ബപ്പി ലാഹിരിയുടെ ജീവനെടുത്ത സ്ലീപ് അപ്നിയ അതീവ അപകടകാരി; അറിയാം ലക്ഷണങ്ങളും ചികിത്സാവിധികളും

പ്രശസ്തബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 69 വയസ്സായിരുന്നു. മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 80 കളിലും 90 കളിലും ഇന്ത്യയിൽ ഡിസ്കോ സംഗീതം ജനകീയമാക്കിയ ഗായകനാണ് ബപ്പി ലാഹിരി.

'ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലാഹിരിയെ തിങ്കളാഴ്ചയാണ് ഡിസ്ചാർജ് ചെയ്തത്. എന്നാൽ ചൊവ്വാഴ്ച അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഡോക്ടര്‍ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. അദ്ദേഹത്തിന് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഒ.എസ്.എ (ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ) മൂലം അർധരാത്രിക്ക് തൊട്ടുമുമ്പ് അദ്ദേഹം മരിച്ചു'-ഡോ.ദീപക് ജോഷി പി.ടി.ഐയോട് പറഞ്ഞു.

ഇന്ത്യന്‍ സംഗീത ലോകത്തിലേക്ക് ഡിസ്‌കോയുടെ ചടുലത കൊണ്ടുവന്ന സംഗീത സംവിധായകനാണ് ബപ്പി ലാഹിരി. കഴിഞ്ഞ വര്‍ഷം കോവിഡ് -19ല്‍ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം, ലാഹിരിക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാൽ മരണത്തിന് പ്രധാന കാരണമായത് 2021 മുതല്‍ അദ്ദേഹം അനുഭവിക്കുന്ന ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ എന്ന അവസ്ഥയാണ്. ഏറെ അപകടകാരിയായ ഒരു രോഗാവസ്ഥയാണ് സ്ലീപ് അപ്നിയ. ഈ നിശബ്ദ കൊലയാളിയുടെ കൂടുതൽ വിവരങ്ങൾ അറിയാം.



ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ

ഉറക്കവുമായി ബന്ധപ്പെട്ട ശ്വസന വൈകല്യമാണ് സ്ലീപ്പ് അപ്‌നിയ (Sleep Apnea). ഒരു വ്യക്തിയുടെ ശ്വാസോച്ഛ്വാസം ഉടക്കത്തിനിടെ തടസ്സപ്പെടുന്ന അവസ്ഥയാണിത്. മൂന്ന് തരത്തിലുള്ള സ്ലീപ്പ് അപ്നിയയില്‍ ഒന്നാണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ (മറ്റ് രണ്ടെണ്ണം സെന്‍ട്രല്‍ സ്ലീപ്പ് അപ്നിയയും കോംപ്ലക്‌സ് സ്ലീപ്പ് അപ്നിയയും ആണ്). ഒരു വ്യക്തിയുടെ തൊണ്ടയിലെ പേശികള്‍ ഇടയ്ക്കിടെ വിശ്രമിക്കുകയും ശ്വാസനാളത്തെ തടയുകയും ശ്വസനം തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഒരു രോഗാവസ്ഥയാണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ.

രോഗലക്ഷണങ്ങള്‍

ഈ അസ്വാസ്ഥ്യത്തിന്റെ തീവ്രത സൂചിപ്പിക്കുന്ന ഏറ്റവും പ്രകടമായ അടയാളങ്ങളിലൊന്ന് ഉച്ചത്തിലുള്ള കൂര്‍ക്കംവലി ആണ്. കൂടാതെ, പകല്‍ ഉറക്കം, പകല്‍ സമയത്തെ ഏകാഗ്രതക്കുറവ് എന്നിവയും ഇതിന്റെ ലക്ഷണങ്ങളായി കണക്കാക്കാം. ഉറക്കത്തിന്റെ ആര്‍.ഇ.എം (REM - Rapid eye movement) ഘട്ടത്തില്‍ ശരിയായി എത്താന്‍ ഒരു വ്യക്തിയുടെ ശരീരത്തിന് കഴിയാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണം. മറ്റൊരു പ്രധാന ലക്ഷണം ഉറക്കത്തില്‍ ശ്വാസംമുട്ടല്‍ അല്ലെങ്കില്‍ ശ്വാസതടസ്സം നേരിട്ട് പെട്ടെന്ന് ഞെട്ടി ഉണരുന്നതാണ്. രാവിലെ അനുഭവപ്പെടുന്ന തലവേദന, വരണ്ടുണങ്ങുന്ന വായ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍.


1973 മുതൽ സിനിമാ പിന്നണി ​ഗാനരം​ഗത്ത് സജീവമായിരുന്നു ബപ്പി ലാഹിരി. 'ഡിസ്കോ ഡാൻസർ' എന്ന സിനിമയിലെ ഗാനങ്ങൾ 'ചൽതേ ചൽതേ', 'ഡിസ്കോ ഡാൻസർ', 'ഹിമ്മത്വാല', 'ഷരാബി', ​'ഗിരഫ്താർ', 'കമാൻഡോ', ​'ഗുരു' എന്നിങ്ങനെ നിരവധി സിനിമകളിലെ ​ഗാനങ്ങൾ ആലപിച്ചു. 'ഡിസ്കോ ഡാൻസറി'ലെ സംഗീത സംവിധാനം നിർവഹിച്ചതും ഇദ്ദേഹമാണ്.

1985 ൽ മികച്ച സം​ഗീത സംവിധായകനുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചിരുന്നു. ‌'ദ ഡേർട്ടി പിക്ചറി'ലെ 'ഊലാലാ' എന്ന ​ഗാനം, ​'ഗുണ്ടേ'യിലെ 'തൂനെ മാരി' എൻട്രിയാ, 'ബദ്രിനാഥ് കി ദുൽഹനിയ' എന്ന ചിത്രത്തിലെ 'തമ്മാ തമ്മാ' എന്നിവയാണ് പുതിയ കാലത്തെ പാട്ടുകൾ. 'ബാ​ഗി 3' യിലാണ് ഏറ്റവും ഒടുവിലായി പാടിയത്. ഹിന്ദിക്ക് പുറമെ തമിഴ്, കന്നഡ ഭാഷകളിലും ബപ്പി ലാഹിരി പാടിയിട്ടുണ്ട്. 2014ൽ ലാഹിരി ബി.ജെ.പിയിൽ ചേർന്നു. അതേവർഷം പശ്ചിമ ബംഗാളിലെ ശ്രീറാംപുരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Tags:    
News Summary - Bappi Lahiri's cause of death revealed; Late singer died due to Obstructive Sleep Apnea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.