നമ്മുടെ ടവലുകൾ ശരീരത്തിൽനിന്ന് വെള്ളം ഒപ്പിയെടുക്കുന്നതിനൊപ്പം ധാരാളം സൂക്ഷ്മാണുക്കളെയും ഒപ്പിയെടുക്കാറുണ്ട്. അതുകൊണ്ടുതന്നെ ടവലുകൾ വൃത്തിയാക്കൽ അതിപ്രധാനമാണ്
വലിയ നൂലുകൾ പൊങ്ങിനിൽക്കുന്നതിനാൽ, ടവലുകളിലെ വൃത്തികേടുകൾ അധികമൊന്നും പുറത്തുകാണാറില്ല. അതിനാൽ, ലക്ഷക്കണക്കിന് സൂക്ഷ്മാണുക്കളുടെ വിളനിലമാണവ. മനുഷ്യന്റെ തൊലിയിൽ കാണപ്പെടുന്ന ബാക്ടീരിയ കാരണം ടവലുകൾ എളുപ്പത്തിൽ അഴുക്കുപിടിക്കാനും രോഗവാഹകരാകാനും സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
കുളിച്ചുകഴിഞ്ഞാലും നമ്മുടെ ശരീരത്തിൽ പലതരം സൂക്ഷ്മജീവികൾ നിറഞ്ഞുനിൽക്കാറുണ്ട്. ഇവയാണ് ടവലിലേക്ക് മാറ്റപ്പെടുന്നത്. കൂടാതെ, വായുവിൽനിന്ന് ചില ഫംഗസുകളും ബാക്ടീരിയകളും പറ്റിപ്പിടിക്കുന്നു. ജലത്തിൽനിന്നും ചില ബാക്ടീരിയകൾ കയറിപ്പിടിക്കുന്നുണ്ട്.
ജപ്പാനിലെ ചില വീടുകളിൽ, കുളിക്കാനെടുത്ത വെള്ളം പിറ്റേന്ന് അലക്കാൻ വേണ്ടി ഉപയോഗിക്കുന്ന സ്വഭാവമുണ്ട്. ജപ്പാനിലെ തോകുഷിമ സർവകലാശാലയിൽ നടന്ന ഒരു പഠനത്തിൽ, ഇത്തരം വെള്ളത്തിൽനിന്ന് ധാരാളം അണുക്കൾ വസ്ത്രങ്ങളിൽ കയറിക്കൂടുന്നതായി കണ്ടെത്തുകയുണ്ടായി. ഇങ്ങനെ പറ്റിക്കൂടുന്ന അണുക്കൾ കാരണം അൽപനാൾ കഴിയുമ്പോൾ, കോട്ടണിൽ ഒരുതരം പാട രൂപപ്പെടുകയും ഇതുവഴി തുണിയുടെ നിറവും രൂപവും മങ്ങുകയും ചെയ്യുന്നു. അലക്കുന്ന രീതിയും എണ്ണവും അനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിലുണ്ടാകുമെന്നു മാത്രം.
സംഗതി നിസ്സാരമെന്ന് തോന്നുമെങ്കിലും, മനുഷ്യശരീരത്തിൽനിന്ന് ടവലിൽ പറ്റിക്കൂടുന്ന ചില ബാക്ടീരിയകൾ പ്രശ്നം സൃഷ്ടിച്ചേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. ആയിരത്തോളം തരം ബാക്ടീരിയകൾ നമ്മുടെ തൊലിയിലുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്; ഒപ്പം ഫംഗസും വൈറസും.
ഇതിൽ ഭൂരിഭാഗവും നമുക്ക് ഗുണമേകുന്നതാണ്. അപകടകാരികളായ ബാക്ടീരിയകളിൽനിന്ന് നമ്മെ സംരക്ഷിക്കുന്നത് ഇവയാണത്രെ. എന്നാൽ, അനുയോജ്യ സ്ഥലങ്ങളിൽ എത്തിപ്പെട്ടാൽ മാത്രം അപകടകാരിയാകുന്ന ചില അണുക്കൾ അണുബാധയുണ്ടാക്കാൻ സാധ്യതയുണ്ട്. പ്രതിരോധശേഷി കുറഞ്ഞവർക്കാണ് റിസ്ക്. ചുരുക്കിപ്പറഞ്ഞാൽ, നന്നായി അലക്കാതെ ഏറെ ദിവസങ്ങൾ ടവലുകൾ ഉപയോഗിച്ചാൽ പ്രശ്നമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.