പനിയും ക്ഷീണവും മുതൽ ആന്തരിക രക്തസ്രാവം വരെ; എബോള വകഭേദത്തിന്റെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!

കോംഗോയിലും ഉഗാണ്ടയിലും എബോള വൈറസ് ബാധ അതിവേഗം പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതുവരെ മുന്നൂറിലധികം പേർക്ക് രോഗബാധ സംശയിക്കുകയും 88 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തര നടപടി. എബോളയുടെ അപൂർവ വകഭേദമായ ‘ബുണ്ടിബുഗ്യോ’ വൈറസാണ് ഇപ്പോൾ പടർന്നുപിടിക്കുന്നത്. നിലവിൽ ഈ വകഭേദത്തിന് അംഗീകൃത വാക്സിനുകളോ പ്രത്യേക ചികിത്സയോ ലഭ്യമല്ല.

അതിവേഗം പടരുന്നതും മാരകവുമായ ഒരു രോഗമാണ് എബോള. രോഗബാധിതരുടെ രക്തം, ഛർദ്ദി, മറ്റ് ശാരീരിക ശ്രവങ്ങൾ എന്നിവയിലൂടെയാണ് വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത്. മുൻകാലങ്ങളിൽ ഈ രോഗം ബാധിച്ചവരിൽ 25 ശതമാനം മുതൽ 90 ശതമാനം വരെ മരണനിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി കൃത്യമായ പരിചരണം, അണുബാധ നിയന്ത്രണം, നിരീക്ഷണം, സുരക്ഷിതമായ ശവസംസ്കാരം, ലഭ്യമായ ഇടങ്ങളിൽ വാക്സിനേഷൻ എന്നിവ ഉറപ്പാക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ നിർദേശിക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. കടുത്ത പനി, ക്ഷീണം, പേശി വേദന, തലവേദന, തൊണ്ടവേദന തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഛർദ്ദി, വയറിളക്കം, വയറുവേദന, ചർമ്മത്തിൽ തിണർപ്പ്, കരളിലെയും വൃക്കകളിലെയും പ്രവർത്തന വൈകല്യം തുടങ്ങിയവ അനു​ഭവപ്പെടും. രോഗം മൂർച്ഛിക്കുന്നതോടെ ആന്തരികവും ബാഹ്യവുമായ രക്തസ്രാവം (ഛർദ്ദിയിലും മലത്തിലും രക്തം കാണപ്പെടുക), കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്നത് മൂലമുള്ള ആശയക്കുഴപ്പം, അസ്വസ്ഥത, അക്രമണോത്സുകത എന്നിവയും ഉണ്ടാകാം.

ചികിത്സയും വാക്സിനേഷനും

നിലവിൽ പടരുന്ന ബുണ്ടിബുഗ്യോ വകഭേദത്തിന് കൃത്യമായ മരുന്നുകളില്ല. രോഗിക്ക് ആവശ്യമായ ജലാംശം നിലനിർത്തുക, പോഷകാഹാരം നൽകുക, വേദന കുറക്കുക തുടങ്ങിയ ലക്ഷണങ്ങൾക്കനുസരിച്ചുള്ള തീവ്രപരിചരണമാണ് നൽകി വരുന്നത്. അതേസമയം, സാധാരണ എബോള വൈറസ് ബാധക്ക് മോണോക്ലോണൽ ആന്റിബോഡി ചികിത്സകൾ ലഭ്യമാണ്. കൂടാതെ എബോളക്ക് എതിരെ ‘എർവെബോ, സബ്ദേനോ തുടങ്ങിയ വാക്സിനുകളും നിലവിലുണ്ട്. പുതിയ വകഭേദങ്ങൾക്കുള്ള വാക്സിൻ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. 

Tags:    
News Summary - Ebola Declared Global Health Emergency: All You Need To Know On Symptoms, Treatment And Vaccines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.