ആന്തരികാവയവങ്ങൾ വിപരീത ദിശയിൽ ക്രമീകരിച്ചിട്ടുള്ള അവസ്ഥയായ `സിറ്റസ് ഇന്‍വേഴ്സസ്' ബാധിച്ച യുവതിയിൽ ഹൃദയശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഡൽഹിയിലെ ആർ.എം.എൽ ആശുപത്രി. 31 വയസ്സായ രാജസ്ഥാന്‍ സ്വദേശിനിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ലോകത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതിസങ്കീർണ്ണമായ ഹൃദയശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിന്‍റെ സന്തോഷത്തിലാണ് ഡൽഹി ആർ.എം.എൽ ആശുപത്രിയിലെ ഡോക്ടർമാർ.
അവയവങ്ങൾ വിപരീത ദിശയിലിരിക്കെ തന്നെ ജന്മനാ പാർഷ‍്യൽ ആന്‍ട്രിയോവെന്‍ട്രികുലാർ കനാൽ ഡിഫക്ട് എന്ന അസുഖവും യുവതിയെ ബാധിച്ചിരുന്നു. ഹൃദയത്തിന്‍റെ അറകൾക്കിടയിൽ ഭിത്തിയിലുണ്ടാകുന്ന ഒരു തരം വൈകല്യമാണിത്. ഇത് മൂലം ഭിത്തിയിൽ ദ്വാരമുണ്ടാവുകയും ഈ ദ്വാരം ശുദ്ധരക്തവും അശുദ്ധരക്തവും കലരുന്നതിന് കാരണമാവുകയും ചെയ്യും. സാധാരണ ഇത്തരം ശസ്ത്രക്രിയകളിൽ നെഞ്ചിലെ എല്ല് മുറിച്ചാണ് ഹൃദയത്തിലേക്കെത്തുന്നത്. എന്നാൽ ഇവിടെ മെഡിക്കൽ സംഘം രോഗിയുടെ ഇടത് സ്തനത്തിന് താഴെയായി നാല് സെന്റീമീറ്റർ മാത്രം വലിപ്പമുള്ള ചെറിയൊരു മുറിവിലൂടെയാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. `സിറ്റസ് ഇൻവേഴ്‌സസ് എന്നത് തന്നെ വളരെ അപൂർവ്വമായ ഒന്നാണ്. സാധാരണഗതിയിൽ ഇത് അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാറില്ല, സ്ഥാനങ്ങൾ മാറുന്നു എന്ന് മാത്രമേയുള്ളൂ. എന്നാൽ ഇതിനോടൊപ്പം ഹൃദയത്തിൽ സുഷിരം കൂടി ഉണ്ടായതോടെ കേസ് സങ്കീർണ്ണമായി. നെഞ്ചിലെ എല്ല് മുറിക്കാതെ വളരെ ചെറിയൊരു മുറിവിലൂടെ ഈ ശസ്ത്രക്രിയ നടത്തിയത് ലോകത്തിലെ തന്നെ ആദ്യ സംഭവമാണ്' ആശുപത്രിയിലെ കാർഡിയോതൊറാസിക് വാസ്കുലാർ സർജറി വിഭാഗം മേധാവിയും ഡയറക്ടറുമായ ഡോ. നരേന്ദർ സിംഗ് ഝാഝ്രിയ കൂട്ടിചേർത്തു.
'കാർഡിയോപൾമണറി ബൈപാസ്' മെഷീന്റെ സഹായത്തോടെയാണ് ശസ്ത്രക്രിയ സമയത്ത് ശരീരത്തിലെ രക്തയോട്ടം നിലനിർത്തയത്. ഹൃദയത്തിന്റെ പുറംപാളിയായ 'പെരികാർഡിയത്തിൽ' നിന്നും എടുത്ത ഭാഗം ഉപയോഗിച്ചാണ് സുഷിരം അടച്ചത്. വാൽവുകൾക്കോ മറ്റ് ഞരമ്പുകൾക്കോ പരിക്കേൽക്കാതെ അതീവ ജാഗ്രതയോടെയായിരുന്നു ഈ പ്രക്രിയ. മാർച്ച് 30 ന് നടന്ന ഈ ശസ്ത്രക്രിയ കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ സൗജന്യമായാണ് നടത്തിയത്. പൂർണ്ണ ആരോഗ്യവതിയായതോടെ ഏപ്രിൽ മൂന്നിന് യുവതി ആശുപത്രി വിട്ടു.
മനുഷ‍്യശരീരത്തിൽ നെഞ്ചിലെയും വയറിലെയും ആന്തരികാവയവങ്ങൾ അവയുടെ സ്ഥാനത്തിന് വിപരീതമായി കാണപ്പെടുന്ന അപൂർവമായ അവസ്ഥയാണ് `സിറ്റസ് ഇൻവേഴ്സസ്'. ഇത്തരം മനുഷ‍്യരിൽ സാധാരണയായി ശരീരത്തിന്റെ ഇടതുവശത്തുള്ള അവയവങ്ങൾ വലതുവശത്തും വലതുവശത്തുള്ളവ ഇടതുവശത്തുമായിട്ടാണ് കാണപ്പെടുന്നത്. ശരീരം ഒരു കണ്ണാടിയിൽ നോക്കുന്നത് പോലെയാണ് ഈ അവസ്ഥയിൽ അവയവങ്ങൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം മനുഷ‍്യരിൽ ഹൃദയം വലതുവശത്തായിരിക്കും. ഇതിനെ ഡെക്‌സ്ട്രോകാർഡിയ എന്ന് വിളിക്കുന്നത്. അതുപോലെ കരൾ ഇടതുവശത്തും ആമാശയവും പ്ലീഹയും വലതുവശത്തും കാണപ്പെടുന്നു. മിക്കവരിലും ഈ അവസ്ഥ യാതൊരു വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളോ രോഗലക്ഷണങ്ങളോ ഉണ്ടാക്കാറില്ല. ഇവർക്ക് സാധാരണ ജീവിതം നയിക്കാനും സാധിക്കും. ഏകദേശം 10,000 ആളുകളിൽ ഒരാൾക്ക് ഈ അവസ്ഥ കാണപ്പെടുന്നു. പലപ്പോഴും എക്സ് റേ പോലുള്ള ടെസ്റ്റുകളിലാണ് ഇത് അവിചാരിതമായി തിരിച്ചറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.