പാലിൽ ഡിറ്റർജന്റ് കലർന്നിട്ടുണ്ടോ? മായം കണ്ടെത്താൻ എളുപ്പവഴിയുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി
ദൈനംദിന ജീവിതത്തിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ ആശ്രയിക്കുന്ന പാലിന്റെ പരിശുദ്ധി ഉറപ്പുവരുത്താൻ ലളിതമായ പരിശോധനാ മാർഗവുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ). വിപണിയിൽ ലഭിക്കുന്ന പാലിൽ നുരയും പതയും കൊഴുപ്പും തോന്നിക്കാനായി ഡിറ്റർജന്റുകളും സോപ്പുപൊടിയും ചേർക്കുന്ന പ്രവണത വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ്, ലാബുകളുടെ സഹായമില്ലാതെ വീട്ടിൽ വെച്ചുതന്നെ മായം കണ്ടെത്താനുള്ള നിർദ്ദേശം 'ഈറ്റ് റൈറ്റ് ഇന്ത്യ' സംരംഭത്തിന്റെ ഭാഗമായി എഫ്.എസ്.എസ്.എ.ഐ പങ്കുവെച്ചത്.
വെള്ളം ചേർത്ത് നേർപ്പിച്ച പാൽ കൂടുതൽ കൊഴുപ്പുള്ളതായി തോന്നിപ്പിക്കാനും കൃത്രിമമായി പതയുണ്ടാക്കാനുമാണ് വ്യാപകമായി ഡിറ്റർജന്റുകൾ ദുരുപയോഗം ചെയ്യുന്നത്. രാസവസ്തുക്കൾ കലർന്ന ഇത്തരം പാൽ തുടർച്ചയായി കുടിക്കുന്നത് വയറിളക്കം, കടുത്ത ഉദരരോഗങ്ങൾ, ആമാശയത്തിലെ അണുബാധകൾ എന്നിവയ്ക്കും ദീർഘകാലാടിസ്ഥാനത്തിൽ കരൾ, വൃക്ക സംബന്ധമായ തകരാറുകൾക്കും കാരണമായേക്കാമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഘട്ടം 1: വൃത്തിയുള്ള ഒരു ചെറിയ ഗ്ലാസ് കുപ്പിയിലോ ടെസ്റ്റ് ട്യൂബിലോ തുല്യ അളവിൽ പാലും ശുദ്ധജലവും എടുക്കുക.
ഘട്ടം 2: കുപ്പി നന്നായി അടച്ച ശേഷം കുറച്ചു സമയം ശക്തമായി കുലുക്കുക (Shake vigorously).
നിരീക്ഷണം:- ശുദ്ധമായ പാൽ: കുലുക്കുമ്പോൾ വളരെ നേർത്ത ഒരു പത രൂപപ്പെടുകയും അത് പെട്ടെന്ന് തന്നെ അപ്രത്യക്ഷമാവുകയും ചെയ്യും.
- ഡിറ്റർജന്റ് കലർന്ന പാൽ: സോപ്പുവെള്ളം പതയുന്നത് പോലെ കട്ടിയുള്ളതും കൂടുതൽ സമയം നിലനിൽക്കുന്നതുമായ നുരയും പതയും രൂപപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.