പകര്‍ച്ചവ്യാധി: അതീവ ജാഗ്രത നിർദേശം

കൽപറ്റ: ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം, വൈറല്‍ പനികള്‍ എന്നിവയാണ് പ്രളയത്തിന് അനുബന്ധമായി അധികമായി കണ്ടുവരുന്ന രോഗങ്ങള്‍.

കോവിഡില്‍നിന്ന് പൂര്‍ണമുക്തരല്ലാത്തതിനാൽ ക്യാമ്പുകളില്‍ കഴിയുന്ന പ്രായമായവരും അനുബന്ധ രോഗമുള്ളവരും ശ്രദ്ധിക്കണം. എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണം. ഇതിലൂടെ വിവിധതരം വായുജന്യ രോഗങ്ങളെയും പ്രതിരോധിക്കാൻ സാധിക്കും. ക്യാമ്പുകള്‍ക്ക് തൊട്ടടുത്തുള്ള ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുമുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് ഡി.എം.ഒ പറഞ്ഞു.

എലിപ്പനി

മണ്ണുമായോ മലിന ജലവുമായോ സമ്പര്‍ക്കമുള്ളവരും സന്നദ്ധ പ്രവര്‍ത്തകരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം. മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലയളവില്‍ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കല്‍ ഡോക്സിസൈക്ലിന്‍ ഗുളിക 200 മില്ലിഗ്രാം (100 മില്ലിഗ്രാമിന്റെ രണ്ട് ഗുളിക വീതം) കഴിക്കണം.

കൊതുകുജന്യ രോഗങ്ങള്‍

ഡെങ്കിപ്പനി, മലമ്പനി, ചികുന്‍ ഗുനിയ, വെസ്റ്റ് നൈല്‍, ജപ്പാന്‍ ജ്വരം മുതലായ കൊതുകുജന്യ രോഗങ്ങളില്‍നിന്നു രക്ഷനേടാന്‍ വെള്ളം കെട്ടി നിന്ന് കൊതുക് വളരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങള്‍ ആഴ്ചയിലൊരിക്കല്‍ നിരീക്ഷിച്ച് നശിപ്പിക്കണം.

വായുജന്യ രോഗങ്ങള്‍

കോവിഡ്, എച്ച്1 എന്‍ 1, വൈറല്‍ പനി, ചിക്കന്‍പോക്സ് തുടങ്ങിയ വായുജന്യ രോഗങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. മാസ്‌ക് ശരിയായവിധം ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് വൃത്തിയാക്കാനും ശ്രദ്ധിക്കണം.

ജലജന്യ രോഗങ്ങള്‍

വയറിളക്കം, കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം മുതലായ ജലജന്യ രോഗങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. വ്യക്തി ശുചിത്വം പാലിക്കുക. കൈകള്‍ ഇടക്കിടയ്ക്ക് സോപ്പും വെള്ളവുമുപയോഗിച്ച് കഴുകി വൃത്തിയാക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. പാത്രങ്ങളും പച്ചക്കറികളും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിച്ച് കഴുകുക. വയറിളക്കം വന്നാല്‍ ഒ.ആര്‍.എസ് ലായനി ആവശ്യാനുസരണം നല്‍കുക.

കൂടെ ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിന്‍ വെള്ളം എന്നിവയും കൂടുതലായി നല്‍കുക. വയറിളക്കം ബാധിച്ചാല്‍ ഭക്ഷണവും വെള്ളവും കൂടുതലായി നല്‍കണം. വര്‍ധിച്ച ദാഹം, ഉണങ്ങിയ നാവും ചുണ്ടുകളും, വരണ്ട ചർമം, മയക്കം, മൂത്രക്കുറവ്, കടുത്ത മഞ്ഞ നിറത്തിലുള്ള മൂത്രം തുടങ്ങിയ നിർജലീകരണത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ ആശുപത്രിയില്‍ എത്തിക്കുക.

ചർമ രോഗങ്ങള്‍

കഴിയുന്നതും ചർമം ഈര്‍പ്പരഹിതമായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

മലിനജലത്തില്‍ ഇറങ്ങുന്നവര്‍ കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. ത്വക് രോഗങ്ങള്‍, ചെങ്കണ്ണ്, ചെവിയിലുണ്ടാകുന്ന അണുബാധ എന്നിവക്ക് വൈദ്യസഹായം ഉറപ്പാക്കണം.

മങ്കി പോക്സ്

ജില്ലയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ മൂന്നാഴ്ച സ്വയം നീരീക്ഷിക്കുകയും മങ്കിപോക്സിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും ചെയ്യണം.

പാമ്പുകടിയും വൈദ്യുതാഘാതവും

വെള്ളമിറങ്ങുന്ന സമയത്ത് പാമ്പുകടിയേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം എത്രയും വേഗം ആശുപത്രിയിലെത്തിക്കുക. വീട് ശുചീകരിക്കാന്‍ പോകുന്നവര്‍ വൈദ്യുതാഘാതമേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതിയുമായുള്ള ബന്ധം വേര്‍പെടുത്തിയിട്ട് മാത്രം അറ്റകുറ്റപ്പണികള്‍ ചെയ്യുക.

മാനസികാരോഗ്യം വളരെ പ്രധാനം

മാനസികാരോഗ്യ പ്രശ്നങ്ങളും ശ്രദ്ധിക്കണം. ആരോഗ്യപരമായ സംശയങ്ങള്‍ക്കും സേവനങ്ങള്‍ക്കും തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടാം. ദിശയുടെ 104, 1056, 0471 2552056 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

Tags:    
News Summary - Epidemic: Extreme caution in wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.