പ്രതീകാത്മക ചിത്രം 

കൊടുംചൂടിൽ പാമ്പുകൾ വീട്ടിലെത്താം: ഈ മുൻകരുതലുകൾ പാലിക്കുക

സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ വീടുകളിലും പരിസരത്തും പാമ്പുകളുടെ സാന്നിധ്യം വർധിക്കുമെന്നും മുൻകരുതലെടുക്കണമെന്നും പ്രശസ്ത പാമ്പുപിടിത്തക്കാരി ജി.എസ്. റോഷ്നി. തൃശൂരിൽ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ, പാമ്പ് കടിയേറ്റ് മരണപ്പെടുകയും സഹോദരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയും ചെയ്യുന്ന സാഹചര്യം ഏറെ ഗൗരവകരമാണ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.

എന്തുകൊണ്ട് പാമ്പുകൾ വീടുകൾക്കുള്ളിലെത്തുന്നു?

പാമ്പുകൾ ശീത രക്തമുള്ള ജീവികളാണ്. അന്തരീക്ഷത്തിൽ ചൂട് കൂടുമ്പോൾ തണുപ്പും നനവുമുള്ള സ്ഥലങ്ങൾ തേടി അവ പുറത്തിറങ്ങുന്നു. വീടിനോട് ചേർന്നുള്ള ചെടിച്ചട്ടികൾ, ബാത്‌റൂമുകൾ, തറയോടുകൾക്കിടയിലെ വിള്ളലുകൾ, വീടിനുള്ളിലെ നനവുള്ള ഭാഗങ്ങൾ എന്നിവ പാമ്പുകൾ താവളമാക്കാൻ സാധ്യതയുണ്ട്.

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട സുരക്ഷാ നിർദേശങ്ങൾ:

കിടപ്പുമുറികൾ പരിശോധിക്കുക:

ഉറങ്ങുന്നതിന് മുമ്പ് ബെഡ് ഷീറ്റും തലയിണയും നന്നായി കുടഞ്ഞതിന് ശേഷം മാത്രം കിടക്കുക. കട്ടിലിനടിയിലും മുറിക്കുള്ളിലെ മറ്റ് മൂലകളിലും വെളിച്ചമടിച്ച് പരിശോധിച്ച് പാമ്പുകളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തുക.

പരിസര ശുചിത്വം:

വീടിനോട് ചേർന്ന് നിൽക്കുന്ന ചെടികൾ, വള്ളിച്ചെടികൾ (Creepers & Climbers) എന്നിവ ജനലുകളിലേക്കും ചുവരുകളിലേക്കും പടർന്നു കയറാൻ അനുവദിക്കരുത്. ഇവ വെട്ടിമാറ്റുക.

പൈപ്പുകൾ സുരക്ഷിതമാക്കുക:

അടുക്കളയിൽ നിന്നും ബാത്റൂമിൽ നിന്നും പുറത്തേക്ക് പോകുന്ന ഡ്രെയിനേജ് പൈപ്പുകളുടെ തുറന്നിരിക്കുന്ന അറ്റങ്ങൾ വലയോ നെറ്റോ ഉപയോഗിച്ച് അടയ്ക്കുക. ഇതുവഴി പാമ്പുകൾ ഉള്ളിലേക്ക് കയറാൻ സാധ്യതയുണ്ട്.

വാതിലുകളും ജനലുകളും:

വൈകുന്നേരമാകുന്നതോടെ ജനലുകളും വാതിലുകളും കൃത്യമായി അടച്ചിടുക. ചെറിയ വിടവുകൾ പോലും പാമ്പുകൾക്ക് കടന്നുവരാൻ ധാരാളമാണ്.

ചെരിപ്പുകൾ ധരിക്കുമ്പോൾ

വെളിയിൽ ഇട്ടിരിക്കുന്ന ചെരിപ്പുകളും ഷൂസുകളും ധരിക്കുന്നതിന് മുൻപ് അവ നന്നായി കുടഞ്ഞു പരിശോധിക്കുക.

കുട്ടികളുടെ ശ്രദ്ധയ്ക്ക്:

സ്കൂൾ അവധിക്കാലമായതിനാൽ കുട്ടികൾ പുറത്ത് കളിക്കാൻ ഇറങ്ങുമ്പോൾ നിർബന്ധമായും ചെരിപ്പോ ഷൂവോ ധരിക്കാൻ ശ്രദ്ധിക്കുക. കുറ്റിക്കാടുകൾക്കും കല്ലുകൾക്കും ഇടയിൽ കളിക്കുന്നത് ഒഴിവാക്കാൻ കുട്ടികൾക്ക് നിർദേശം നൽകുക.

പ്രത്യേകം ശ്രദ്ധിക്കാൻ:

നിലവിൽ പാമ്പുകൾ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തിറങ്ങുന്ന സമയം കൂടിയാണ്. അതിനാൽ ചെറിയ പാമ്പുകളെ പോലും നിസാരമായി കാണരുത്. വീടിനുള്ളിലോ പരിസരത്തോ പാമ്പിനെ കണ്ടാൽ പരിഭ്രാന്തരാകാതെ വനം വകുപ്പിന്റെയോ സർപ്പ (SARPA) ആപ്പ് വഴിയോ വിദഗ്ധരായ പാമ്പ് പിടുത്തക്കാരുടെ സഹായം തേടുക.

പാമ്പ് കടിയേറ്റാൽ ചെയ്യേണ്ടത്:

പരിഭ്രമിക്കാതിരിക്കുക, രോഗിയെ സാന്ത്വനപ്പെടുത്തുക.

കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കാനോ രക്തം പിഴിഞ്ഞു കളയാനോ ശ്രമിക്കരുത്.

നാട്ടുചികിത്സകളോ സ്വയം ചികിത്സയോ ചെയ്ത് സമയം കളയരുത്.

എത്രയും വേഗം ആന്റി വെനം (Anti-Venom) സൗകര്യമുള്ള തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുക.

നമ്മുടെ ജാഗ്രതയിലൂടെ ഒരു ജീവൻ രക്ഷിക്കാനാകും. ഓരോ നിമിഷവും വിലപ്പെട്ടതാണ്.

Tags:    
News Summary - extreme heat and Snakes: Follow these precautions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.