ഗ്രീൻ ടീയല്ല; ഇനി ഗ്രീൻ കോഫിയാണ് താരം

അമിത ഭാരമുള്ളവർ ഭാരം കുറക്കാനും ഇല്ലാത്തവർ അമിത വണ്ണത്തെ അകറ്റിനിർത്താനും ഈയിടെ വളരെ കൂടുതലായി ആശ്രയിച്ചിരുന്ന ഒഷധമായിരുന്നു ഗ്രീൻ ടീ. സൗന്ദര്യ ആരാധകരെയും അമിതഭാരത്തെ പേടിക്കുന്നവരെയും രോഗികളെയും  ചൂഷണം ചെയ്ത് ചില ഗ്രീൻ ടീ വിപണി വല്ലാതങ്ങ് തടിച്ച കൊഴുക്കുകയും ചെയ്തു. അതിനിടെയാണ് പുതിയ താരമായ ഗ്രീൻ കോഫി മാർക്കറ്റിലെത്തുന്നത്. അമിതഭാരവും കൊഴുപ്പും നിയന്ത്രിക്കാൻ ഗ്രീൻ കോഫിക്ക് കഴിയുമെന്നാണ് നിർമാതാക്കളുടെ അവകാശവാദം.

ഇതിലെതത്രത്തോളം സത്യമുണ്ടെന്ന് പരിശോധിക്കാം, കാപ്പിക്കുരു വറുത്ത് പൊടിച്ചെടുത്താണ് കാപ്പിപൊടി ഉണ്ടാക്കുന്നത് എല്ലാവർക്കുമറിയാം. ഗ്രീൻ കോഫി എന്നാൽ വറുക്കാത്ത കാപ്പിക്കുരുവാണ്. പച്ചകാപ്പിക്കുരുവിൽ നിന്നുള്ള സത്തും ഗ്രീൻ കോഫി കാപ്സ്യൂളുകളുമാണ് ഇപ്പോൾ വിപണിയിൽ പ്രചാരത്തിലുള്ളത്.

പച്ച കാപ്പിക്കുരുവിൽ ക്ളോറോജെനിക് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ക്ളോറോജെനിക് ആസിഡുകൾ എന്നറിയപ്പെടുന്നു. ഇവക്ക് ആന്‍റിഓക്സിഡന്‍റുകളുടെ ഗുണമുണ്ട്. ആന്‍റിഓക്സിഡന്‍റുകൾ രക്തസമ്മർദ്ദം കുറക്കാനും ഭാരം കുറക്കാനും സഹായിക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആന്‍റിഓക്സിഡന്‍റുകളുടെ സാന്നിധ്യമാണ് ഗ്രീൻ കോഫിയെ അമിതവണ്ണക്കാരുടെ പ്രിയങ്കരമാക്കുന്ന ഘടകം.

കാപ്പിക്കുരു വറുത്തെടുക്കുമ്പോൾ ഇതിലെ ക്ളോറെജെനിക് അംശങ്ങൾ നഷ്ടപ്പെടുന്നതുമൂലം സാധാരണ കാപ്പി കുടിക്കുമ്പോൾ ക്ളോറോജെനിക് സംയുക്തങ്ങളുടെ ഗുണഫലം ലഭിക്കില്ല. ഗ്രീൻകാഫിയുടെ പാർശ്വഫലങ്ങൾ എന്തെന്ന് ഇതുവരെ വെളിവായിട്ടില്ല. എന്നാൽ കാപ്പിയിൽ അടങ്ങിയിട്ടുള്ള കഫീൻ മൂലമുണ്ടാകുന്ന ദോഷഫലങ്ങളെല്ലാം ഗ്രീൻകാഫി കഴിക്കുന്നതുമൂലം ഉണ്ടാകാം എന്നാണ് വിദഗ്ധർ പറയുന്നത്.

എന്നാൽ ഗ്രീൻ കോഫി മൂലം ഭാരം കുറയുമെന്ന് തെളിയിക്കുന്ന ആധികാരികമായ പഠനഫലങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഗ്രീൻ കോഫി സത്ത് ഫലവത്താണോ സുരക്ഷിതമാണോ എന്നതു സംബന്ധിച്ചും ആധികാരികമായ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.  ഉത്കണ്ഠ, ഇടക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ, അസ്വസ്ഥത എന്നിവയെല്ലാം അമിതമായി കഫീൻ കഴിക്കുന്നത് കൊണ്ടുണ്ടാകുന്ന ദോഷവശങ്ങളാണ്.

എന്തായാലും ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ വിപണിയിലെ ഡോക്ടർമാരെ ആശ്രയിക്കാതെ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

Tags:    
News Summary - not green tea, the star is green coffee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.