ന്യൂഡൽഹി: ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണങ്ങളെ ശക്തിപ്പെടുത്തി കാൻസർ വ്യാപനം ലഘൂകരിക്കാൻ ആസ്പിരിന് കഴിയുമെന്ന് ശാസ്ത്രജ്ഞർ. ലാബ് എലികളിൽ നടത്തിയ പരീക്ഷണത്തിൽ ഒന്നിലധികം കാൻസറുകൾക്കെതിരെ ആസ്പിരിൻ പ്രവർത്തിക്കുന്നതായാണ് കണ്ടെത്തൽ.
കേംബ്രിഡ്ജ് സർവകലാശാലയിലെ കാൻസർ ഇമ്യൂണോളജിസ്റ്റ് രാഹുൽ റോയ് ചൗധരിയുടെ നേതൃത്വത്തിലുള്ള ഒരു ഗവേഷണ സംഘമാണ് ലോകമെമ്പാടുമുള്ള 90 ശതമാനം കാൻസർ മരണങ്ങൾക്കും കാരണമാകുന്ന ‘മെറ്റാസ്റ്റാസിസി’നെതിരായ രോഗപ്രതിരോധ പ്രതികരണങ്ങൾ വർധിപ്പിക്കുന്നതിന് ആസ്പിരിൻ വഴിയുള്ള ഒരു പുതിയ രോഗപ്രതിരോധ പാത കണ്ടെത്തിയത്.
ആസ്പിരിൻ ഉപയോഗിച്ച് ചികിത്സിച്ച സ്തന, വൻകുടൽ, ചർമ അർബുദമുള്ള എലികളിൽ ആസ്പിരിൻ സ്വീകരിക്കാത്ത അർബുദമുള്ള എലികളെ അപേക്ഷിച്ച് മെറ്റാസ്റ്റാസിസിന്റെ അളവു മൂലം ശ്വാസകോശം, കരൾ പോലുള്ള മറ്റ് അവയവങ്ങളിലേക്കുള്ള രോഗ വ്യാപനം കുറഞ്ഞ അളവിൽ കാണിച്ചു.
ആസ്പിരിന്റെ ആന്റി മെറ്റാസ്റ്റാറ്റിക് പ്രവർത്തനത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നതാണ് ‘നേച്ചർ’ ജേണലിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ. കൂടാതെ ഇത് അപകടസാധ്യതകളില്ലാതെ ആസ്പിരിന്റെ ഈ ഫലത്തെ അനുകരിക്കുന്ന നൂതന ചികിത്സകൾക്ക് വഴിയൊരുക്കും. മുൻ പഠനങ്ങളും പരീക്ഷണങ്ങളും മെറ്റാസ്റ്റാസിസിനെതിരെ ആസ്പിരിന്റെ സാധ്യതയുള്ള ഗുണങ്ങൾ തെളിയിച്ചിട്ടുണ്ടെങ്കിലും ഉൾപ്പെട്ടിരിക്കുന്ന നിർദിഷ്ട രോഗപ്രതിരോധ പാത ആദ്യമായി തിരിച്ചറിഞ്ഞത് തങ്ങളുടെ ഈ പഠനമാണെന്ന് റോയ് ചൗധരി പറഞ്ഞതായി ‘ദ ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്തു.
‘ത്രോംബോക്സെയ്ൻ എ2’ എന്ന തന്മാത്രയുടെ ഉത്പാദനം കുറക്കുന്ന ആസ്പിരിന്റെ ഒരു പ്രധാന ആന്റി-പ്ലേറ്റ്‌ലെറ്റ് പ്രവർത്തനം, മെറ്റാസ്റ്റാറ്റിക് കാൻസർ കോശങ്ങളെ ചെറുക്കാനുള്ള രോഗപ്രതിരോധ സംവിധാനത്തിന്റെ കോശങ്ങളുടെ ശേഷി വർധിപ്പിക്കുന്നുവെന്ന് റോയ്ചൗധരിയും സഹപ്രവർത്തകരും തെളിയിച്ചതായാണ് റിപ്പോർട്ട്.
മെറ്റാസ്റ്റാസിസ് തടയുന്നതിനുള്ള ഒരു അനുബന്ധ ചികിത്സയായി ആസ്പിരിനെ വിലയിരുത്തുന്നതിനുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യ, അയർലൻഡ്, യു.കെ എന്നിവിടങ്ങളിലായി പ്രാരംഭ ഘട്ടത്തിലുള്ള ADD-ASPIRIN എന്ന ക്ലിനിക്കൽ പരീക്ഷണങ്ങളിൽ സ്തന, വൻകുടൽ, ഗ്യാസ്ട്രോ, അന്നനാളം, പ്രോസ്റ്റേറ്റ് കാൻസറുകളുള്ള 10,000 ത്തിലധികം രോഗികൾ ഉൾപ്പെടുന്നു. മുംബൈയിലെ ടാറ്റ മെമ്മോറിയൽ സെന്റർ ആശുപത്രിയാണ് ഇന്ത്യയിലെ പങ്കാളിത്ത കേന്ദ്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.