ഡോ. ഷർമദ് ഖാൻ എഴുതിയ മരുന്ന് മാത്രമാണോ ചികിത്സ എന്ന പുസ്തകം രോഗാതുരമായ ആധുനിക കാലത്ത്, മരുന്ന് മാത്രമല്ല ചികിത്സയിൽ പ്രധാനമെന്ന് ബോധ്യപ്പെടുത്തുന്ന കൃതിയാണ്. ആരോഗ്യ സംരക്ഷണത്തിനുള്ള വിവിധ മാർഗങ്ങളാണ് ഇതിൽ തുറന്നുകാട്ടുന്നത്. ആയിരത്തോളം ആരോഗ്യ ലേഖനങ്ങൾ വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ഡോക്ടറുടെ ആദ്യ പുസ്തകമാണിത്.
സർക്കാർ ആയുർവേദ ഡോക്ടർ എന്ന നിലയിൽ രണ്ട് ദശകത്തിലധികം കാലത്തെ പരിചയം ഡോ. ഷർമ്മദ് ഖാന് ഈ രചനക്ക് സഹായകമായിട്ടുണ്ട്. മികച്ച ആയുർവേദ ഡോക്ടർക്കുള്ള 2019ലെ ചരക അവാർഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു. നമ്മെ രോഗിയാക്കുന്ന ജീവിത ശൈലിയെക്കുറിച്ചും രോഗചികിത്സപോലെതന്നെ എത്രത്തോളം പ്രാധാന്യം ശരിയായ ആഹാരവും ചിട്ടയായ വ്യായാമവും വിശ്രമവും ഉൾപ്പെടുത്തിയുള്ള ആരോഗ്യസംരക്ഷണത്തിന് ഉണ്ടെന്നും ഈ പുസ്തകം ചർച്ച ചെയ്യുന്നു. മരുന്ന് പരമാവധി ഒഴിവാക്കിയുള്ള ചികിത്സാ രീതിക്കാണ് ഈ ഗ്രന്ഥം അടിവരയിടുന്നത്.
രോഗാവസ്ഥയിൽ ഭക്ഷണക്രമത്തിനും വ്യായാമത്തിനുമുള്ള പ്രാധാന്യം, മരുന്നും കൂടി ഉപയോഗിക്കേണ്ടിവരുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം, മരുന്നുകൾ വർധിപ്പിക്കാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നിവ സാധാരണക്കാർക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ ഈ പുസ്തകം വിശകലനം ചെയ്യുന്നു.
രോഗങ്ങളൊന്നുമില്ലാതെ ജീവിക്കാനും ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ ബാധിച്ചാൽതന്നെ പഥ്യമായവ ശീലിച്ചും അപഥ്യമായവ ഒഴിവാക്കിയും പരമാവധി വീര്യം കുറഞ്ഞ മരുന്നുകൾ ഉപയോഗിച്ചും രോഗം വഷളാകാതെ നോക്കേണ്ടതുണ്ടെന്ന അവബോധം ഈ പുസ്തകം നൽകുന്നു. സാധാരണക്കാരുടെ ആരോഗ്യ സംബന്ധമായ നിരവധി സംശയങ്ങൾക്ക് പരിഹാരംകൂടിയാണ് ഡോ. ഷർമദ് ഖാന്റെ ഈ പുസ്തകം.
പല രോഗങ്ങളും മറ്റ് രോഗങ്ങൾക്ക് കാരണമാകുകയും നമ്മൾ കഴിക്കുന്ന മരുന്നുകൾതന്നെ പ്രതിപ്രവർത്തിച്ച് മാരക രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഭക്ഷണങ്ങളിലും ഭക്ഷണശീലങ്ങളിലും ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തി മാത്രമേ മരുന്ന് ഉപയോഗം കുറക്കാൻ സാധിക്കൂ എന്ന് പുസ്തകം വായനക്കാരെ ഓർമിപ്പിക്കുന്നു. രോഗം ബാധിച്ച ശരീരഭാഗത്തെ മാത്രം ചികിത്സിക്കാതെ വ്യക്തിയെ സമഗ്രമായി സുഖപ്പെടുത്തുന്ന ആയുർവേദ ചികിത്സാരീതി ഈ പുസ്തകം പരിചയപ്പെടുത്തുന്നു.
അമ്പതോളം രോഗങ്ങളെക്കുറിച്ച്, അവയുടെ കാരണങ്ങൾ, രോഗാവസ്ഥയിൽ അനുഭവപ്പെടാവുന്ന ബുദ്ധിമുട്ടുകൾ, മരുന്ന് കുറക്കാനുള്ള മാർഗങ്ങൾ തുടങ്ങിയവ ഈ പുസ്തകം വിശദീകരിക്കുന്നു.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.