ അർബുദം തുടങ്ങിയ മാരകാവസ്ഥകളിലേക്ക് നീങ്ങുമെന്നാണ് മെഡിക്കൽ ലോകം നൽകുന്ന മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.