മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ. പ്ലാസ്മോഡിയം വിഭാഗത്തിൽപ്പെട്ട അഞ്ചു സ്പീഷീസുകളാണ് രോഗം പരത്തുന്നത്. പ്ലാസ്മോഡിയം ഫാൽസിപ്പാരം, പ്ലാസ്മോഡിയം വിവാക്സ്, പ്ലാസ്മോഡിയം ഒവൈൽ, പ്ലാസ്മോഡിയം മലേറിയെ, പ്ലാസ്മോഡിയം നോവേൽസി എന്നിവയാണത്. യഥാസമയം ചികിത്സിച്ചില്ലെങ്കിൽ ഇത് കടുത്ത വിളർച്ച, അവയവങ്ങളുടെ തകരാറ്, കോമ തുടങ്ങിയവക്കും മരണത്തിനും കാരണമാവും.
കൊതുകാണ് വില്ലൻ
അനോഫിലിസ് ഇനത്തിൽപെട്ട പെൺകൊതുകിലൂടെയാണ് മനുഷ്യനിലേക്ക് രോഗം പകരുന്നത്. പ്ലാസ്മോഡിയം ശരീരത്തിൽ പ്രവേശിച്ചാൽ 7-30 ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. രക്തത്തിലൂടെ പരാദങ്ങൾ കരളിൽ പ്രവേശിച്ച് പെരുകുന്നു. കരളിന്റെ കോശങ്ങൾ നശിക്കുമ്പോൾ അത് പരാദങ്ങളെ പുറത്തുവിടുന്നു. അടുത്തഘട്ടത്തിൽ ഇവ ശരീരത്തിലെ ചുവന്ന രക്താണുക്കളെ ആക്രമിക്കും. ഇതോടെ ശരീരത്തിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ും. അപൂർവം അവസരങ്ങളിൽ രക്തദാനത്തിലൂടെയും രോഗം പകരാവുന്നതാണ്.
രോഗലക്ഷണങ്ങൾ
പനി, കുളിർ, അപസ്മാരം, മാനസിക നിലയിൽ തകരാർ എന്നിവയാണ് ലക്ഷണങ്ങൾ. മലേറിയയുടെ ആദ്യ ലക്ഷണങ്ങൾ മറ്റു പകർച്ചപ്പനികളോട് സാമ്യമുള്ളവയാണ്. അതിനാൽ തിരിച്ചറിയാൻ വൈകും. വിറയലോടു കൂടിയ പനി, ഒന്നിടവിട്ട ദിവസങ്ങളിലെ പനി എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. രോഗിക്ക് വിറയലും നല്ല തണുപ്പും ഉണ്ടാവുകയോ, രോഗിയുടെ ശരീരത്തിൽ പൊള്ളുന്ന പനിയും ഒപ്പം തലവേദനയും അനുഭവപ്പെടുകയോ, അമിതമായി വിയർക്കുകയും ഒപ്പം തളരുകയും ചെയ്യുകയും ചെയ്യുക, ശരീരവേദന, തലവേദന, സന്ധിവേദന, ഛർദ്ദി, ഓക്കാനം, വിളർച്ച (അനീമിയ) എന്നിവയും കാണപ്പെടാറുണ്ട്.
സ്ഥിരീകരണം
രക്തം, സെരിബ്രോ സ്പൈനൽ ഫ്ലൂയിഡ് എന്നിവ പരിശോധിച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്.
പ്രതിരോധം
കൊതുകുകൾ വളരുന്ന സാഹചര്യം ഒഴിവാക്കുകയാണ് മലേറിയ വരാതിരിക്കാനുള്ള പ്രധാന മാർഗം. വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക, കൊതുകിന്റെ വാസസ്ഥലങ്ങൾ നശിപ്പിക്കുക, പാത്രങ്ങളിലും കുപ്പികളിലും മറ്റും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക, കിണറും വാട്ടർ ടാങ്കുകളും വല കൊണ്ട് മൂടുക, കൊതുകിന്റെ മുട്ട വിരിഞ്ഞുണ്ടാവുന്ന കൂത്താടികളെ കൂട്ടത്തോടെ നശിപ്പിക്കുവാൻ കീടനാശിനികളോ മണ്ണെണ്ണയോ മോസ്ക്വിറ്റോ ലാർവിസിഡൻ ഓയിലോ ജലോപരിതലത്തിൽ ഒഴിക്കുക.
രോഗി രോഗം ഭേദമാകുന്നതു വരെ കൊതുകു വലയ്ക്കുള്ളിൽത്തന്നെ കിടക്കാനും ശ്രദ്ധിക്കണം. നമുക്കിടയിൽ താമസിക്കുന്നവർക്ക് രോഗം സ്ഥിരീകരിച്ചാൽ രോഗമില്ലാത്തവരും കൂടെ ഉള്ളവർക്ക് രോഗമുള്ള കാലയളവിൽ കൊതുകു വല ഉപയോഗിക്കണം. കൂടാതെ ശരീരം മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുക. വീടിനുള്ളിൽ കൊതുക് കടക്കാതിരിക്കാൻ വലകൾ തറയ്ക്കുക. കൊതുകുതിരികൾ, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റിപ്പല്ലർ, ബാറ്റ് എന്നിവ ഉപയോഗിക്കുന്നതും രോഗപ്രതിരോധത്തിന് നല്ലതാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.