കോഴിക്കോട്: പാമ്പുകടിയേറ്റാൽ പരിഭ്രാന്തരാകാതെ ശാസ്ത്രീയമായ പ്രഥമശുശ്രൂഷയും ചികിത്സയും ഉറപ്പാക്കണമെന്ന് ആരോഗ്യവിദഗ്ധർ. കടിയേറ്റ വ്യക്തിയെ മാനസികമായി ശാന്തനാക്കുക എന്നതാണ് ആദ്യഘട്ടം. ഭയപ്പെടുന്നത് വിഷം ശരീരത്തിൽ വേഗത്തിൽ പടരാൻ കാരണമാകും. കടിയേറ്റ ഭാഗം അനങ്ങാത്ത രീതിയിൽ സ്പ്ലിന്റ് ചെയ്ത് വയ്ക്കുകയും ശരീരത്തിലുള്ള മോതിരം, മാല, മുറുകിയ വസ്ത്രങ്ങൾ എന്നിവ നീക്കം ചെയ്യുകയും വേണം. മുറിവേറ്റ ഭാഗത്തിന് മുകളിൽ ടൂർണിക്കെറ്റ് അഥവാ കെട്ടുകളിടുന്നത് ഒഴിവാക്കണം. മുറിവിൽ കത്തി ഉപയോഗിച്ച് വരയുന്നതോ, ഐസ്, കെമിക്കലുകൾ, നാട്ടുവൈദ്യങ്ങൾ എന്നിവ പ്രയോഗിക്കുന്നതോ ചികിത്സ സങ്കീർണ്ണമാക്കും. ഇത്തരം സന്ദർഭങ്ങളിൽ വൈദ്യുത ഷോക്ക് നൽകുന്നത് പോലെയുള്ള അപകടകരമായ രീതികൾ പരീക്ഷിക്കരുത്.
കടിയേറ്റ വ്യക്തിയെ എത്രയും വേഗം ആന്റിവിനം സൗകര്യമുള്ള ആശുപത്രിയിൽ എത്തിക്കുകയാണ് വേണ്ടത്. ആശുപത്രിയിൽ രോഗിയുടെ ശ്വസനനിലയും രക്തസമ്മർദ്ദവും നിരീക്ഷിച്ച ശേഷം രക്തപരിശോധനയിലൂടെ വിഷബാധ സ്ഥിരീകരിക്കും. വിഷലക്ഷണങ്ങൾ പ്രകടമായാൽ മാത്രമേ ആന്റിവിനം (എ.എസ്.വി) നൽകുകയുള്ളൂ. പാമ്പുവിഷത്തിന് ലഭ്യമായ ഏക മരുന്ന് ആന്റിവിനമാണ്. ഇത് എത്രയും വേഗം നൽകുന്നത് മികച്ച ഫലം നൽകും. കണ്ണ് മൂടുക, ശ്വാസംമുട്ടൽ, രക്തസ്രാവം, മൂത്രം കറുത്ത നിറത്തിലാവുക, കടിയേറ്റ ഭാഗത്തെ വീക്കം അതിവേഗം കൂടുക എന്നിവ കണ്ടാൽ അതീവ ജാഗ്രത പാലിക്കണം. പാമ്പുകടിയേറ്റാലോ അത്തരത്തിൽ സംശയം തോന്നിയാലോ ഒട്ടും വൈകാതെ വിദഗ്ധ ചികിത്സ തേടണമെന്നും ആരോഗ്യവിഭാഗം ഓർമ്മിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.