പ്രതീകാത്മക ചിത്രം

കുട്ടികളുടെ നിറമുള്ള വസ്ത്രങ്ങളിൽ മാരക വിഷാംശം; ജാഗ്രത വേണമെന്ന് പഠനറിപ്പോർട്ട്

ന്യൂഡൽഹി: കുട്ടികൾക്കായി വാങ്ങുന്ന വർണ്ണാഭമായ വസ്ത്രങ്ങളിൽ മാരകമായ അളവിൽ ഈയം (Lead) പോലുള്ള വിഷലോഹങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പുതിയ പഠനം. അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ (ACS) വാർഷിക യോഗത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ അവതരിപ്പിച്ചത്. പ്രമുഖ റീട്ടെയിൽ ഷോപ്പുകളിൽ നിന്നുള്ള വസ്ത്രങ്ങൾ പരിശോധിച്ചപ്പോഴാണ് ഇവയിൽ പലതും നിശ്ചിത സുരക്ഷാ പരിധിയേക്കാൾ കൂടുതൽ ഈയം അടങ്ങിയതാണെന്ന് കണ്ടെത്തിയത്.

വസ്ത്രങ്ങൾക്ക് കടുംനിറം നൽകുന്നതിനും ചായം ദീർഘകാലം നിലനിൽക്കുന്നതിനുമായി നിർമാതാക്കൾ ലെഡ് (II) അസറ്റേറ്റ് എന്ന രാസവസ്തുവാണ് ഉപയോഗിക്കുന്നത്. ചുവപ്പ്, മഞ്ഞ തുടങ്ങിയ കടുംനിറമുള്ള വസ്ത്രങ്ങളിലാണ് ഉയർന്ന അളവിൽ വിഷാംശം കണ്ടെത്തിയത്. ആറ് വയസ്സിൽ താഴെയുള്ള കുട്ടികളാണ് ഈ വിഷാംശത്തിന്റെ പ്രധാന ഇരകൾ. വസ്ത്രങ്ങൾ വായിൽ വെക്കുന്നതിലൂടെയും ചർമവുമായുള്ള സമ്പർക്കത്തിലൂടെയും ഈ വിഷാംശം കുട്ടികളുടെ ഉള്ളിലെത്തുന്നു. ഈയത്തിന്റെ സാന്നിധ്യം കുട്ടികളിൽ സ്വഭാവ വൈകല്യങ്ങൾ, തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും തകരാറുകൾ, പഠന വൈകല്യങ്ങൾ, വളർച്ചാ മുരടിപ്പ് എന്നിവക്ക് കാരണമാകും.

മരിയൻ സർവകലാശാലയിലെ കെമിസ്ട്രി ലാബിൽ കമീല ഡീവേഴ്സും സംഘവുമാണ് ഈ പഠനം നടത്തിയത്. തന്റെ മകളുടെ ശരീരത്തിൽ അമിതമായി ഈയത്തിന്റെ അളവ് കണ്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണമാണ് കമീലയെ ഇത്തരം ഒരു പഠനത്തിലേക്ക് നയിച്ചത്. കുട്ടികളുടെ ഉൽപ്പന്നങ്ങളിൽ അനുവദനീയമായ പരമാവധി ഈയത്തിന്റെ അളവ് 100 ppm (Parts Per Million) ആണെന്നിരിക്കെ, പരിശോധിച്ച മിക്ക വസ്ത്രങ്ങളിലും ഇതിലും ഉയർന്ന അളവിലായിരുന്നു ഈയം.

ഫാസ്റ്റ് ഫാഷൻ വസ്ത്രങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം ചതിക്കുഴികളെക്കുറിച്ച് മിക്ക മാതാപിതാക്കളും അജ്ഞരാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. വസ്ത്രങ്ങൾ വാങ്ങുമ്പോൾ OEKO-TEX പോലുള്ള അന്താരാഷ്ട്ര സുരക്ഷാ സർട്ടിഫിക്കേഷനുകൾ ഉണ്ടോ എന്ന് പരിശോധിക്കുക. പരമാവധി പ്രകൃതിദത്തമായ തുണിത്തരങ്ങൾ കുട്ടികൾക്കായി തിരഞ്ഞെടുക്കുക. പുതിയ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് നല്ലതുപോലെ അലക്കുന്നത് രാസവസ്തുക്കളുടെ തീവ്രത കുറക്കാൻ സഹായിക്കും. ടെക്സ്റ്റൈൽ മേഖലയിൽ കൂടുതൽ കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന്നും സുരക്ഷിതമായ ചായക്കൂട്ടുകൾ ഉപയോഗിക്കണമെന്നും പഠനം ആവശ്യപ്പെടുന്നു.

Tags:    
News Summary - Children's Colourful Clothes May Have Toxic Metals, Study Finds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.