ഫോബ്സ് മിഡിലീസ്റ്റ് പുരസ്കാരവുമായി നസീം ഹെൽത്കെയർ
മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദ് മിയാൻദാദ്
ദോഹ: മിഡിലീസ്റ്റിലെ ശക്തരായ 100 ഹെൽത്ത് കെയർ ലീഡർമാരിൽ ഒരാളായി ഫോബ്സ് മിഡിലീസ്റ്റ് തെരഞ്ഞെടുത്ത നസീം ഹെൽത്കെയർ മാനേജിങ് ഡയറക്ടറും 33 ഹോൾഡിങ്സ് സി.എം.ഡിയുമായി വി.പി. മുഹമ്മദ് മിയാൻദാദ് പുരസ്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസം, അബൂദബിയിൽ നടന്ന ഫോബ്സ് മിഡിലീസ്റ്റ് ഹെൽത്കെയർ സമ്മിറ്റ് 2023ലായിരുന്നു ഖത്തറിലെ സ്വകാര്യ മേഖലയിലെ മുൻനിര ആതുരാലയമായ നസീം ഹെൽത്കെയറിന്റെ മേധാവി അംഗീകാരം ഏറ്റുവാങ്ങിയത്.
ഖത്തറിലെ ആരോഗ്യപരിരക്ഷാ മേഖലയിൽ ലോകോത്തര നിലവാരത്തിലെ ചികിത്സാസംവിധാനങ്ങൾ നടപ്പാക്കി ശ്രദ്ധേയ നായകത്വം വഹിച്ചതിന്റെ അംഗീകാരമായാണ് 100 ആരോഗ്യ നായകരിൽ ഒരാളായി ഇദ്ദേഹവും ഇടംനേടിയത്. കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ച പട്ടികയിൽ ഖത്തറിൽനിന്ന് നാലു പേർ മാത്രമാണ് ഫോബ്സ് പട്ടികയിൽ ഇടംപിടിച്ചത്.
ഏറ്റവും അത്യാധുനിക ചികിത്സാസംവിധാനങ്ങളും മികച്ച ആരോഗ്യ വിദഗ്ധരും ഉൾപ്പെടെ മേഖലയിലെതന്നെ മുൻനിര ആശുപത്രി ശൃംഖലയായി നസീമിനെ വളർത്താൻ മിയാൻദാദിന്റെ നായകത്വത്തിന് കഴിഞ്ഞു. മിഡിലീസ്റ്റിലെ ഏറ്റവും പ്രഗല്ഭരായ ആരോഗ്യ നായകർക്കൊപ്പം ഇടംപിടിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് പുരസ്കാരം ഏറ്റുവാങ്ങി മിയാൻദാദ് പറഞ്ഞു. കൂട്ടായ പരിശ്രമത്തിന്റെകൂടി അംഗീകാരമാണ് ഇതെന്നും അദ്ദേഹം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.