കാൻസർ ചികിത്സയിൽ പുതിയ മുന്നേറ്റം; രാജ്യത്തെ ആദ്യ പൊതുമേഖലാ പ്രോട്ടോൺ തെറപ്പി സെന്റർ അസമിൽ

ന്യൂഡൽഹി: കാൻസർ ചികിത്സാരംഗത്ത് നൂതന സാങ്കേതികവിദ്യയായ പ്രോട്ടോൺ ബീം തെറപ്പി ലഭ്യമാക്കാൻ രാജ്യത്തെ ആദ്യ പൊതുമേഖലാ പ്രോട്ടോൺ ബീം തെറപ്പി സെന്റർ അസമിലെ ഗുവാഹത്തിയിൽ. ഇതിനായി ബെൽജിയം ആസ്ഥാനമായ അയൺ ബീം ആപ്ലിക്കേഷൻസുമായുള്ള കരാറിൽ (ഐ.ബി.എ) അസം സർക്കാർ ഒപ്പുവെച്ചു. ഗുവാഹത്തി മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിലാണ് (ജി.എം.സി.എച്ച്) തെറാപ്പി സെന്റർ സ്ഥാപിക്കുക. 600 കോടി രൂപ ചെലവുവരുന്ന പദ്ധതി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.

കാൻസർ ചികിത്സയിൽ ഉപയോഗിക്കുന്ന അത്യാധുനിക റേഡിയേഷൻ രീതിയാണ് പ്രോട്ടോൺ ബീം തെറപ്പി. സാധാരണ റേഡിയേഷൻ ചികിത്സയിൽ എക്സ്-റേ കിരണങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ ഇതിൽ പ്രോട്ടോൺ കണങ്ങളാണ് ഉപയോഗിക്കുന്നത്. കാൻസർ കോശങ്ങളെ നശിപ്പിക്കാൻ കൂടുതൽ കൃത്യതയോടെ റേഡിയേഷൻ നൽകാൻ കഴിയുമെന്നതാണ് ഈ ചികിത്സാരീതിയുടെ പ്രത്യേകത. ഇതുവഴി ചുറ്റുമുള്ള ആരോഗ്യമുള്ള കോശങ്ങൾക്ക് റേഡിയേഷൻ ഏൽക്കുന്നത് കുറക്കാൻ സാധിക്കും. പ്രത്യേകിച്ച് കുട്ടികളിലെ കാൻസർ ഉൾപ്പെടെയുള്ള ചില രോഗാവസ്ഥകളിൽ ഇത് വളരെ പ്രയോജനകരമാണ്.

പദ്ധതിക്കായി നേരത്തേ അസം മന്ത്രിസഭ 600 കോടി രൂപയുടെ നിക്ഷേപത്തിന് അംഗീകാരം നൽകിയിരുന്നു. ഇതിൽ 315 കോടി രൂപ ലോകബാങ്ക് വായ്പയായി ലഭ്യമാക്കും. ബാക്കി 285 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും. മെഷിനുകൾ വാങ്ങുന്നതിനും കെട്ടിടം നിർമിക്കുന്നതിനും ജീവനക്കാർക്ക് പരിശീലനം നൽകുന്നതിനുമുള്ള ചെലവുകൾ ഇതിൽ ഉൾപ്പെടും. തെറാപ്പി സെന്റർ പ്രവർത്തനസജ്ജമാകുന്നതോടെ അസമിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും കാൻസർ രോഗികൾക്ക് വിദഗ്ധ ചികിത്സയ്ക്കായി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പോകേണ്ട സാഹചര്യം കുറയുമെന്നാണ് പ്രതീക്ഷ.

നിലവിൽ ഇന്ത്യയിൽ മുംബൈയിലെ ടാറ്റ മെമ്മോറിയൽ ആശുപത്രിയിലും ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലുമാണ് പ്രോട്ടോൺ ബീം തെറപ്പി ചികിത്സ ലഭ്യമാകുന്നത്. ഇവ രണ്ടും സ്വകാര്യ മേഖലയിലാണ്. ഗുവാഹത്തിയിൽ സെന്റർ യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ പൊതുജനാരോഗ്യ മേഖലയിലും ഈ ചികിത്സ ലഭ്യമാകും. ഭൂട്ടാൻ, ബംഗ്ലാദേശ്, വടക്കൻ ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽനിന്ന് രോഗികൾ അസമിലെത്തി ചികിത്സ തേടുന്നുണ്ട്. പുതിയ പ്രോട്ടോൺ ബീം സെന്റർ പ്രവർത്തനം ആരംഭിക്കുന്നതോടെ ഈ മേഖലയിൽ കാൻസർ ചികിത്സാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുമെന്നാണ് സർക്കാറിന്റെ പ്രതീക്ഷ.

Tags:    
News Summary - India’s First Public Proton Therapy Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.