കോഴിക്കോട്: കോവിഡ് മൂന്നാം തരംഗത്തിെൻറ പേരിൽ കുട്ടികളെക്കുറിച്ച് അനാവശ്യഭീതി വേണ്ടെന്ന് ദേശീയ സെമിനാർ. 18 വയസ്സിന് മുകളിലുള്ളവർ വാക്സിൻ എടുക്കുമ്പോൾ വാക്സിൻ എടുക്കാത്ത കുട്ടികളിൽ സ്വാഭാവികമായി കോവിഡ് വരാനുള്ള സാധ്യതയുണ്ടെന്നത് അനുമാനം മാത്രമാണെന്ന് ഗവ. മെഡിക്കൽ കോളജിലെ ശിശുരോഗ വിഭാഗവും ദേശീയ ആരോഗ്യ മിഷനും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സും സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. മൂന്നാം തരംഗത്തിെൻറ പേരിൽ അനാവശ്യ ഭീതി ആവശ്യമില്ലെന്നും സെമിനാർ വിലയിരുത്തി.
കോവിഡ് ആരോഗ്യ പ്രശ്നത്തിനപ്പുറം കുട്ടികളിൽ ഉണ്ടാക്കുന്ന മാനസിക-സാമൂഹിക പ്രശ്നങ്ങൾ നേരിടാൻ സർക്കാറും സമൂഹവും മുന്നോട്ടുവരണം. കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾ, വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾ, സ്കൂളുകൾ അടഞ്ഞുകിടക്കുന്നതും ഓൺലൈൻ വിദ്യാഭ്യാസവും ഉണ്ടാക്കുന്ന മാനസിക പ്രശ്നങ്ങൾ, സാമ്പത്തിക പ്രതിസന്ധിയിലായ രക്ഷിതാക്കളിൽനിന്നുമുണ്ടാകുന്ന ശാരീരിക മാനസിക പീഡനങ്ങൾ, സോഷ്യൽ മീഡിയയുടെ അമിതോപയോഗം തുടങ്ങി സമാനതകളില്ലാത്ത പ്രശ്നങ്ങളാണ് കുട്ടികൾ നേരിടുന്നത്. ഇതിന് ബൃഹത്തായ ഇടപെടലുകൾ താഴെ തട്ടിൽ ആവശ്യമാണെന്ന് സെമിനാർ വിലയിരുത്തി.
സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മന്ത്രി വീണ ജോർജ് അധ്യക്ഷയായിരുന്നു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായി. ഇന്ത്യൻ അക്കാദമി പീഡിയാട്രിക്സ് പ്രസിഡൻറ് ഡോ. രമേഷ് വിശിഷ്ടാതിഥിയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. സെമിനാറിൽ 35 ഓളം വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.