കോഴിക്കോട്: മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമാണ് പേവിഷബാധ. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിൽ കാണുന്ന പേവിഷബാധയുടെ വൈറസുകൾ കടി, മാന്തൽ, പോറൽ എന്നിവയിലൂടെ മനുഷ്യശരീരത്തിലെത്തി സുഷുമ്ന നാഡിയെയും തലച്ചോറിനെയും ബാധിക്കും.
തെരുവുനായ്, കുറുക്കൻ തുടങ്ങിയവയുടെ കടിയേറ്റ് എത്തുന്നവർ കൂടിവരുന്നതായും ഇക്കാര്യത്തിൽ ജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്നും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചു. കടിയേറ്റാൽ പ്രഥമ ശുശ്രൂഷ നിർണായകമാണ്. കടിയേറ്റഭാഗം ഉടൻ കഴുകി വൃത്തിയാക്കിയ ശേഷം ആശുപത്രിയിൽ എത്തിക്കലാണ് അഭികാമ്യം.
സോപ്പ് ഉപയോഗിച്ച് 15 മിനിറ്റ് കഴുകണം
മൃഗങ്ങളുടെ കടി, മാന്തൽ, പോറൽ എന്നിവയിലൂടെ ശരീരത്തിൽ മുറിവ് സംഭവിച്ചാൽ ഉടൻ കടിയേറ്റ ഭാഗം സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തിൽ 15 മിനിറ്റ് നന്നായി കഴുകണം. പൈപ്പിൽനിന്ന് വെള്ളം തുറന്നുവിട്ട് കഴുകുന്നതാണ് ഉത്തമം. മുറിവ് വൃത്തിയാക്കുന്ന വ്യക്തി നിർബന്ധമായും കൈയുറ ധരിക്കണം. ഇങ്ങനെ കഴുകിയാൽ 70 ശതമാനം അണുക്കളും ഇല്ലാതാകും. മുറിവിന് ചുറ്റും കഴുകിയില്ലെങ്കിൽ പേവിഷബാധക്കുള്ള കുത്തിവെപ്പ് എടുത്താലും പേവിഷബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കഴുകി വൃത്തിയാക്കിയ ശേഷം ബെറ്റാഡിൻ, അയഡിൻ സൊലൂഷൻ എന്നിങ്ങനെയുള്ള ഏതെങ്കിലും അണുനാശിനികൾ ലഭ്യമാണെങ്കിൽ അതുപയോഗിച്ചും മുറിവ് വൃത്തിയാക്കാം. കടിയേറ്റ ഭാഗത്ത് ഉപ്പ്, മഞ്ഞൾ, മുളകുപൊടി പോലുള്ള മറ്റുപദാർഥങ്ങൾ ഒരുകാരണവശാലും പുരട്ടരുത്. മുറിവ് അമർത്തി കഴുകുകയോ കെട്ടിവെക്കുകയോ ചെയ്യരുത്. ഡോക്ടർ നിർദേശിക്കുന്ന ദിവസങ്ങളിൽ തന്നെ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.